ഹിറ്റുകളാണ് ഈ ഗായകൻ പാടിയ പ്രണയഗാനങ്ങളെല്ലാം!

'സഖാവ്' ചെഞ്ചുവപ്പൻ‌ തുണിക്കീറ് താലിയാക്കി ചെന്താർമിഴിയുള്ളൊരു പെണ്ണിനെ നല്ലപാതിയാക്കിയ കഥ പാടിയ പാട്ടു കൂടി കേട്ടുകഴിയുമ്പോൾ‌ ഒന്നെഴുതി ചേർക്കാം...

ശ്രീകുമാർ വാക്കിയിൽ‌ എന്ന ഗായകൻ പ്രണയത്തിന്റെ സ്വന്തം പാട്ടുകാരനാണ്. വെള്ളിനിലാവിനോടു തോന്നിയ പ്രണയത്തെ...

മുത്തുമണികളെ പോലെ ചിരിക്കുന്ന ലിച്ചി‌പ്പെണ്ണിന്റെ പ്രണയത്തെ ...അകലേയ്ക്കു പാറിപ്പറന്ന പ്രണയിനിയോടുള്ള സന്ദേശത്തെയെല്ലാം അത്രമേൽ അഴകോടെ നിഷ്കളങ്കതയോടെ പാടിത്തന്ന പാട്ടുകാരനെ മറ്റെന്തു വിളിക്കാനാണ്എത്ര റൊമാന്റിക് ആണ് ആ സ്വരം. പ്രത്യേകിച്ച് പാട്ടിന്റെ വരികളിലൊരു പഴയ പ്രണയത്തിന്റെ പഞ്ചാരത്തുണ്ടു കൂടിയുണ്ടെങ്കിൽ പറയുകയേ വേണ്ട. ഉളളിലേക്കങ്ങു പാടിക്കയറി‌ക്കളയും. വരികളുടെ ആത്മാവിനെ അതിനു നൽകിയ ഈണവഴികളെ സ്വപ്നങ്ങളാൽ തീര്‍ത്ത പട്ടം പോലെയാക്കി ഹൃദയങ്ങളിലേക്കു പാറിപ്പറത്തിക്കളയും....

കൽപ്പടവിൽ നിന്നു നോക്കിയാൽ കുളത്തിനു നടുവിലൊരു പുതിയ നീലത്താമര വിരിഞ്ഞു ചിരി തൂകി നിന്നാൽ മനസിലെ ആഗ്രഹം സാധിക്കുമെന്ന് വിശ്വസിച്ച ആ പാവം പൊട്ടിപ്പെണ്ണിന്റെ പാട്ട്...

നീലത്താമരേ...

നിനക്ക് എന്നെ കെട്ടി എന്റെ പിള്ളേരുടെ അപ്പനാവണോ അതോ പള്ളീലച്ചനാവണോ എന്നു ചോദിച്ച കുസൃതിക്കാരി തന്റേടിപ്പെണ്ണ് ശോശന്നയുടെ പാട്ട്

ഈ സോളമനും ശോശന്നയും...

പെപ്പെയുടെ പ്രണയങ്ങളെ  നെഞ്ചോടുചേർത്ത നല്ല ചിരിയുളള ലിച്ചിയുടെ പാട്ട്

ദോ നൈന

പിന്നെയിപ്പോൾ സഖാവിന്റെ പെണ്ണിന്റെ...ഒക്കെ പാട്ടായി മാറിയ മധുമതിയെ....എല്ലാത്തിലേയും ആൺസ്വരം ശ്രീകുമാർ വാക്കിയിലാണ്. കൊഞ്ചലും കുസൃതിയും പ്രണയവും ഒന്നുചേർന്ന സ്വരഭംഗി. 

സോപാന സംഗീതത്തിൽ അഗ്രഗണ്യനായിരുന്ന അച്ഛന്റെ പാട്ടു കേട്ടാണ് ശ്രീകുമാർ പാടിത്തുടങ്ങിയതെന്നു പറയാം. കഥകളി സംഗീതജ്ഞനായ അച്ഛനു കീഴിൽ ഏഴാം വയസിലേ സംഗീതാഭ്യാസം ആരംഭിച്ചു. ഹിന്ദുസ്ഥാനിയും കർണാടിക് സംഗീതവും പിന്നീടു സ്വായത്തമാക്കി. സരിഗമപ എന്ന റിയാലിറ്റി ഷോയായിരുന്നു ശ്രീകുമാറിന്റെ ആദ്യ പാട്ടിടം. ശ്രേയ ഘോഷാലിനേയും അരിജിത് സിങിനേയും ഇന്ത്യൻ സിനിമയ്ക്കു പരിചിതമാക്കിയ സംഗീത പരിപാടിയിലെ 2003ലെ ജേതാവ് ശ്രീകുമാറായിരുന്നു. സിനിമയിലെത്തും മുന്‍പേ ഇന്ത്യ മുഴുവൻ ഏറ്റെടുത്തൊരു കുഞ്ഞൻ‌ പാട്ടിലെ പാട്ടുകാരനാകാനായി ശ്രീകുമാറിന്. പപ്പു പാസ് ഹോ ഗയാ...എന്ന പരസ്യ ഗാനം ഓർമയില്ലേ. അമിതാഭ് ബച്ചൻ അഭിനയിച്ച കാ‍ഡ്ബറി പരസ്യം. അതിലെ പാട്ടുകാരന്‍ ശ്രീകുമാറാണ്. 

മുല്ല എന്ന ചിത്രത്തിലെ കനലുകളാടിയ എന്നു തുടങ്ങുന്ന ഗാനം സുജാത മോഹനോടൊപ്പം പാടിയാണ് ശ്രീകുമാർ മലയാളത്തിലെത്തുന്നത്. മുല്ലപ്പൂ മണമുളള പ്രണയപ്പാട്ടുകളുടെ സ്വരമാകാനുള്ള തുടക്കം അവിടെ നിന്നായിരുന്നു.  ഒമ്പതു വർഷത്തിനിടയിൽ പതിനഞ്ചോളം മലയാളം ഗാനങ്ങളേ ശ്രീകുമാര്‍ പാടിയിട്ടുള്ളൂ. അവയോരോന്നും നെഞ്ചോട് അലിഞ്ഞു ചേർന്നുറങ്ങി ഇടയ്ക്കിടെ പാടിയുണരാറുമുണ്ട്. എത്ര കേട്ടാലും മതിവരാത്തൊരു സ്വരമായതുകൊണ്ടു തന്നെയാണത്. 

മലയാളത്തിൽ ശ്രീകുമാർ പാടിയതിലധികവും പ്രശാന്ത് പിള്ളയുടെയും വിദ്യാസാഗറിന്റെയും ഈണങ്ങളിലായിരുന്നു. പ്രത്യേകിച്ച് പ്രശാന്ത് പിള്ളയുടെ. തന്നെ ഏറ്റവുമധികം സന്തോഷിപ്പിക്കുന്ന ഈണങ്ങളേ  പ്രേക്ഷകർക്ക് കേൾക്കാൻ കൊടുക്കുകയുള്ളൂ എന്ന വാശിയുള്ള സംഗീത സംവിധായകൻ പ്രശാന്ത് പിള്ളയുടെ പ്രിയപ്പെട്ട പാട്ടുകാരൻ. ശ്രീകുമാറിനെ പോലെ ചെറിയ ‌ഇടവേളകളിലാണു പ്രശാന്ത് പിള്ള മലയാള ചിത്രങ്ങൾക്കു ഈണമൊരുക്കുന്നത്. അപ്പോഴൊക്കെ ശ്രീകുമാറിനു പാട്ടുണ്ടാകും. പാട്ട് വൈറലാകുമോയെന്ന് ആശങ്കയില്ലാത്ത സംഗീത സംവിധായകൻ തന്ന പാട്ടുകൾ പാടിയപ്പോഴെല്ലാം അതു വൈറലായി എന്നതു മറ്റൊരു കാര്യം. പാട്ടിന്റെ ഈണങ്ങളിലെ ശങ്കര്‍-ഇഷാൻ-ലോയ് സഖ്യം, ശന്തനു മൊയിത്ര, രഞ്ജിത് ബാരോട്ട്, ഇസ്മയിൽ ദർബാർ എന്നിവരുടെ ഈണങ്ങളിലും ശ്രീകുമാർ പാട്ടുകൾ ആലപിച്ചു. ഒരു പ്രത്യേക തരം സംഗീതമാണു പ്രശാന്ത് പിള്ളയുടേത്. വാക്കുകള്‍ക്കപ്പുറമാണ് അതിനുള്ള വർണന. അത്രത്തോളം തന്നെ തലപ്പൊക്കമുണ്ട് ശ്രീകുമാറിന്റെ ആലാപന ശൈലിയ്ക്കും. സിറ്റി ഓഫ് ഗോഡിലെ നീ അകലെയാണോ എന്ന പാട്ട് ഈ പറച്ചിലിനൊരു മികച്ച ഉദാഹരണമാണ്. 

അങ്കമാലി ഡയറീസ് എന്ന ചിത്രത്തിൽ ശ്രീകുമാർ പാടിയ ഒരു പാട്ടിന്റെ വരികൾ ഇങ്ങനെയാണ്...

അയലത്തെ പെണ്ണിന്റെ ഉള്ളിൽ വന്നു

പള്ളിപ്പെരുന്നാള് കൂടി

പിന്നെ ആരാരും കാണാതെ 

നെഞ്ചിൽ മറന്നിട്ട തൂവാല വാങ്ങി....ഈ വരികൾ കേൾക്കുന്ന അത്രയും തന്നെ സുഖമുണ്ട് ശ്രീകുമാർ പാടിയ ഓരോ ഗാനങ്ങൾക്കും. 

ആമേൻ എന്ന ചിത്രത്തിലെ ഈ സോളമനും ശോശന്നയും എന്ന ഗാനം, നീലത്താമരയിലെ അനുരാഗ വിലോചനനായി അങ്കമാലി ഡയറീസിലെ ദോ നൈന...ഇവയെല്ലാം മലയാള സംഗീത ചരിത്രത്തിലെ എക്കാലത്തേയും വലിയ ഹിറ്റ് ഗാനങ്ങളാണ്. വരികളുടെ ആത്മാവറിഞ്ഞ്, ഈണത്തിനുള്ളിലെ ഈണമറിഞ്ഞ് പാടുക എന്നു പറയാറില്ലേ...അതാണു ശ്രീകുമാർ ചെയ്യുന്നതും. ശ്രീകുമാർ എന്ന ഗായകനെ അറിയാവുന്നതിനേക്കാളേറെ പരിചിതമാണ് നമുക്ക് അദ്ദേഹത്തിന്റെ ഓരോ ഗാനങ്ങളും. 

‍സിനിമയ്ക്കപ്പുറമുളള പാട്ടു ലോകത്തും സജീവമാണ് ശ്രീകുമാർ. പോയവർഷം നടന്ന പ്രീമിയർ ബാഡ്മിന്റൺ ലീഗിൽ ബംഗലുരു ടോപ് ഗൺസിനു വേണ്ടി തയ്യാറാക്കിയ ഗാനം വൻ ഹിറ്റ് ആയിരുന്നു. സോപാന സംഗീതത്തിന്റെ രാഗാർദ്രതയിലേക്കു സംഗീതാസ്വാദകരെയെത്തിക്കാൻ അച്ഛൻ സദനം രാജഗോപാലനോടൊപ്പം തുടങ്ങിയൊരു ബാൻഡുമുണ്ട്. 

പ്രണയവും കൗതുകവും ഓർ‌മകളും ചേർന്ന കുറേ ഈണങ്ങളുടെ സ്വരമാകുവാനും അത് പ്രേക്ഷകനെ ഓർമകളിലേക്കും പുതിയ ആസ്വാദന തലങ്ങളിലേക്കുമെത്തിക്കുവാൻ ഓരോ ഗാനങ്ങളിലൂടെയും ശ്രീകുമാറിനു കഴിയുന്നു...

പണ്ടെങ്ങോ കളഞ്ഞു പോയൊരു െവള്ളി പാദസരത്തെ സ്വപ്നം കാണുന്ന നിമിഷത്തെ... കുഞ്ഞു സ്കൂൾ കാലത്ത് അടുത്തിരുന്ന കൂട്ടുകാരൻ വരച്ചൊരു കളർ പെൻസിൽ ചിത്രത്തെ വീടിനൊരു മൂലയിൽ നിന്നു തിരികെ കിട്ടും നേരത്തെ...ആദ്യമായി പ്രണയം തുറന്നയാൾ സമ്മാനമായി തന്ന കുഞ്ഞു മയിൽ പീലിയെ പഴയ പുസ്തകതാളിൽ വീട്ടിൽ കണ്ടും മുട്ടും നേരത്തെയൊക്കെ അനുഭൂതിയാണ് അന്നേരത്തെ വികാരത്തെയൊക്കെയാണ് ഈ സ്വരം തൊട്ടുണർത്തുന്നത്..