പ്രണയം പറയാൻ സംസാരിക്കേണ്ടതുണ്ടോ? ഇല്ല എന്നാണ് ഈ സംഗീത ആൽബം പറയുന്നത്. ഈ ഭൂമിയിലെ യാതൊന്നിനോടും ഒന്നും മിണ്ടാനുമാകാത്തൊരാൾ. പക്ഷേ ഒരു തിരമാലയുടെ പ്രസരിപ്പോടെയാണ് അയാൾ ജീവിതത്തെ കാണുന്നത്. കടലോരത്തുള്ള യാത്രയ്ക്കിടയിലാണ് അവളെ കണ്ടത്. മുഖത്തൊഴുകിയിറങ്ങിയ ജലപ്പാളികളിലൂടെ...ആദ്യ നോട്ടത്തിൽ തന്നെ ഇഷ്ടമായി. അത്രയേറെ സുന്ദരമായിരുന്നു ആ കണ്ണുകൾ. അവള്‍ അറിയാതെ പ്രണയിച്ചു സ്വപ്നം കണ്ടു പിന്നീടൊരു ദിവസം ആ ഇഷ്ടം തുറന്നു പറയാൻ അവൾക്കരികിലേക്കെത്തി. അപ്പോഴാണ് ആ സത്യം അറിയുന്നത്. പ്രണയത്തിന് അതിരുകളില്ലെന്നു പറയുന്നു ഈ സംഗീത ആൽബം. മനോഹരമാണ് ഈണവും വരികളും കാമറയും. കാതൽ മൊഴി എന്നാണ് സംഗീത ആൽബത്തിന്റെ പേര്.
പ്രശാന്ത് വെങ്കിടേശന്റേതാണ് വരികൾ. പാടിയതും ഈണമിട്ടതും ഗോകുല്‍ ശ്രീകണ്ഠനാണ്. വിമൽ വി നായരുടേതാണ് ആശയവും സംവിധാനവും ഛായാഗ്രഹണവും. അഭിലാഷും രൂപികയുമാണ് അഭിനേതാക്കൾ. ഈണത്തിലെ മനോഹാരിത പോലെ സംഗീത ആൽബം കൈകാര്യം ചെയ്ത വിഷയവും ഛായാഗ്രഹണവും അതിമനോഹരമാണ്.