സിനിമയാണ് ലിജോയുടെ പ്രിയപ്പെട്ട ഇടം. ജോലിത്തിരക്കുകൾക്കിടയിൽ നടക്കാതെ പോയ സിനിമാ പഠനം ആൽബങ്ങൾ ചെയ്തു നേടാമെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്. സമയവും പണവും ഒറ്റയ്ക്കു മുടക്കി ലിജോ തീർത്ത മ്യൂസിക് ആൽബങ്ങൾ രണ്ടും അടുത്തിടെ സമാന്തര സംഗീത രംഗം കണ്ട ഏറ്റവും വലിയ രണ്ടു ഹിറ്റുകളായി. പ്രേ ഫോർ അസും, പൊന്നാതിരയും. ആൽബം യുട്യൂബിലെത്തി മണിക്കൂറുകൾക്കുള്ളിൽ ലക്ഷങ്ങളാണ് ഈ വിഡിയോകള്‍ കണ്ടത്. അഭിനേതാവും നിർമാതാവും സംവിധാനവും നിർവ്വഹിച്ച ആൽത്തിന് കിട്ടിയ പ്രേക്ഷക പ്രതികരണം കണ്ടു ത്രില്ലടിച്ചിരിക്കുന്ന ലിജോ നാലു സംഗീത ആൽബങ്ങളുടെ പണിപ്പുരയിലാണിപ്പോൾ.
മൈ ഡ്രീം എന്നാണ് ആൽബങ്ങൾക്ക് പേരിട്ടത്. ആറു പാട്ടുകളുടെ ആൽത്തിൽ നിന്ന് രണ്ടെണ്ണമാണ് പുറത്തുവന്നത്. കുടുംബത്തിന്റെ നന്മയും പ്രണയത്തിന്റെ നിർമലതയും എല്ലാം ഒന്നുചേർന്ന തീർത്തും വ്യത്യസ്തമായ പ്രമേയങ്ങളിൽ തീര്‍ത്ത ഓരോ പാട്ടുകളും സിനിമയെ വെല്ലും എന്നു തന്നെ പറയണം. പ്രേ ഫോർ അസ് എന്ന പാട്ട് 10 ലക്ഷത്തിലധികവും അഞ്ച് ലക്ഷത്തിലധികം പ്രാവശ്യവുമാണ് യുട്യൂബ് വഴി ആളുകൾ കണ്ടത്.
പ്രേ ഫോർ അസ് 14 ലക്ഷവും പൊന്നാതിരയും ആരാധനയും എട്ടു ലക്ഷം വീതവും ചെലവഴിച്ചാണ് ലിജോ പുറത്തിറക്കിയത്. ഒന്നും തന്നെ വലിയ ലാഭമൊന്നുമില്ല. പക്ഷേ അതിലല്ലോ കാര്യം. സ്വന്തമായി സംവിധാനം പഠിക്കാനിറങ്ങുമ്പോൾ കിട്ടുന്ന അനുഭവം മറ്റൊരിടത്തു നിന്നും കിട്ടില്ലല്ലോ. അതുതന്നെയാണ് ലാഭം നോക്കാതെ സംഗീത ആൽബങ്ങളിലേക്ക് തിരിയാൻ പ്രേരണയായതും ലിജോ പറയുന്നു. മലയാളത്തിൽ ബിജു മേനോനും തമിഴിൽ ഉദയനിധി സ്റ്റാലിനും കേന്ദ്രകഥാപാത്രങ്ങളാകുന്ന രണ്ട് സിനിമകൾ നിർമ്മിക്കാനൊരുങ്ങുകയാണ് ലിജോ.
സിനിമയ്ക്കപ്പുറമുള്ള സംഗീതത്തോട് പ്രേക്ഷകർ ഇത്ര ആവേശത്തോടെ പ്രതികരിക്കുന്നുവെങ്കിൽ അത് സംഗീതത്തിന് നല്ല നാളെകൾ തുറന്നിടുമെന്നുറപ്പാണ്. സിനിമ പഠിക്കാൻ സംഗീത ആൽബങ്ങൾ തയ്യാറാക്കിയ ലിജോ അതാണു തെളിയിച്ചത്.