അങ്കമാലിക്കാരന്റെ ജീവിതവും ക്യാംപസിന്റെ ആവേശവും സ്വപ്നത്തിന്റെ അതിരില്ലായ്മയും ഒപ്പിയെടുത്ത മൂന്നു ചിത്രങ്ങൾക്കു പിന്നാലെയാണ് മലയാളത്തിന്റെ ആസ്വാദക മനസ്. ലിജോ ജോസ് പെല്ലിശേരിയുടെ അങ്കമാലീ ഡയറീസും ടോം ഇമ്മട്ടിയുടെ ഒരു മെക്സിക്കൻ അപാരതയും ശ്രീകാന്ത് മുരളിയുടെ എബിയും. കഥാപാത്രങ്ങളുടെ ഭാവാഭിനയവും പ്രമേയത്തിലെ ആവേശവും നേരും മാത്രമല്ല എഡിറ്റിങിലെ ബുദ്ധിയും വിഭിന്നതകൾ തേടിയുള്ള കാമറയുടെ യാത്രകളും മാത്രമല്ല, ഈ ചിത്രങ്ങളിലെ പാട്ടുകളും പ്രേക്ഷകരുടെ നെഞ്ചിനുള്ളിൽ ചേക്കേറിക്കഴിഞ്ഞു.
സംഗീതം പുതുമയുള്ളതും വ്യത്യസ്തവും മനോഹരവുമാകണമെന്ന ആപ്തവാക്യത്തെ അന്വർഥമാക്കി ഇരുചിത്രങ്ങളിലും സംഗീത സംവിധായകരും. ലിജോ ജോസ് പെല്ലിശേരിയുടെ വിചിത്രമായ, കാമ്പുള്ള ചിന്താഗതികളിൽ പിറവികൊണ്ട മറ്റൊരു ചിത്രത്തിൽ വീണ്ടും
പ്രശാന്ത് പിള്ള സംഗീതത്തിനു പുതിയ മാനങ്ങൾ നൽകിയിരിക്കുന്നു. ക്യാംപസിന്റെ ആവേശവും എത്ര കേട്ടാലും മതിവരാത്ത സൗഹൃദത്തിന്റെ കഥക്കൂട്ടുകളും കലർന്നു തിളച്ചു മറിഞ്ഞ ടോം ഇമ്മട്ടിയുെട ചിത്രത്തിന് അതേ മാനറിസങ്ങളുള്ള സംഗീതമാണ് നവാഗതനായ മണികണ്ഠൻ അയ്യപ്പ പകർന്നത്. എബിയിൽ ബിജിബാൽ ഈണമിട്ട സംഗീതത്തിന് ഇതിനോടകും മലയാളി അംഗീകരിച്ച സംഗീത സംവിധാനത്തിന്റെ സ്പർശവുമുണ്ട്.
അങ്കമാലിയിലെ തനി നാടൻ ജീവിതം അതേ ഭാവപ്പകർച്ചയോടെ സിനിമാറ്റിക് ബ്യൂട്ടിയോടെ കൈകാര്യം ചെയ്ത അങ്കമാലീ ഡയറീസിന് സംവിധായകൻ കൊടുത്ത ടാഗ് ലൈൻ കട്ട ലോക്കൽ എന്നാണ്. ഒരു മനുഷ്യൻ എത്രമാത്രം പ്രാദേശികനാകുന്നുവോ അത്രമേൽ ലോകത്തിനു മാതൃകയും സ്വീകാര്യനുമാകുന്നുവെന്നു പറയുന്ന പോലെ ഇവിടത്തെ സംഗീതവും തനിനാടനാണ്. അയലത്തെ പെണ്ണിന്റെ ഉള്ളിൽ പള്ളിപ്പെരുന്നാളു കൂടാൻ പോയി പ്രണയം പങ്കിട്ട ചെക്കനും അതിനു ശേഷമുള്ള അവന്റെ ജീവിതവും അവന്റെ നാടിന്റെ തുടിപ്പുകളുമെല്ലാം പാട്ടുകളിലുണ്ട്. സിനിമയുടെ തിരക്കഥയോട് അത്രമേൽ ഇഴചേർന്നിരിക്കുന്ന പാട്ട് ഒരേസമയം സിനിമയുടെ ആരാധകരുടെയും ആരാധകരല്ലാത്തവരുടെയും പ്രിയം നേടുന്നു. വെറും ഇഷ്ടമല്ല, നെഞ്ചിലൊരു വല്ലാത്ത സുഖം തോന്നുന്ന ഇഷ്ടം. ശ്രീകുമാര്‍ വാക്കിയിലും അങ്കമാലി പ്രാഞ്ചിയും ചേര്‍ന്നു പാടിയതാണു പാട്ടുകള്‍. വരികൾ അങ്കമാലിക്കാരന്‍ ഒരുപാടു കാലമായി കേട്ടുവരുന്നതും പിന്നെ പി.എസ് റഫീഖ് കുറിച്ചതും.
അയലത്തെ പെണ്ണിൽ ഉള്ളിൽ വന്നു
പള്ളിപ്പെരുന്നാളു കൂടി
പിന്നെ ആരാരും കാണാതെ നെഞ്ചിൽ
മറന്നിട്ട തൂവാല വാങ്ങി
മാനത്തെ ചന്ദ്രന്റെ വീട്ടിൽ ചെന്നു
പാതിര കല്യാണം കൊണ്ടാടി...എന്ന വരികൾ പോലെ കൗതുകമുള്ള ഒരുപക്ഷേ അതിനുമപ്പുറമുള്ളൊരു പേരറിയാ വികാരത്തിന്റെ രസപ്പകര്‍ച്ചയുള്ള ഈണങ്ങള്‍. യാത്രകളിലും ആറ്റുവക്കിലെ വെറുതെയിരുപ്പ് നേരത്തും വയലിൻ മുകളിലെ കലുങ്കിലിരുന്നു തീവണ്ടിയാത്ര കാണും നേരവും രണ്ടെണ്ണമടിച്ചിട്ട് കൂട്ടുകാരനൊപ്പം പഴയകാലം ഓർത്ത് ഉല്ലസിച്ചിരിക്കും നേരവും എന്നോ മറന്നതും ഇപ്പോൾ കൂടെയുള്ളതുമായ പ്രണയാനുഭവങ്ങളെ ഓർത്തെടുക്കും നേരവും കൂടെക്കൂട്ടാവുന്ന പാട്ടുകൾ. ദോ നൈന എന്നതും അയലത്തെ പെണ്ണും ആ വികാരമാണു പ്രേക്ഷകര്‍ക്കു പകരുന്നത്. ഈ സിനിമയിലെ തന്നെ മറ്റൊരു ഗാനമായ തീയാമ്മ നമ്മൾടെ നാടിന്റെ തുടിപ്പുകളുള്ളൊരു പാട്ടിനെ ഓർമപ്പെടുത്തുന്നു. അതേ നിഷ്കളങ്കതയോടെയാണ് അങ്കമാലിക്കാരനായ പ്രാഞ്ചി ഈ പാട്ടു പാടിയിരിക്കുന്നത്. അങ്കമാലീ ഡയറീസിലെ കുഞ്ഞും വലുതുമായ എല്ലാ ഗാനങ്ങളും നമുക്കൊരുപാടൊരുപാടു പ്രിയങ്കരമായി.
ഒരുതരം ത്രസിപ്പാണ് മെക്സിക്കൻ അപാരതയിലെ പാട്ടുകൾക്ക്. പ്രണയഗാനമായ ഇവളാരോയിലെ വരികൾ കാൽപനികമാകുമ്പോഴും അതിലെ ഓർക്കസ്ട്രയിൽ പരീക്ഷണങ്ങളും ചടുലതയും ചേർത്തിരിക്കുന്നു സംഗീത സംവിധായകനായ മണികണ്ഠൻ അയ്യപ്പ. ഏറെ വെല്ലുവിളികളും മത്സരങ്ങളും നിറഞ്ഞ മലയാള സംഗീതത്തിൽ ചുവടുറപ്പിക്കുവാൻ ഒരു നവാഗത സംവിധായകൻ പുലർത്തേണ്ട സൂക്ഷ്മതയും അന്വേഷണവുമാണ് ഈ ഈണങ്ങളെ പ്രസക്തമാക്കിയത്. ആകാശക്കുടയും ഇവളാരോയും കലിപ്പ് കട്ട കലിപ്പ് എന്നീ പാട്ടുകൾ യുവതയുടെ ഹരമായി മാറിക്കഴിഞ്ഞു. സിനിമയിലെ മറ്റൊരു ഗാനമായ ഏമാൻമാരേ എന്ന പാട്ടിന് ഈണമിട്ടത് രഞ്ജിത് ചിറ്റാഡെയാണ് ഇത് ഏറെ സമകാലീന പ്രസക്തിയുള്ള പാട്ടു കൂടിയാണ്. പ്രത്യേകിച്ച് ഇന്നലെ മറൈൻ ഡ്രൈവിൽ ശിവസേന അഴിച്ചുവിട്ട സദാചാര ഗുണ്ടായിസത്തിനും അതിനു കൂട്ടുനിന്ന പൊലീസിനുമുള്ള നല്ല കലക്കൻ മറുപടി.
എബിയിലെ ഒന്നുറങ്ങി എന്ന പാട്ട് അതിസുന്ദരമായൊരു മെലഡിയാണ്. മികവിന്റെ കൂട്ടുകെട്ടായ റഫീഖ് അഹമ്മദ്-ബിജിബാൽ സംഘത്തിന്റെ മറ്റൊരു പാട്ട്. സിനിമയുടെ പുതുമയുള്ള പ്രമേയത്തിന് ഉറങ്ങിയെഴുന്നേൽക്കും നേരം അറിയുന്ന പ്രസരിപ്പിന്റെ സ്പർശമുള്ള ഗാനം. വിനീതിന്റെയും സരിത റാം എന്ന പുതു സ്വരത്തിന്റെയും ശബ്ദത്തിലൂടെ പാട്ട് ഒരുപാട് പ്രിയപ്പെട്ടതായി.