Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അങ്കമാലി ഡയറീസ്: കട്ട ലോക്കൽ, കട്ട സിമ്പിള്‍, കട്ട ഫീലിങ്

prasanth-pillai-angamaly-diaries

എ.ആർ. റഹ്മാന്റെ ശിഷ്യ ഗണത്തിലൊരാളാണ് പ്രശാന്ത് പിള്ളയും. ഒരു സംഗീത ശൈലിയോടും വിയോജിപ്പുകളില്ലാത്ത, അനസ്യൂതമായ സംഗീത പരീക്ഷണങ്ങളുടെ ഇടമാണ് എ.ആർ. റഹ്മാൻ എന്ന സംഗീത വിപ്ലവം. ആ ആവേശവും കൗതുകവും പരീക്ഷണങ്ങള്‍ക്കു മുതിരാനുള്ള ആത്മധൈര്യവും പ്രശാന്ത് പിള്ളയിലുമുണ്ട്. ഫാന്റസിയും യാഥാർഥ്യവും ഇടകലർന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രങ്ങളിൽ, അതേ താളത്തിലും ഗതിവിഗതികളിലുമുള്ള രസകരമായ സംഗീതം സൃഷ്ടിക്കുവാൻ പ്രശാന്തിനു സാധിച്ചതും അതുകൊണ്ടാകും. അങ്കമാലി ഡയറീസ് ആണ് ഈ കൂട്ടത്തിൽ ഏറ്റവുമൊടുവിലത്തേത്. അങ്കമാലിക്കാരന്റെ ജീവിതം സിനിമയുടെ കാഴ്ചഭംഗിയിൽ എഴുതിയ അങ്കമാലി ഡയറീസ്. ബാല്യം മുതൽ ഒപ്പമുള്ളൊരു ചങ്ങാതിയോടൊപ്പം എങ്ങോട്ടെന്നില്ലാതെ യാത്ര പോയൊരു രാത്രിയിലെപ്പോഴോ ഓർത്തെടുത്തൊരു പഴങ്കഥയുടെ സുഖമുള്ള സിനിമ. അതിലെ സംഗീതത്തിനും അതേ അനുഭൂതി. നെഞ്ചോടു ചേർന്നിരിക്കുന്നതെന്നു പറഞ്ഞാൽ അതും വെറുംവാക്കോ അതിശയോക്തിയോ അല്ല. അടുത്തിടെയിറങ്ങിയ പാട്ടുകളിൽ മറ്റൊരു പാട്ടിനെക്കുറിച്ചും ഇത്രയേറെ ആത്മവിശ്വാസത്തോടെ ഇങ്ങനെയൊരു വിശേഷണം എഴുതാനാവില്ല.

മലയാളികളുടെ കാതുകൾക്ക് അത്ര പരിചിതമല്ലാത്ത ഒരു സംഘം സംഗീതക്കോപ്പുകളുടെ മൂളലും ആർത്തലയ്ക്കലും കൊഞ്ചലും വിതുമ്പലുമെല്ലാമുള്ള ഓർക്കസ്ട്രേഷനും കഥയോടു‍ ചേർന്നു നിൽക്കുന്ന സംഗീതവും. വാക്കുകൾക്കതീതമായ ‌ഭംഗിയുണ്ട് അങ്കമാലി ഡയറീസിലെ ഓരോ പാട്ടിനും. ദോ നൈനയും അയലത്തെ പെണ്ണും തീയാമ്മയും അങ്കമാലിയും ഉൾപ്പെടുന്ന ആൽബത്തിലെ ഒമ്പതു പാട്ടുകളും എത്ര കേട്ടാലും കൗതുകവും കൊതിയും തീരില്ല.

പുതിയ സ്വരങ്ങളെ തന്റെ സംഗീത പരീക്ഷണങ്ങളിൽ കൂട്ടുചേർക്കാനോ നമ്മെ അതിശയിപ്പിക്കുന്ന തരത്തിൽ ഗായകരെ തിരഞ്ഞെടുക്കാനോ അവരെ ഒരു പാട്ടിൽത്തന്നെ ഒന്നിപ്പിക്കാനോ പ്രശാന്ത് പിള്ളയ്ക്ക് ഒരു മടിയുമില്ല. ആമേനിനും ഡബിൾ ബാരലിനും ശേഷം ലിജോ ജോസ് പെല്ലിശ്ശേരിക്കൊപ്പം പ്രശാന്ത് പിള്ള ഒന്നിച്ച ചിത്രത്തിലെ പാട്ടുകളിലും കാണാനാകും ഈ ചങ്കൂറ്റം. സിനിമയെ അകലെ നിന്നു കണ്ടിട്ടുള്ള അങ്കമാലി പ്രാഞ്ചിയെന്ന സാധാരണക്കാരന്റെ പേര് അങ്കമാലി ഡയറീസിന്റെ ക്രെഡിറ്റ് ലൈനിൽ ഉൾപ്പെട്ടത് അങ്ങനെയാണ്. അദ്ദേഹം പാടിയ തീയാമ്മയും അങ്കമാലിയും താനാ ധിനയും അങ്കമാലിയുടെ ജീവിതതാളത്തെയാണു വരച്ചിട്ടത്. ആ നാട്ടുകാർ പാടി വന്ന പാട്ടുകൾ. അങ്കമാലി പ്രാഞ്ചി ആ പ്രാന്തപ്രദേശങ്ങളിൽ എത്രയോ കാലമായി പാടി നടക്കുന്നയാളാണ്. ലിജോയുടെ തിരഞ്ഞെടുപ്പായിരുന്നു അങ്കമാലി പ്രാഞ്ചി. പ്രാഞ്ചി പാടിയ മൂന്നു പാട്ടുകളിലും വ്യത്യസ്തമായ മൂന്ന് ആലാപന ശൈലികൾ കാണാം. ഇതിലേതാണ് അദ്ദേഹത്തിന്റെ മാസ്റ്റർ പീസ് എന്നു ചോദിച്ചാൽ തിരഞ്ഞെടുപ്പ് ബുദ്ധിമുട്ടാകും .

theeyamme-live

പള്ളിപ്പെരുന്നാളുകളിൽ കേട്ടു വന്ന താളങ്ങൾക്കു സമാനമായ സംഗീതമായിരുന്നു "അങ്കമാലി" എന്ന പാട്ടിന്. സിനിമ തുടങ്ങുന്നതു തന്നെ ഈ പാട്ടിലൂടെയാണ്. 'താനാ ധിന'യും 'തീയാമ്മ'യും മണ്ണിന്റെ താളമുള്ള ഗാനങ്ങളാണ്. അങ്കമാലിയിലെ ചായക്കടകളിലും കവലകളിലും കല്യാണവീടുകളിലും മറ്റ് ആഘോഷങ്ങളിലുമൊക്കെ ഇഴചേർന്നു കിടക്കുന്ന താളങ്ങളെല്ലാം ഈ മൂന്നു പാട്ടിലും പ്രശാന്ത് പിള്ള ലയിപ്പിക്കുകയിരുന്നുവെന്നു വേണം കരുതാൻ. അവ ഭൂമിയുടെ ആഴങ്ങളിലേക്കു വേരൂന്നി നിൽക്കുന്ന ഈണങ്ങളാകുന്നതും അതുകൊണ്ടാണ്. ലളിതവും ചടുലവുമായതുകൊണ്ടു തന്നെ ഒറ്റ കേൾവിയിൽ ഈ പാട്ടുകൾക്കൊപ്പം കൂടിപ്പോകും നമ്മൾ. താനാ ധിനയ്ക്കും തീയാമ്മയ്ക്കും ഫെബിൻ പൗലോസും ജോയ് ചിറയ്ക്കലും ചേർന്നു പാടിയ ബാക്കിങ് വോക്കലും ഗംഭീരം. ഇവരും അങ്കമാലിക്കാരാണ്.

അങ്കമാലിയുടെ മണ്ണിലലിഞ്ഞു ചേർന്ന സംഗീതത്തെ സ്റ്റുഡിയോയുടെ സൗകര്യങ്ങളിലിട്ട് പൊളിച്ചെഴുതി, ഒട്ടും വെള്ളം ചേർക്കാതെ അങ്കമാലിക്കാരന്റെയും പിന്നെ മണ്ണിന്റെ മണമിഷ്ടപ്പെടുന്ന ഓരോ പച്ചയായ മനുഷ്യന്റേയും ഹൃദയത്തോടു ചേർന്നു നിൽക്കുന്ന പാട്ടുകളാക്കി മാറ്റുകയായിരുന്നു പ്രശാന്ത് പിള്ള. പാട്ടു കേട്ട് കുറച്ചു കഴിയുമ്പോൾ നമ്മളും അറിയാതെ താളം പിടിച്ചു പോകും. പിന്നെ ആ രസം അനുഭവിക്കാൻ വീണ്ടും കേൾക്കും. ആ വരികൾ പോലെ നിഷ്കളങ്കമായ സംഗീതമാണീ മൂന്നു പാട്ടിനും.

തന്റെ ഈണങ്ങളിൽ സ്ഥിരം പാടാറുള്ള അനിയത്തി പ്രീതി പിള്ളയും ചങ്ങാതി ശ്രീകുമാർ വാക്കിയിലുമാണ് മറ്റു ഗായകർ.
അയലത്തെ പെണ്ണ് എന്ന പാട്ടിനു വരികൾ പി.എസ്. റഫീഖിന്റേതാണ്. കാലമെത്ര ചെന്നാലും മറക്കാത്തൊരു പള്ളിപ്പെരുന്നാളുപോലെയാണ് പ്രണയമെന്നും പെരുന്നാളിനു മിന്നുന്ന വിളക്കുകളുടേതു പോലുള്ള ചന്തമാണ് അതിനെന്നും പറഞ്ഞ വരികൾ പാടിയത് ശ്രീകുമാർ വാക്കിയിലാണ്. നായക നടനായ ആന്റണി വർഗീസ് തന്റെ കഥാപാത്രത്തിന്റെ ആദ്യ പ്രണയത്തെക്കുറിച്ചു പറയുന്ന വരികളോടെയാണ് പാട്ടു തുടങ്ങുന്നത്. കവിത പോലുള്ള ഗദ്യ ഭാഗം അതേ അനുഭൂതിയുള്ള പാട്ടിനൊപ്പം ചേരുമ്പോൾ കേൾക്കാനൊരുപാടു രസമുണ്ടാകുമല്ലോ. കതകിൽ തട്ടുന്ന ശബ്ദവും ചൂടു ചട്ടിയിലിട്ട് കപ്പയും മുട്ടയും ഇളക്കുന്ന താളവും ചേർത്തുള്ള ഓർക്കസ്ട്രേഷനോടെയുള്ള തുടക്കത്തിനു കയ്യടിക്കണം. ഇത്രയേറെ രസകരമായൊരു ഈണം അടുത്ത കാലത്തിറങ്ങിയൊരു പ്രണയഗാനത്തിനുമില്ല. രാജേഷ് ചേർത്തലയുടെ പുല്ലാങ്കുഴലും പ്രകാശ് ഉള്ളേരിയുടെ ഹാർമോണിയവും സൃഷ്ടിക്കുന്ന വിശുദ്ധമായ നാദധാരയിൽ അലിഞ്ഞ് ഭാവാർദ്രമായി ശ്രീകുമാർ വാക്കിയിലും പാടിയിരിക്കുന്നു.

ദോ നൈയ്ക്കും ലാ വെട്ടം എന്ന പാട്ടിനും ഒരേ ഈണണാണ്. ദോ നൈ ഹിന്ദിയും ലാ വെട്ടം അതിന്റെ മലയാളവും. പ്രശാന്ത് പിള്ള ശ്രേണിയിലെ ക്ലാസിക് ഗാനങ്ങളിൽപ്പെട്ടവ. ഹിന്ദി വരികൾ പ്രീതിയും മലയാളം വരികൾ പി.എസ്.റഫീഖുമാണു കുറിച്ചത്. പ്രീതിയും ശ്രീകുമാർ വാക്കിയിലും വെവ്വേറെയായി ഈ പാട്ടുകൾ പാടിയിട്ടുണ്ട്.

നീലനിലാവിന്റെ ആലസ്യത്തിൽ കിടക്കുന്ന പുഴയോരത്തെ ഒരു കുഞ്ഞുപൂവിനോട് ചന്ദ്രനു തോന്നുന്ന പ്രണയം എന്നൊക്കെയുള്ള കവി ഭാവനകൾ യാഥാർഥ്യങ്ങളാണെന്നു തോന്നിപ്പിക്കുന്ന പാട്ടെഴുത്താണ് പി.എസ്. റഫീഖിന്റേത്. പ്രശാന്തിന്റെ ഈണവും അതുപോലെ നിർമലമാണ്. മലയാള ഭാഷ അത്രകണ്ടു പരിചയമില്ലാത്തൊരു സംഗീത സംവിധായകനാണ് ഒരു നാടിന്റെ ആത്മാവു തൊട്ട പാട്ടുകൾക്ക് സുന്ദരമായ സംഗീതം നൽകിയതെന്നോർക്കണം. അങ്കമാലി ഡയറീസിന്റെ പശ്ചാത്തല സംഗീതത്തിലും പ്രശാന്ത് പിള്ളയെന്ന സംഗീത സംവിധായകന്റെ പ്രതിഭ കാണാം. ഒരു നാടിന്റെ സംഗീത പാരമ്പര്യത്തിന്റെ വീണ്ടെടുപ്പ് കൂടിയായിരുന്നു അങ്കമാലി ഡയറീസിൽ പ്രശാന്ത് പിള്ള നിറവേറ്റിയത്. ആവർത്തനങ്ങൾ കേട്ടു കേട്ടു മടുത്ത കാതുകളോട്, ഇനിയുമെത്രയോ ഈണങ്ങൾ നിങ്ങൾക്കു കേൾക്കാനുണ്ടെന്നുകൂടി പറയുകയാണ് പ്രശാന്തിന്റെ പാട്ടുകൾ.

Your Rating: