Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

'ഒന്നിനി ശ്രുതി താഴ്ത്തി പാടുക', മറന്നു പോയോ ആ താരാട്ട്?

p-jayachandran-singer

മലയാളചലച്ചിത്രസംഗീതത്തിന്‍റെ ആരംഭം മുതല്‍ മലയാളമണ്ണില്‍ അലയടിച്ച് അതില്‍ ലയിച്ചുചേര്‍ന്ന അനേകം താരാട്ടുപാട്ടുകളുണ്ട്. മലയാളി ഓരോ കാലഘട്ടത്തിലും വളര്‍ന്നത് ആ പാട്ടുകള്‍ ഹൃദയത്തോടു ചേര്‍ത്തുവച്ചാണ്.  ഓരോ കാലഘട്ടത്തിലും അവയില്‍ ചില സുന്ദരഗാനങ്ങള്‍ ആലപിച്ച മലയാളിയുടെ മധുരഗായകന്‍ ശ്രീ. പി. ജയചന്ദ്രന്‍ സംഗീതസപര്യയുടെ 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുന്നു.   സംഗീതത്തിന്‍റെ ഒരു സുവര്‍ണ്ണകാലം തീര്‍ത്ത ഗാനശില്‍പ്പികള്‍ക്കു വേണ്ടി ജയചന്ദ്രന്‍ കൂടുതലും പാടിയതു പ്രണയഗാനങ്ങളാണെങ്കിലും ആ നിത്യഹരിതസ്വരത്തിലും ആലാപനചാരുതയിലും  താരാട്ടുപാട്ടുകള്‍ക്കു വേറിട്ട ഭാവതലങ്ങള്‍ ശ്രോതാവിന് അനുഭവപ്പെടുന്നു.      

ജയചന്ദ്രന്‍ മലയാളത്തിൽ ആദ്യമായി പാടിയ താരാട്ടുപാട്ട് 1974-ലെ ‘ഒരു പിടി അരി’ എന്ന ചിത്രത്തിലേതാണ്. പി ഭാസ്കരന്‍റെ സരളമധുരമായ  വരികള്‍ക്ക് എ ടി ഉമ്മറിന്റെ ഹൃദ്യമായ സംഗീതം. 

“ഇന്നു രാത്രി പൂര്‍ണ്ണിമാരാത്രി സുന്ദരിയാം ഭൂമികന്യാ

സ്വപ്നം കണ്ട രാത്രി..സ്വര്‍ഗീയസുന്ദരരാത്രി..”

ഭൂമിയുടെ പ്രതലത്തിലേക്ക് പെയ്തിറങ്ങുന്ന നിലാവ് പോലെ നനുത്ത ശബ്ദം ഒഴുകി പരക്കുമ്പോള്‍ ഒരു താരാട്ടിന്‍റെ അനുഭൂതി ശ്രോതാവിന് അനുഭവപ്പെടുന്നു. ഭാസ്കരന്‍ മാസ്റ്ററുടെ കാല്‍പനികരചനയിലെ നിലാവിനോ ജയചന്ദ്രന്റെ തളിരു പോലുള്ള ശബ്ദത്തിനോ കൂടുതല്‍ഭംഗി എന്ന് നാമറിയാതെ ചോദിച്ചുപോകും.  എ. ടി. ഉമ്മറിന്‍റെ സംഗീതസംവിധാനത്തില്‍ രണ്ടു താരാട്ടുപാട്ടുകള്‍ കൂടി ജയചന്ദ്രന്‍ ആലപിച്ചിട്ടുണ്ട്. ആദ്യത്തേത് പി. മാധുരിയോടൊപ്പം പാടിയ ഹാസ്യരസപ്രധാനം കൂടിയായ “കണ്മണിയേ ഉറങ്ങൂ” എന്ന ഗാനമാണ്, ‘അഭിമാനം’ എന്ന ചിത്രത്തിലേത്. അധികമാരും കേള്‍ക്കാത്ത 1977-ലെ ‘അപരാജിത’ എന്ന ചിത്രത്തിലെ അതീവനിര്‍വൃതിദായകമായ താരാട്ട് ഇതാണ്: 

'അധരം കൊണ്ടു നീ അമൃതം പകര്‍ന്നൂ മധുരം നിന്‍ ചിരി മലരോടിടഞ്ഞു

ആദ്യചുംബന ലഹരിയിന്‍  മുന്‍പില്‍ ആയിരം ജന്മങ്ങളോടി മറഞ്ഞു'

രോഗഗ്രസ്തയായി ശയ്യാവലംബയായ  അമ്മയെ താരാട്ടുപാടിയുറക്കുന്ന മകന്‍, അമ്മയ്ക്ക് ഇനി ഒരു തിരിച്ചുവരവില്ലെന്നു മകനറിയാം. ആ ഹൃദയം തകരുന്ന വേദനയോടെ അവന്‍ ബാല്യകാലത്തെ അമ്മയുടെ വാത്സല്യം ഓര്‍ക്കുന്നു. ചരണത്തിലെ ഈ വരികള്‍ അനുവാചകന്‍റെ  മനസ്സില്‍ മായാത്ത മുദ്രകള്‍  പതിപ്പിക്കുന്നു: ‘പ്രാണനുരുകും രാഗാനിലനില്‍ ഗാനലോലേ നിന്നെയുറക്കാം’.

ഇതേ കാലഘട്ടത്തില്‍ പുറത്തിറങ്ങിയ മറ്റൊരു ഗാനമാണ് അതിപ്രശസ്തമായ “രാജീവനയനേ” എന്നു തുടങ്ങുന്ന നിര്‍മ്മലപ്രണയവും വാത്സല്യവും തുളുമ്പുന്ന കാപ്പിരാഗത്തിലുള്ള  ഭാവഗീതം. ‘ചന്ദ്രകാന്തം’ എന്ന ചിത്രത്തിനു വേണ്ടി ശ്രീകുമാരന്‍ തമ്പി-എം. എസ്. വിശ്വനാഥന്‍ കൂട്ടുകെട്ടിന്റേതാണ് ഈ ഗാനം. 

എം. കെ. അര്‍ജുനന്‍ മദ്ധ്യമാവതി രാഗത്തില്‍ ഒരുക്കിയ ‘കന്യക’ എന്ന ചിത്രത്തിലെ യുഗ്മഗാനമാണ് “ശാരികത്തേന്‍ മൊഴികള്‍ കൊച്ചുതാമരപ്പൂ മിഴികള്‍”. ജയചന്ദ്രനും അമ്പിളിയും ചേര്‍ന്നു പാടുന്ന ഈ സുന്ദരഗാനം അന്നത്തെ ജനപ്രിയമായ താരാട്ടുപാട്ടായിരുന്നു. അനുഗ്രഹീതനടന്‍ മധുവും ജയഭാരതിയും ഈ ഗാനരംഗത്ത് അഭിനയിക്കുന്നു. പാപ്പനംകോട് ലക്ഷ്മണനാണു വരികള്‍  എഴുതിയിരിക്കുന്നത്. 

ഇന്ത്യന്‍ സംഗീതത്തിലെ ഇതിഹാസം  ഇളയരാജ ‘ദൂരം അരികെ’ എന്ന ചിത്രത്തിനു വേണ്ടി സംഗീതം നിര്‍വ്വഹിച്ച “മാന്‍ കിടാവേ നിന്‍ നെഞ്ചും ഒരമ്പേറ്റു മുറിഞ്ഞെന്നോ” എന്ന ഗാനവും ജയചന്ദ്രന്‍ ആലപിച്ചു  ജനശ്രദ്ധ പിടിച്ചുപറ്റിയ താരാട്ടാണ്. ദേവരാഗങ്ങളുടെ രാജശില്‍പിയായ ദേവരാജന്‍ മാസ്റ്റര്‍ ജയചന്ദ്രനെക്കൊണ്ടു  പാടിച്ച “ഒന്നിനി ശ്രുതി താഴ്ത്തി” എന്നു തുടങ്ങുന്ന ലളിതഗാനം ഓരോ മലയാളിയുടെയും ഉറക്കുപാട്ടാണ്. ഒ. എന്‍. വി കുറുപ്പ് രചിച്ച ഈ ഗാനം ഇന്നും ജയചന്ദ്രന്‍റെ എല്ലാ ഗാനമേളകളിലും ശ്രോതാക്കള്‍ ആവശ്യപ്പെട്ട് നിറഞ്ഞ കയ്യടികളോടെ ഹൃദയത്തിലേറ്റുന്നു. ദേവരാജന്‍ വൃന്ദാവനസാരംഗ രാഗത്തെ ലളിതവും ഭാവസുന്ദരവുമായി ആവിഷ്കരിച്ച മറ്റൊരു മനോഹരഗാനം 1984-ലെ  ‘കല്‍ക്കി‘ എന്ന ചിത്രത്തിലേതാണ്:

“മനസ്സും മഞ്ചലും ഊഞ്ഞാലാടും മൂകമനോഹരയാമം 

മോഹങ്ങൾ നെഞ്ചിൽ താരാട്ടു പാടും പ്രേമമനോഹരയാമം 

ഇനി മയങ്ങാം ഇനിയുറങ്ങാം ഇനി നമുക്കെല്ലാം മറക്കാം”        

ശ്രുതിസുഭഗമായ ജയചന്ദ്രന്‍റെ നിത്യഹരിതനാദത്തില്‍ ശ്രോതാക്കളുടെ മനസ്സിലേക്ക് ഒഴുകുന്ന ഗാനമാണിത്. 1988-ല്‍ പുറത്തിറങ്ങിയ ‘എവിഡന്‍സ്’ എന്ന ചലച്ചിത്രത്തിനു വേണ്ടി ജയചന്ദ്രന്‍റെ മധുരശബ്ദത്തില്‍ ആലപിച്ച ഗാനം ആരംഭിക്കുന്ന വരികള്‍ “ഇളംതെന്നലിന്‍ തളിര്‍ തൊട്ടിലാട്ടി മയങ്ങു നീ ഉറങ്ങു നീ” എന്നാണ്.

ഒരു ഇടവേളയ്ക്കു ശേഷം മലയാള ചലച്ചിത്രസംഗീതരംഗത്തേക്ക് തിരിച്ചെത്തിയ ജയചന്ദ്രന്‍ പിന്നീട് ആദ്യമായി പാടിയത് 1995-ലെ  ‘സര്‍ഗ്ഗവസന്തം’ എന്ന ചിത്രത്തിലെ ഈ താരാട്ടുപാട്ടാണ്: 

“കണ്ണീര്‍ കുമ്പിളില്‍ നീരാടാന്‍ തിങ്കള്‍ക്കിടാവേ വായോ ഇന്നെന്‍റെ കുഞ്ഞിന് പഞ്ചാരയുമ്മയും താലാട്ടുമായ് വാ പൂങ്കാറ്റേ..ഓലോലം മണിക്കാറ്റേ..’

വാത്സല്യവും ശോകഭാവവും നിറഞ്ഞുനില്‍ക്കുന്ന ലളിതസുന്ദരഗീതം. ‘ആദ്യത്തെ കണ്മണി’ എന്ന ചിത്രത്തില്‍ ജയചന്ദ്രനും ബിജു നാരായണനും ചേര്‍ന്നുപാടുന്ന “ചക്കരമുത്തേ പത്തരമാറ്റേ” എന്നുതുടങ്ങുന്ന ഗാനം ദ്രുതതാളത്തോടെയുള്ള ഒരു താരാട്ടാണ്.

കൈതപ്രം-വിദ്യാസാഗര്‍ ടീമിന്‍റെ ഭാവാര്‍ദ്രമായ താരാട്ടുപാട്ടാണ് “കൈ വന്ന തങ്കമല്ലേ ഓമനത്തിങ്കള്‍ക്കുരുന്നല്ലേ...കണ്ണീര്‍ക്കിനാവു പോലെ അച്ഛന്റെ കണ്ണീര്‍ക്കുരുന്നുറങ്ങ്”. മലയാളചലച്ചിത്രഗാനങ്ങളിലെ മികച്ച ആണ്‍താരാട്ടുകളിലൊന്നാണ് ഈ ഗാനം, സിനിമയുടെ പേര് ‘സിദ്ധാര്‍ത്ഥ’. വരികളിലെ ഓരോ അക്ഷരത്തിലേക്കും ആത്മാവുകൊണ്ട് ഭാവാംശം പകര്‍ന്നു നല്‍കുന്നു ഈ ഗായകന്‍.

“വാവാവോ വാവേ വന്നുമ്മകള്‍ സമ്മാനം” എന്നു തുടങ്ങുന്ന യുഗ്മഗാനത്തില്‍ (ചിത്രം – എന്‍റെ വീട് അപ്പൂന്റേം, വര്‍ഷം 2003)  ജയചന്ദ്രന്‍റെ ആലാപനത്തിലെ അനായാസത സ്പഷ്ടമാക്കുന്ന മികച്ച പ്രകടനമാണുള്ളത്.  ഗിരീഷ്‌ പുത്തഞ്ചേരിയുടെ ഗാനരചനയും എം. ജയചന്ദ്രന്റെ സംഗീതവും ചേര്‍ന്ന ‘അകലെ’ എന്ന ശ്യാമപ്രസാദ് ചിത്രത്തിലെ ശ്രദ്ധിക്കപ്പെടാതെ പോയ ജയചന്ദ്രഗീതമാണ്‌ “ആരാരുമറിയാതെ അവളുടെ നെറുകയില്‍”. വിദ്യാസാഗറിന്‍റെ  ലളിതസുന്ദരമായ ഈണത്തില്‍ ജയചന്ദ്രനാദം വികാരസാന്ദ്രതയുടെയും  വാത്സല്യത്തിന്റെയും അലകളുയര്‍ത്തുന്നു  ‘ചാന്തുപൊട്ടി’ലെ “ആഴക്കടലിന്‍റെ അങ്ങേക്കരയിലായ്” എന്ന ഗാനത്തിലൂടെ. ആനന്ദഭൈരവി രാഗത്തിന്‍റെ വ്യത്യസ്തമായ ഒരു ആവിഷ്കാരശൈലിയാണ് ‘അഞ്ചിലൊരാള്‍ അര്‍ജുനന്‍’ എന്ന ചിത്രത്തിനു വേണ്ടി ജയചന്ദ്രന്‍ മനോഹരമായി ആലപിച്ച 

“പൊന്നുണ്ണി ഞാന്‍ നിന്റെ നെഞ്ചോരം ചേരാന്‍ 

അമ്മേ കിങ്ങിണി കൊഞ്ചുന്നേ” എന്നു തുടങ്ങുന്ന ഗാനത്തില്‍ സംഗീതസംവിധായകന്‍ മോഹന്‍ സിത്താര അവലംബിച്ചിരിക്കുന്നത്. 

എഴുപതു വയസ്സിനു ശേഷവും ശബ്ദത്തിലെ യുവത്വവും ആലാപനവൈശിഷ്ട്യവും നിലനിര്‍ത്തിക്കൊണ്ട് 2015-ല്‍ ജയചന്ദ്രന്‍ ആലപിച്ച പ്രണയഭാവം ഒഴുകിവരുന്ന രണ്ടു താരാട്ടുപാട്ടുകള്‍ പരാമര്‍ശിക്കുന്നു: “അരികില്‍ നിന്നരികില്‍” (ചിത്രം- റോക്ക്സ്റ്റാര്‍), “മറന്നോ സ്വരങ്ങള്‍” (ചിത്രം - ഞാന്‍ സംവിധാനം ചെയ്യും). 

ഓരോ ശ്രോതാവിനെയും ആനന്ദനിര്‍വൃതിയുടെ അനന്തതയിലേക്ക് നയിക്കുന്ന മാന്ത്രികസ്പര്‍ശമുണ്ട് ഈ ലളിതഗാനത്തിന്‍റെ ആലാപനത്തില്‍;  ആദ്യവരികള്‍ ഇങ്ങനെ:

“തൂവെണ്ണ പോലെന്‍ അരികില്‍ച്ചേരീ തൂകിക്കിടക്കും പൂ മുത്തേ

താരകക്കുഞ്ഞുങ്ങള്‍ വിണ്ണില്‍ നിന്‍റെ തോഴരായ് കേളിക്കു വന്നൂ..”

‘ഇനിയും’ എന്ന ആല്‍ബത്തിനു വേണ്ടി ബിജിബാല്‍ ഈണം പകര്‍ന്ന് ജയചന്ദ്രന്‍ അതിമനോഹരമായി പാടിയിരിക്കുന്നു.ഗാനാലാപനത്തിന്‍റെ 60 വര്‍ഷത്തിലും താരാട്ടിന്‍റെ  ഹൃദയാര്‍ദ്രഭാവങ്ങള്‍ ആലാപനത്തിലൂടെ പ്രകാശിപ്പിച്ചുകൊണ്ട് ജയചന്ദ്രന്‍റെ തൂവെണ്ണ പോലുള്ള വിസ്മയനാദം മലയാളിയുടെ കാതില്‍ തേന്മഴയായി പെയ്തുകൊണ്ടിരിക്കുന്നു.