നടി മഡോണ സെബാസ്റ്റ്യൻ പാടി അഭിനയിച്ച പുതിയ സംഗീത ആൽബം പുറത്തിറങ്ങി. നടി ഉൾപ്പെടുന്ന 'എവർ ആഫ്ടർ' എന്ന മ്യൂസിക് ബാൻഡ് ആണു 'ബൂഗി' എന്ന പാട്ടു തയ്യാറാക്കിയത്. 'വെറുതെ' എന്ന ആൽബത്തിനു ശേഷം ഇവര്‍ പുറത്തിറക്കിയ സൃഷ്ടിയാണിത്. ഡിഎസ്എൽആർ കാമറയും ഐഫോണും ഉപയോഗിച്ചാണ് ആൽബത്തിലെ രംഗങ്ങൾ ചിത്രീകരിച്ചത്. ആൽബം വ്യത്യസ്തമാക്കുവാനാണ് എവർ ആഫ്ടർ ഇത്തരമൊരു കാര്യം പരീക്ഷിച്ചത്. മനു മഞ്ജിത് ആണു വരികൾ.
ചടുലവും വേഗതയേറിയതുമായ ദൃശ്യങ്ങളും കൊണ്ടും ആരുമൊന്നു താളം പിടിച്ചു പോകുന്ന ഈണവുമാണ് വിഡിയോയ്ക്ക്. കാൽപനികമായ വരികളാണു പാട്ടിനുള്ളത്. പോപ് സംഗീതത്തെ അനുസ്മരിപ്പിക്കുന്നതാണ് ഈണവും. സൗഹൃദത്തിന്റെ കാഴ്ചകളെ അതേ സ്വാഭാവികതയോടെയാണു പകർത്തിയത്. നല്ല വരികൾക്കും സംഗീതത്തിനും മഡോണയുടെ മധുരതരമാ ആലാപന ശൈലിയ്ക്കുമപ്പുറം വിഡിയോയിലെ ദൃശ്യങ്ങൾ തീര്‍ക്കുന്നതില്‍ കാണിച്ച സാങ്കേതികത്വവും ക്രിയാത്മകതയും ഏറെ ആകർഷണീയമാണ്. പാട്ടിന്റെ താളം പോലെ മനോഹരമാണ് ഓരോ ഷോട്ടും. പാട്ടിനേക്കാൾ ഈ കാഴ്ചകളെ ഇഷ്ടപ്പെട്ടാലും അത്ഭുതപ്പെടേണ്ടതില്ല.
റോബി എബ്രഹാം, അശ്വിൻ ആര്യൻ, ജോയൽ വർഗീസ് എന്നിവരാണ് ബാൻഡിലെ അംഗങ്ങൾ.
സ്വരൂപ് ഫിലിപ് ആണു ഛായാഗ്രഹണം. ഷജീർ ബഷീർ, മഹേഷ് ആർ എസ് എന്നിവരും കാമറ മികവുറ്റതാക്കുന്നതിൽ പങ്കാളികളായി. അപ്പു.എന്‍.ഭട്ടതിരിയാണ് എഡിറ്റിങ്.