ദേവരാജൻ ഈണമിട്ട ഓണപ്പാട്ടുകളിലൂടെ ഒരു സംഗീതയാത്ര
മലയാള സിനിമാഗാനചരിത്രത്തിൽ ഈണങ്ങളുടെ മഹാസാഗരം തീർത്തസംഗീത സംവിധായകനാണ് ജി.ദേവരാജൻ. മലയാളത്തിലെ മികച്ച സിനിമാ, നാടക ഗാനങ്ങളില്‍ പലതും ദേവരാജ സംഗീതത്തിൽ പാടിപ്പതിഞ്ഞവയാണ്. ആ നിത്യഹരിത ഗാനസാഗരത്തിലെ എണ്ണമറ്റ ഈണങ്ങൾ മലയാളിമനസ്സിൽ ലാളിത്യമാർന്ന രാഗവൈവിധ്യങ്ങളുടെ ഭാവമുദ്രകള്‍ ഇന്നും അണിയിച്ചുകൊണ്ടിരിക്കുന്നു.
മലയാള ചലച്ചിത്രങ്ങളും അതിലെ ഗാനങ്ങളും തമിഴ്, ഹിന്ദി അനുകരണങ്ങളുടെ തനിയാവർത്തന വട്ടത്തിൽനിന്നു പുറത്തുചാടുന്നതും കാലികവും സാമൂഹികപ്രതിബദ്ധവുമായ രൂപപരിണാമത്തിനു തുടക്കം കുറിക്കുന്നതും 1950കളുടെ മധ്യത്തിൽ ന്യൂസ് പേപ്പർ ബോയ്, നീലക്കുയിൽ പോലെയുള്ള ചിത്രങ്ങൾ പുറത്തുവന്നതോടെയാണ്. സാമൂഹികവിഷയങ്ങൾ ചലച്ചിത്രപ്രമേയങ്ങളായപ്പോൾ കലാപരമായി ഇണങ്ങുന്നതും വാണിജ്യസാധ്യതയുള്ളതുമായ പ്രണയവും വിരഹവും ഹാസ്യവും വിഷുവും ക്രിസ്തുമസും ഓണവുമൊക്കെ ഭക്തിയോടൊപ്പം ചലച്ചിത്രഗാനങ്ങൾക്കും വിഷയമായി.
ഗാനരചനാരംഗത്തു പി. ഭാസ്കരൻ, വയലാർ, ഒഎൻവി, യൂസഫലി കേച്ചേരി, ശ്രീകുമാരൻ തമ്പി എന്നിവരൊക്കെ മാറ്റങ്ങൾക്കു മാർഗ്ഗദർശികളായെങ്കിൽ സംഗീത സംവിധാനരംഗത്ത് കെ. രാഘവൻ, ദക്ഷിണാമൂർത്തി, ബാബുരാജ് എന്നിവർക്കൊപ്പം ജി. ദേവരാജനും പരിവർത്തനങ്ങളുടെ പതാകവാഹകനായി. 1955 ൽ 'കാലം മാറുന്നു' എന്ന സിനിമ മുതൽ 343 മലയാള സിനിമകൾക്കുവേണ്ടി 1731 ഗാനങ്ങൾക്കു ദേവരാജൻ സംഗീതം നൽകിയെന്നാണ് 'മലയാളസംഗീതം ഡോട്ട് ഇൻഫോ' എന്ന വെബ്സൈറ്റിൽ രേഖപ്പെടുത്തിയിരിക്കുന്നത്.
ഓണപ്പാട്ടുകൾ ഇന്ന് മലയാള ചലച്ചിത്ര ഗാനശേഖരത്തിൽ ഒരു പ്രത്യേക വിഭാഗമാണ്. ആകെയുള്ള 70 ഓണപ്പാട്ടുകളിൽ കൂടുതൽ ഗാനങ്ങൾക്ക് ഈണം നൽകിയതു ദേവരാജൻ തന്നെ. മാഷ് സംഗീതം ചെയ്ത 14 ഓണഗാനങ്ങളിൽ ആദ്യഗാനം 1968 ലും അവസാനത്തേത് 1989 ലും പുറത്തുവന്നു. ശേഷിച്ച 12 ഗാനങ്ങളും പുറത്തുവന്നത് ആകെയുള്ള ഗാനങ്ങളിൽ 28 ഉം പുറത്തുവന്ന 1970 ളിൽ. ദേവരാജൻ ഈണംപകർന്ന ഓണഗാനങ്ങളിൽ അഞ്ചെണ്ണം വീതം വയലാറും ശ്രീകുമാരൻ തമ്പിയും രചിച്ചു. രണ്ടെണ്ണം ഒഎൻവി. പി. ഭാസ്കരനും യൂസഫലി കേച്ചേരിയും രചിച്ച ഓരോ ഗാനത്തിനും മാഷ് സംഗീതം നൽകി.
പഴയ ഓണപ്പാട്ടിന് ഒരീണം
'മാവേലി നാടുവാണീടും കാലം' എന്ന പരമ്പരാഗത ഗാനം മൂന്നു സിനിമകളിൽ ഉപയോഗിക്കപ്പെട്ടപ്പോൾ അതിൽ ഒന്നിന് (മാധവിക്കുട്ടി, 1973) സംഗീതം ഒരുക്കിയതു ദേവരാജൻ മാസ്റ്റർ ആയിരുന്നു. ഈ ഓണപ്പാട്ടിന്റെ ആദ്യത്തെ ആറു വരികൾ നാടിന്റെ സാംസ്‌കാരിക തനിമയുടെ നേർച്ചിത്രമായ പഴയ ഓണപ്പാട്ടിൽ നിന്നുതന്നെ. എ. വിജയനും എ. രാമചന്ദ്രനും (ന്യൂസ് പേപ്പർ ബോയി, 1955) എം കെ അർജ്ജുനനുമാണ് (മഹാബലി, 1983) പരമ്പരാഗത ഓണപ്പാട്ടിന് ഈണമിട്ട മറ്റു സംഗീതസംവിധായകർ.
ഭാസ്കരഗാന തനിമയുമായൊരു ഈണം
മാനവികതയുടെ ഊർജം പകരുകയും കാൽപനികതയുടെ സ്വപ്നങ്ങൾ വിരിയിക്കുകയും ചെയ്ത ഭാസ്കരഗാന സവിശേഷതകളെല്ലാം ദേവരാജൻ ഈണം പകർന്നു യേശുദാസ് പാടിയ 'പൊന്നോണത്തുമ്പിതൻ' (ബ്രഹ്മാസ്ത്രം,1989) എന്ന ഓണപ്പാട്ടിനുമുണ്ട്. ഓണക്കാഴ്ചകളുടെ നിറത്തിലും ഓണവിഭവങ്ങളുടെ മണത്തിലും ഓണക്കളികളിലും സമത്വസന്ദേശത്തിലും മുക്കിയെടുത്ത ഭാസ്കരഗാന തനിമയുടെ ലാളിത്യം സംഗീതത്തിൽ മാഷും അനുഭവിപ്പിക്കുന്നു.
വയലാറിന്റെ ഓണപ്പാട്ടുകളുടെ ഈണം
മലയാളിക്കു മറക്കാനാവാത്ത ഒട്ടനവധി ഗാനങ്ങൾ ഒരുക്കിയ ദേവരാജന്‍-വയലാർ കൂട്ടുകെട്ടിൽനിന്ന് അഞ്ചു ഓണപ്പാട്ടുകളാണു പിറന്നത്. ചെമ്പരത്തി (1972) എന്ന ചിത്രത്തിൽ മാധുരിയും സംഘവും പാടിയ 'പൂവേ പൊലി പൂവേ' ഈ കൂട്ടുകെട്ടിൽ പിറന്നതാണ്. 'തുമ്പപ്പൂവേ പൂത്തിരളേ നാളേക്കൊരുവട്ടി പൂ തരണേ' എന്ന പരമ്പരാഗത ഗാനമാണ് ഇതിന്റെ നാഡിഞരമ്പ്; ഈണം പഴയ നാടകഗാനങ്ങളുടേതും. ഓണപ്പൂക്കളത്തിന്റെ പശ്ചാത്തലമുള്ള ഈ സിറ്റുവേഷൻ സോങ്ങിൽ ദേവരാജൻ സംഗീതത്തെ ഓണത്തിന്റെ ആഹ്ലാദചിത്രമാക്കുന്നു.
പി. സുശീലയും യേശുദാസും ചേർന്നു പാടിയ 'ഓമനത്തിങ്കളിലോണം പിറക്കുമ്പോൾ' (തുലാഭാരം, 1968) എന്ന താരാട്ടുപാട്ടിനു ദേവരാജന്‍ നൽകിയ ഈണം കേരളത്തിലെ ഒരുപാട് അമ്മമാരെ കരയിച്ചതാണ്. ‘കണ്ണീരുപ്പിട്ട് കാണാത്ത വറ്റിട്ട് കർക്കിടകത്തില്‍ കരിക്കാടീ’ എന്ന യേശുദാസിന്റെ ശബ്ദവും നായികയായ ശാരദയും മുഖത്തു മിന്നിമറയുന്ന ഭാവവും ജി. ദേവരാജൻ നൽകിയ ഈണവും ഒന്നായൊരുക്കിയ വൈകാരികലോകം മലയാളിക്കു മറക്കാനാവാത്തതാണ്.
പഹാഡി രാഗത്തിൽ ദേവരാജന്‍ തീർത്ത 'മേലേ മാനത്തെ' (കൂട്ടുകുടുംബം, 1969) മലയാളിയുടെ ഓണസ്മരണകളെ തൊട്ടിലാട്ടി ഉറക്കുന്ന താരാട്ടുപാട്ടാണ്. സംഘഗാനത്തിന്റെ തിരക്കിലും യുഗ്മഗാനത്തിന്റെ പിറകിലുമായി മലയാള ചലച്ചിത്രഗാന ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുള്ള അനുഗൃഹീതഗായിക ബി. വസന്തയുടെ ശബ്ദത്തിലും മാസ്റ്ററുടെ ഈണത്തിലുമാണ്, 'പൊക്കിൾപ്പൂവരെ ഞാന്നുകിടക്കുന്ന പുത്തൻ പവൻമാല' മലയാളി ഓർത്തുവെക്കുക.
മലയാളത്തനിമ ഒട്ടുംചോരാതെ മാഷ് ചിട്ടപ്പെടുത്തിയതാണ് 'കാറ്റും പോയ്' (വാഴ്‌വേമായം, 1970) എന്ന, മാധുരി പാടിയ പ്രണയസുന്ദരഗാനം. കാറ്റും മഴക്കാറും കർക്കടകവും പോയിട്ട് ആവണിത്തുമ്പിക്കും അവൾപെറ്റ മക്കൾക്കുമൊപ്പം ശ്രാവണമാസത്തിൽ തിത്തൈയെന്ന് വന്നെത്തുന്ന പൊന്നോണ ഓർമകൾ ദേവരാജ ഈണത്തിലൂടെ കേൾവിയിൽ ഒഴുകിയെത്തുന്നു. 'പൊന്നോണമുറ്റത്തു പൂക്കളം തീർക്കാന്‍ ഉണ്ണിക്കിടാവിനെ തന്നേപോ', എന്നുപാടി പ്രണയത്തെ സംഗീതംകൊണ്ട് ഓണവുമായി ചേർത്തുവെക്കുന്നു. അമ്മയാകാനുള്ള രണ്ടു സ്ത്രീകളുടെ അതിതീക്ഷ്ണവും അനുരാഗാർദ്രവുമായ ആത്മാനുഭൂതിയാണ് ഈ ഓണഗാനത്തിന്റെ ഈണം പകര്‍ന്നു നൽകുന്നത്.
'ഒന്നാം പൊന്നോണ പൂപ്പട കൂട്ടാൻ' (പാവങ്ങള്‍ പെണ്ണുങ്ങൾ, 1973) ഉത്സവഭാവം തുളുമ്പുന്ന ദേവരാജന്റെ ഓണപ്പാട്ടാണ്. ആലാത്തൂഞ്ഞാലിന്റെ ചാഞ്ചാട്ടം അനുഭവിപ്പിക്കുന്ന പാട്ട്. ഓണപ്പൂക്കളും ഓണക്കോടിയും ഓലപ്പന്തും കോർത്തു വയലാർ തീർത്ത ഓണക്കാഴ്ചകൾ. താളംപിടിക്കാനും തുള്ളിക്കളിക്കാനും കൊതിപ്പിക്കുന്ന ദേവരാജൻ മാഷിന്റെ ഈണം. യേശുദാസിന്റേയും പി. സുശീലയുടെയും ആലാപനമികവ്. ഇങ്ങനെയാണ് ഈ പാട്ട് മലയാളിയുടെ പഴയകാല ഓണചിത്രങ്ങളുടെ പ്രിയപ്പെട്ട അനുഭവഗാനമായത്.
ഇണങ്ങിയും പിണങ്ങിയും ഒരു ഗാനകാലം
ദേവരാജൻ, ദക്ഷിണാമൂർത്തിയും എം.എസ്. വിശ്വനാഥനും പോലെ, ശ്രീകുമാരൻ തമ്പിയെന്ന ഗാനകാലത്തിന്റെ മൂന്നു ഘട്ടങ്ങളിൽ ഒന്നാണ്. ഇണങ്ങിയും പിണങ്ങിയും ഹിറ്റുകളുടെ തുടർക്കഥ തീർത്ത തമ്പി-ദേവരാജൻ പാട്ടുകാലം. 36 ചലച്ചിത്രങ്ങളിൽ 189 പാട്ടുകൾ ഒരുക്കിയ ഈ കൂട്ടുകെട്ടിൽ അഞ്ച് ഓണപ്പാട്ടുകളാണ് പിറന്നത്. മാധുരി ആലപിച്ച 'തൃക്കാക്കര പൂ പോരാഞ്ഞ്' (ലൈൻ ബസ്,1971) എന്ന ഗാനമാണ് അവരുടെ ഓണപ്പാട്ടുപട്ടികയിൽ ആദ്യത്തേത്.
അമ്പിളി പാടിയ 'പൊന്നോണക്കിളിക്കാറു കടക്കാൻ പൊന്നും താമര പൂത്തോണി' (നഗരം സാഗരം, 1974) എന്ന ഗാനത്തിനു മാസ്റ്റർ നൽകിയ ഈണം പൂത്തോണിയും പുലരിക്കാറ്റും പൂവിളിയും ഓലവാലൻ കിളിയും ചേർന്ന്, കുട്ടികളുടെ ഓണക്കാഴ്ചകൾക്കും വികാരങ്ങൾക്കുമൊപ്പം ഒഴുകുന്നതാണ്. 'ഓടിപ്പോകും പൂമ്പാറ്റേ ഈ ഓണക്കോടി ആരുതന്നു' (വിടരുന്ന മൊട്ടുകൾ, 1977) ആണ് ഓണംകൊണ്ട് ഈ കൂട്ടുകെട്ടു തീർത്ത മറ്റൊരു കുട്ടിപ്പാട്ട്.
കേരളവും കേരളകലകളും ഓണക്കാഴ്ചകളും പോലുള്ള വിഷയങ്ങൾ ചാരുതയായ രണ്ടു ശ്രീകുമാരൻതമ്പി ഗാനങ്ങൾക്കു സംഗീതം ഒരുക്കിയത് മാസ്റ്ററായിരുന്നു. 'കേരളം കേരളം കേളികൊട്ടുയരുന്ന കേരളം' (മിനിമോൾ, 1977), ഓണാഘോഷങ്ങളുടെ ആരവങ്ങളും ഓണച്ചിത്രങ്ങളുടെ സമ്പന്നതയും ലളിതസംഗീതത്തിന്റെ മാസ്മരികതയുംകൊണ്ടു ജനപ്രിയമായ ഗാനമാണ്. മഹാബലിയുടെ വരവിൽ തുടിക്കുന്ന മനസ്സാകുന്ന പൂക്കളങ്ങളും കൈകൊട്ടിപ്പാട്ടുമേളവും ചിങ്ങപ്പൂവിളികളും പോലുള്ള, ഓണവർണ്ണനയുടെ ഊർജം പകർന്നുതരുന്നതാണു കേരളീയവാദ്യങ്ങളുടെ അകമ്പടിയോടെയുള്ള ഹൃദ്യമായ ഈണം.
ഈ ഗാനം ജനപ്രിയമായ കഥ ഗാനരചയിതാവിൽനിന്നുതന്നെ മലയാളി പലകുറി കേട്ടതാണ്. നല്ല പാട്ടു വേണമെന്നല്ലാതെ പ്രത്യേക നിഷ്കർഷയൊന്നും ഇല്ലായിരുന്ന സംവിധായകനായ ശശികുമാർ. കാലാതീതമായ പാട്ടെഴുതാനുള്ള അവസരമായി കണ്ട പാട്ടെഴുത്തുകാരൻ. ഇഷ്ടമായവരികൾക്കു 'ശങ്കരാഭരണം' രാഗത്തിൽ ഈണം നൽകിയ സംഗീതത്തിന്റെ രാജശില്പി. ശേഷം ചരിത്രം.
'ആറന്മുള ഭഗവാന്റെ പൊന്നുകെട്ടിയ ചുണ്ടൻവള്ളം' (മോഹിനിയാട്ടം, 1976) എന്ന പാട്ടിലെ ആറ്റുവക്കിലുലഞ്ഞാടും കരിനീല മുളകളിൽതട്ടി കാറ്റുപാടുന്ന ഓണപ്പാട്ടിനു മാഷൊരുക്കിയ ഈണം ആറ്റുവഞ്ചിയിൽ ആടിപ്പാടുന്ന അനുഭൂതി പോലെ മധുരതരമാണ്. ചിത്രവർണ്ണപ്പട്ടുടുത്ത് ഉത്രട്ടാതി ഓണവെയിൽ കായുന്ന കാമുകിയുടെ കടമിഴിത്തോണിയിലെ ഇരയിമ്മൻ കുമ്മികൾ പാടുന്ന കന്യകളാം കനവുകള്‍പോലുള്ള കവിഭാവനക്ക് പ്രണയാർദ്രഭാവം നിറച്ച് മാഷ് പകർന്ന ഈണം ജയചന്ദ്രൻ എന്ന ഭാവഗായകനെ മനസ്സിൽകണ്ടുതന്നെ നൽകിയതാണെന്നു വിശ്വസിക്കാനാണ് ഇന്നും ഇഷ്ടം.
ഒഎൻവിയുടെ ഓണപ്പാട്ടുകൾ
ഒരു തുമ്പിതുള്ളൽ പാട്ടുപോലെ ലളിതസുന്ദരമാണ് ഓണപ്പൂത്തുമ്പിയെ അഭിസംബോധന ചെയ്യുന്ന, യേശുദാസും മാധുരിയും പാടിയ 'പൂത്തുമ്പീ' (സർവ്വേക്കല്ല്, 1976) എന്ന യുഗ്മഗാനത്തിനു മാഷൊരുക്കിയ ഈണം. 'ആറ്റക്കുരുവി കുഞ്ഞാറ്റകുരുവി' എന്ന് മാധുരി നീട്ടിപ്പാടി തുടങ്ങുന്ന ഒഎൻവി പാട്ടിലെ (തോരണം, 1987) പുള്ളുവവീണയും പൂത്തുമ്പിയും മൂളി പറന്നുവന്ന നല്ലോണക്കാലത്തിന്റെ ഈണവും ദേവരാജൻ മാസ്റ്ററുടേതാണ്.
ഒരു കേച്ചേരിപ്പാട്ട്
രണ്ടു ലോകം (1977) സിനിമയിൽ യൂസഫലി കേച്ചേരി രചിച്ച 'വേമ്പനാട്ടു കായലിനു' എന്ന ഗാനത്തിന് ദേവരാജൻ ഒരുക്കിയ പുതുമയുള്ള ഈണം ചിത്രത്തിന്റെ ഈസ്റ്റ്മാൻ കളർ പോലെ മലയാളിയുടെ മനസ്സിലുള്ളതാണ്. അത്തം മുതൽക്കെന്റെ ഉണ്ണികളുത്സാഹിച്ചെത്തിച്ച നാനാസുമങ്ങൾ ചാർത്തി, ഓലക്കുടക്കീഴിൽ തൃക്കാക്കരപ്പനെ ഓണമുറ്റത്തു കുടിയിരുത്തി, കാത്തിരിക്കുന്നിതാ ഞങ്ങളൊരായിരം പൂത്തിരികത്തും മിഴികളോടെ ... എന്ന് ഓണപ്പട്ടിൽ പാടിയ കേച്ചേരിക്കാരൻ ആറന്മുള ഉത്രട്ടാതി വള്ളംകളിയുടെ പശ്ചാത്തലത്തിൽ എഴുതിയതാണ് ഈ ഗാനം.
പാട്ടിന്റെ തുടക്കത്തിലെ പശ്ചാത്തല സംഗീതവും പല്ലവിയിലെ വേമ്പനാട്ടു കായലിനു ചാഞ്ചാട്ടം തങ്കമണി ചുണ്ടനിന്നു മയിലാട്ടം, കുഴലൂതും കാറ്റേ, കുളിർകോരും കാറ്റേ, കൂടെവാ കൂടെവാ കൂടെ തുഴയാൻവാ എന്നു പാടുമ്പോഴുള്ള താളവുമൊക്കെ അതുവരെ കേട്ടിട്ടുള്ള ദേവരാജഗാനങ്ങളിൽനിന്ന് ഏറെ വ്യത്യസ്തമായിരുന്നു.
ദേവരാഗങ്ങൾ
പാട്ടിന്റെ കാവ്യഗുണത്തിനും സന്ദർഭത്തിനും ഇണങ്ങുന്ന രാഗഛായകൾകൊണ്ട് ഈണവിസ്മയം തീർക്കുന്ന മാസ്റ്ററുടെ മാജിക് അദ്ദേഹം ചിട്ടപ്പെടുത്തിയ ഓണപ്പാട്ടുകളിലും കാണാം. പാലാഴിക്കടവില് (കടലമ്മ, 1963), ആകാശപ്പൊയ്കയില്‍, പട്ടുതൂവാല, 1965), പൂന്തേനരുവി (ഒരു പെണ്ണിന്റെ കഥ, 1971), പോലെ മാഷ് പഹാടിയിൽ തീർത്ത മറ്റൊരു മനോഹര ഗാനമാണ് മേലേ മാനത്തെ (കൂട്ടുകുടുംബം, 1969). മോഹനം, നടഭൈരവി, ആരഭി, മലയമാരുതം എന്നീ രാഗങ്ങൾകൊണ്ട് രാഗമാലിക തീർത്ത, പരശുരാമന്‍ മഴുവെറിഞ്ഞു നേടിയതല്ല (കൂട്ടുകുടുംബം, 1969) എന്ന ഗാനം. ശങ്കരാഭരണ രാഗത്തിൽ ചിട്ടപ്പെടുത്തിയ മാവേലി നാടുവാണീടും കാലം (മാധവിക്കുട്ടി,1973), കേരളം കേരളം കേളി കേട്ടുണരുന്ന കേരളം (മിനിമോൾ, 1977) എന്നീ ഗാനങ്ങൾ. ഇങ്ങനെ രാഗഛായകൾ തീർക്കുന്ന എത്രയെത്ര ഭാവവൈവിധ്യാനുഭൂതികൾ.
ഓണപ്പാട്ടുകളുടെ ജനപ്രിയത
ഓണപ്പൂവേ (സലിൽ ചൗധരി), പൂ വേണം (ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം) മുതൽ ഏറ്റവും പുതിയ തിരുവാവണി രാവ് (ജേക്കബിന്റെ സ്വർഗ്ഗരാജ്യം) വരെയുള്ള ഓണപ്പാട്ടുകൾക്ക് ഇന്നുള്ള ജനപ്രിയത ദേവരാജൻ ഈണമിട്ട ചില പാട്ടുകൾക്കില്ല. എന്നാൽ ദേവരാജൻ സംഗീതം കൊടുത്ത് ശ്രീകുമാരൻ തമ്പി രചിച്ച ആറന്മുള ഭഗവാന്റെ (മോഹിനിയാട്ടം), കേരളം കേരളം (മിനിമോൾ), യൂസഫലി കേച്ചേരിയുടെ വേമ്പനാട്ടു കായലിന്നു (രണ്ടു ലോകം) പോലുള്ള ഗാനങ്ങൾ ഇന്നും പാടിക്കൊണ്ടിരിക്കുന്നു. അതിന്റെ കാരണം സിനിമയുടെയും ചലച്ചിത്രഗാനങ്ങളുടെയും ചരിത്രവുമായി ബന്ധപ്പെട്ടിരിക്കുന്നു. 1955 -75 കാലത്ത് സിനിമ പൊതുവേ സാമൂഹികവിഷയങ്ങളിൽ ഊന്നുന്നവ ആയിരുന്നു. സിനിമാഗാനങ്ങൾ കഥാസന്ദർഭങ്ങളെ വികാരസാന്ദ്രമാക്കി സിനിമയുടെ സാമ്പത്തികവിജയം ഉറപ്പിക്കുന്ന ചേരുവയും. അങ്ങനെയാണ് പി. ഭാസ്കരന്റെയും ദേവരാജന്റെയുമൊക്കെ ഓണപ്പാട്ടുകളും മികച്ച സിറ്റുവേഷൻ സോങ്‌സായി പൊതുസ്വീകാര്യത നേടിയത്. സിനിമ വിനോദോപാധി മാത്രവും പ്രമേയങ്ങൾ വൈയക്തികവും ആയപ്പോളാണു ഗാനങ്ങൾ സിനിമ പോലെതന്നെ വിപണിമൂല്യമുള്ള ഉൽപന്നമായി മാറിയത്. അങ്ങനെയാണ് സിനിമയിലെ ഓണപ്പാട്ടുകളും വിറ്റഴിയപ്പെടുന്ന ഉത്സവഗാനങ്ങളായത്.
കേരളം കേരളം, വേമ്പനാട്ടു കായലിന്നു പോലെയുള്ള ഗാനങ്ങൾക്ക് സ്വതന്ത്രമായ നിലനിൽപ്പുള്ളതു കൊണ്ടാണ് ഓണപ്പൂവേ, പൂവേണം പോലുള്ള പഴയ പാട്ടുകൾക്കൊപ്പം അവയും തിരുവാവണി രാവ് പോലുള്ള പുതിയ പാട്ടുകൾപോലെ പുതിയകാലത്തും പാടിക്കൊണ്ടിരിക്കുന്നത്.
കാവ്യഗുണത്തിന് ഊന്നൽ നൽകിക്കൊണ്ടും രാഗഛായകൾകൊണ്ടും ചലച്ചിത്രസംഗീതത്തെ ജനകീയവും സാധാരണക്കാർക്ക് ആസ്വാദനക്ഷമവുമാക്കിയ ദേവരാജൻ മാസ്റ്ററുടെ മികവ് അദ്ദേഹം ഈണമിട്ട ഓണപ്പാട്ടുകളുടെ സംഗീതത്തിലും മലയാളി അനുഭവിക്കുന്നു. വാക്കുകളിൽ നിറച്ച ഓണക്കാഴ്ചകളെയും ഭാവങ്ങളെയും അത് തൊട്ടുതലോടി കേൾവിക്കാരിലേക്കു പകരുന്നു. ഈണങ്ങളുടെ മാസ്മരികമായ ആ ദേവസ്പർശം മിക്ക ഓണപ്പാട്ടുകളെയും കേട്ടു കൊതിതീരാത്തവ ആക്കുന്നു.