നമ്മുടെ ചില ശീലങ്ങൾ മണ്ണിൽ പാകുന്ന വിപത്തുകൾ ചൂണ്ടിക്കാട്ടുകയാണ് 'ചവർ ' എന്ന സംഗീത ആൽബം. ഋതു രാഗാസിന്റേതാണു ഈ വേറിട്ട സംഗീത സൃഷ്ടി. പ്രകൃതിയോടിണങ്ങി ജീവിക്കാൻ മറന്നുപോയ നമ്മെ ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ് ഈ സംഗീത ആല്‍ബത്തിന്റ താള ഭേദങ്ങള്‍. മാലിന്യങ്ങളെ എവിടേയ്ക്കെങ്കിലും വലിച്ചെറിഞ്ഞും കോണ്‍ക്രീറ്റ് കെട്ടിടങ്ങൾ കെട്ടിപ്പൊക്കിയും സുഖജീവിതത്തിനായി സ്വാർഥ താൽപര്യത്തോടെ മാത്രം ജീവിക്കുന്ന മനുഷ്യരോടു പിന്നിലോട്ടൊന്നു തിരിഞ്ഞു നോക്കാൻ പറയുന്നു ഈ ആവിഷ്കാരം. നമ്മൾ കൊന്ന പുഴകളെ നശിപ്പിച്ച മലകളെ എല്ലാം ഓർമിപ്പിക്കുന്നു ഋതു രാഗാസ്.
മണ്ണിനെ സ്നേഹിക്കുന്ന നല്ല ശീലങ്ങൾ മനുഷ്യരിൽ ഉണരട്ടെയെന്ന് ആഹ്വാനം ചെയ്യുകയാണീ വിഡിയോ. പ്രകൃതി അസ്വാഭാവികമായി പ്രതികരിച്ചു തുടങ്ങിയ കാലം തൊട്ടേ അറിവുള്ളവർ പറഞ്ഞ വാചകങ്ങൾ തന്നെയാണീ പാട്ടിലുമുള്ളത്. നാടിന്റെ താളമുള്ള ഓർക്കസ്ട്രേഷനിൽ ഋതു രാഗാസിലെ ചങ്ങാതികൾ ആ വരികൾ പാടുമ്പോൾ മനസു തൊടും. എം എസ് വിശ്വനാഥ് (വയലിൻ) ,സിൽ വിൻ ലൂയിസ് (ബാസ്സ് ഗിറ്റാർ & ലീഡ് ഗിറ്റാർ ) , ഷിയാസ് കോയ ( ഡ്രംസ് ), ജോൺ വില്യം (കീബോർഡ്, വോക്കൽ ) എന്നിവർ ചേർന്നാണ് ഗാനം ചിട്ടപ്പെടുത്തി പാടിയത്. മിഥുൻ സുന്ദരേഷിന്റേതാണു സംവിധാനവും ഛായാഗ്രഹണവും.
ലോക വിഡ്ഢി ദിനത്തിലാണ് സംഗീത ആൽബം പുറത്തുവിട്ടത്. ബുദ്ധി കൊച്ചി നഗരത്തെ ശുചിത്വമാക്കുക എന്ന ലക്ഷ്യത്തോടു കൂടി കൊണ്ടുവന്ന അൻപൊടു കൊച്ചി എന്ന മുന്നേറ്റവുമായി കൈകോർത്തുകൊണ്ടാണ് സംഗീത ആൽബം എത്തിയത്. ഫോർട്ട് കൊച്ചിയിലെ വാസ്കോ ഡാ ഗാമ സ്‌ക്വയറിൽ വെച്ച് ജില്ലാ കളക്ടർ മുഹമ്മദ് സഫിറുള്ള, കൗൺസിലർ ഷൈനി മാത്യു എന്നിവർ പങ്കെടുത്ത ചടങ്ങിലായിരുന്നു ആൽബം റിലീസ് ചെയ്തത്.