ഹോളിവുഡിൽ സംഗീതമൊരുക്കാൻ യുവൻ ശങ്കർ രാജ

യുവൻ ശങ്കർ രാജ

യുവൻ ശങ്കർ രാജ ശരിക്കും രാജയാകാൻ ഒരുങ്ങുന്നു. അങ്ങ് ഹോളിവുഡിൽ. വൂൾഫെൽ എന്ന അനിമേഷൻ ചിത്രത്തിന് യുവൻ ശങ്കർ രാജ സംഗീതം നൽകും. എ ആർ ‌റഹ്മാന് ശേഷം ഹോളിവുഡിലേക്ക് കുതിക്കുന്ന തമിഴ് സംഗീത സംവിധായകനാണ് ശങ്കർ രാജ. പാട്ടിൽ മാത്രമല്ല ചിത്രത്തിന്റെ സംവിധാനത്തിൽ പോലും ഇന്ത്യൻ‌ സാന്നിധ്യമാണ്. പ്രഭാകരൻ ഹരിഹരൻ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് വൂൾഫെൽ. ചിത്രത്തിന്റെ ആദ്യ ടീസർ അടുത്ത മാസം ഏഴിനെത്തും.

അടുത്തവർഷം നടക്കുന്ന സൺഡാൻസ് ചലച്ചിത്രോത്സവത്തിൽ ചിത്രം പ്രദർശിപ്പിക്കുവാനാണ് ഹരിഹരന്റെ ആഗ്രഹം. ലോകത്തിലെ വരാനിരിക്കുന്ന നാളുകളെ കുറിച്ചുള്ളതാണ് സിനിമ. സങ്കൽപ്പത്തിലുള്ള ലോകത്ത് ജനിക്കുന്ന സിനിമ. എന്തിനേറെ സിനിമയിലെ പ്രധാന കഥാപ്ത്രം തന്നെ ഇവാൻ ഡ്രാഗോ എന്നു പേരിട്ട റോബോട്ട് ആണ്. മനുഷ്യൻ റോബോട്ടുകളായി മാറുന്നതും സമൂഹത്തിലെ രാഷ്ട്രീയ ചുറ്റുപാടിൽ അതിനെ തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളും ചിത്രീകരിക്കുന്നതാണ് സിനിമ.