ഒരു മെക്സിക്കൻ അപാരത എന്ന ചിത്രത്തിലെ ഓരോ ഗാനങ്ങളും തീയറ്ററിൽ ആവേശപ്പെരുമഴയാണു തീര്‍ത്തത്. പ്രത്യേകിച്ച് മുന്നേറാൻ സമയമായ് സഖാക്കളേ എന്ന പാട്ട്. സിനിമ കണ്ടവർക്കും പാട്ടു കേട്ടിഷ്ടപ്പെട്ടവരുമൊക്കെ അതിന്റെ ദൃശ്യങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. നായകൻ ടൊവിനോ ചെങ്കൊടിയുമായി പെരുമഴയത്ത് വീറോടെ പായുന്ന ദൃശ്യങ്ങളെ എത്ര കണ്ടാലും മതിവരില്ല. കോളജ് കാലഘട്ടത്തിന്റെ ഓർമകളിൽ വിദ്യാർഥി രാഷ്ട്രീയം കൂടി ഒപ്പമുണ്ടെങ്കിൽ തീർച്ചയായും ഈ പാട്ട് വീണ്ടും വീണ്ടും കണ്ടിരിക്കും നമ്മൾ.
ചടുലതാളത്തിലുള്ള പാട്ടിന്റെ വിഡിയോയും അതുപോലെ തന്നെ.
അനിൽ പനച്ചൂരാന്റെ വരികൾക്ക് മണികണ്ഠൻ അയ്യപ്പ ഫ്രാങ്കോ പാടിയ പാട്ടാണിത്. മണികണ്ഠന്റെ ആദ്യ ചലച്ചിത്രമാണിത്. കലാലയ ജീവിതത്തിന്റെ ചൂടും ചൂരുമുള്ള ചിത്രത്തിനോടു നൂറു ശതമാനം ചേർന്നു നിൽക്കുന്ന ജീവസുറ്റ ഗാനങ്ങളായിരുന്നു ഓരോന്നും.
ടോം ഇമ്മട്ടി സംവിധാനം ചെയ്ത ചിത്രമാണ് ഒരു മെക്സിക്കൻ അപാരത. നീരജ് മാധവ്, ഗായത്രി സുരേഷ്, രൂപേഷ് പീതാബരൻ, സുധീർ കരമന, കലാഭവൻ ഷാജോൺ,സുധി കോപ തുടങ്ങിയവരാണു പ്രധാന വേഷങ്ങളിലെത്തുന്നത്.