ലോകോത്തര ക്രിസ്മസ് ഗാനത്തിന് 200 വയസ്...!

ചില ഗാനങ്ങൾ അങ്ങനെയാണ്. അവ നക്ഷത്രങ്ങൾക്കിടയിൽ പിറവിയെടുക്കുന്നു. ഭൂമിയുടെ അതിരുകളെ കീഴടക്കി പറന്നുയരുന്നു.  മഞ്ഞിൽ വിരിഞ്ഞ് മനസിൽ പരക്കുന്നു.  ലോകത്തിലെ ഏറ്റവും പ്രചാരമുള്ള ആ ഗാനം തിരുപ്പിറവിയുടെ രാത്രിയെ പുകഴ്‌ത്തുന്നു.   ഇന്നേക്ക് 200 ഹേമന്തങ്ങൾക്കു മുമ്പ്, ആ ഗാനം പിറക്കുന്നത് 1818 ഡിസംബർ 24 ന്.   ശാശ്വതരാത്രികളുടെ സാമ്രാജ്യസംഗീതമായ ആ സന്ധ്യാഗാനം വാഴ്‌ത്തുന്നത് പ്രകൃതിയിലെ രണ്ട് ആഢംബരങ്ങളെ;  നിശബ്‌ദതയെയും ഇരുട്ടിനെയും. സൈലന്റ് നൈറ്റ്... ഹോളി നൈറ്റ്... അമിത ശബ്‌ദവും കടുത്ത വെളിച്ചവും ശ്വാസം മുട്ടിക്കുന്ന ലോകത്തു  വിളക്കണച്ച് ‌ഈ ഗാനം കേൾക്കുമ്പോൾ നാം  കുറെനേരത്തേങ്കിലും താരാപഥത്തിന്റെ ഭാഗമയി മാറുന്നു. എന്നാൽ  എല്ലാറ്റിനെയും പ്രകാശമാനമാക്കുന്നുമുണ്ടു പ്രകൃതിയുടെ  ഈ ആരാധനാഗീതം.  ആന്തരിക വെളിച്ചത്തിലേക്കു വാതിൽ തുറന്ന്,  സമാധാനം വാഗ്‌ദാനം ചെയ്‌ത് 200 വർഷങ്ങളായി അതങ്ങനെ ഒഴുകി പരക്കുന്നു. 

ഓർഗൻ കേടായി; പിറന്നത് അനശ്വര ഗാനം 

ഓസ്‌ട്രിയയിലെ സാൽസ്‌ബർഗ് പ്രവിശ്യയിൽ ഓബൻഡോർഫ്  എന്ന ഗ്രാമം.  അവിടുത്തെ സാന്താക്ലോസ് (സെന്റ് നിക്കോളാസ്) പള്ളിയിൽ ക്രിസ്‌മസ് ആഘോഷത്തിനുള്ള ഒരുക്കത്തിലാണു  കത്തോലിക്കാ വൈദികനായ റവ. ജോസഫ് മോറും ഓർഗനിസ്‌റ്റ്  ഫ്രാൻസ് സേവ്യർ ഗ്രൂബറും. മോറിന് അന്ന് 26 വയസ്. അധ്യാപകൻ കൂടിയായ ഗ്രൂബറിന് 31. യുവത്വം തുളുമ്പുന്ന മനസും പ്രായവും. പള്ളിയിൽ ക്രിസ്‌മസ് ഗാന പരിശീലനത്തിനെത്തിയ ഗ്രൂബർ എത്ര ശ്രമിച്ചിട്ടും ഓർഗനിൽനിന്നു സ്വരം പുറപ്പെടുന്നില്ല. ഉള്ളിൽനിന്നു സ്വരം പുറപ്പെടുവിക്കേണ്ട ഉലയറകളിൽ കാറ്റ് നിറയാത്തതാണു പ്രശ്‌നം. ഏതോ ജീവി കരണ്ട് തോൽ പൊളിഞ്ഞ നിലയിലായ ഓർഗൻ ഉപേക്ഷിച്ച് വാദകനായ ഗ്രൂബർ തിരികെ വീട്ടിലേക്കു പോയി. വിവരമറിഞ്ഞ വികാരി റവ. മോർ വെറുതെയിരുന്നില്ല.  പള്ളി ഓർഗൻ കേടായാലും തന്റെ പ്രിയപ്പെട്ട ഗിറ്റാറുണ്ട്. അതിനു  പറ്റിയ പാട്ടും രാഗവും വേണം. മുന്നിൽ ഒരു ദിവസം മാത്രം.  മോർ ഓർത്തെടുത്തു. രണ്ടു വർഷം മുമ്പ് തീർഥാടന നഗരമായ മരിയാഫർ എന്ന സ്‌ഥലത്തു സഹവികാരി ആയിരിക്കുമ്പോൾ   തിരുപ്പിറവിയെപ്പറ്റി  എഴുതിയ ആ പഴയ കവിത.  രാവിലെ തന്നെ അതു പൊടി തട്ടിയെടുത്ത്  റവ. മോർ  ഗ്രൂബറിന്റെ വീട്ടിലേക്കു പുറപ്പെട്ടു. കവിതയ്ക്ക്  സംഗീതം ചിട്ടപ്പെടുത്തി എങ്ങനെയെങ്കിലും വൈകിട്ട് കാരളിനു പാടണം. കവിത വായിച്ച ഗ്രൂബറിന്റെ മനസിൽ സൈലന്റ് നൈറ്റിനായി ഒരു രാഗം മെല്ലെ രൂപപ്പെടുന്നതുപോലെ. ഗിറ്റാർ എടുത്ത് ഗ്രൂബർ കമ്പികളിൽ വിരലോടിച്ചു. ‘സ്‌റ്റില്ലെ നൈഹ്‌റ്റ് ഹൈയിലിഗേ നൈഹ്‌റ്റ്’. . . അഭൗമമായ ഒരു താളം സ്വർഗം വിട്ടിറങ്ങി വന്നു. . . ജർമൻ ഭാഷയിൽ എഴുതിയ മോറിന്റെ കവിത ഗ്രൂബറിന്റെ ഗിറ്റാറിലൂടെ അനശ്വര ഗാനമായി മാറാൻ നിമിഷങ്ങളുടെ കാത്തിരിപ്പു മതിയായിരുന്നു. കാരൾ തുടങ്ങാൻ മണിക്കൂറുകൾ മാത്രം. പള്ളിയിൽ തിരികെയെത്തി ഇരുവരും ഈ ഗാനം പെട്ടെന്നു ഗായകസംഘത്തെ  പരിശീലിപ്പിച്ചു. സന്ധ്യയായി. ക്രിസ്‌മസ് ആരാധനയിൽ പങ്കെടുക്കാൻ ഗ്രാമം മുഴുവൻ ഒത്തുകൂടി.  നന്നായി ഗിറ്റാർ വായിക്കുമായിരുന്ന റവ. മോറും കൂടെക്കൂടി. ഗ്രൂബറും മോറും പാടുന്ന വരികൾ ഗായക സംഘം ഏറ്റുപാടി. മനസ്സിൽ പതിഞ്ഞ പാട്ടിന്റെ മാധുര്യവുമായി അവർ വീടുകളിലേക്കു മടങ്ങി. ലോകത്തിലെ ഏറ്റവും പ്രശസ്‌തമായ ഒരു ഗാനത്തിന്റെ  കൂടി  തിരുപ്പിറവിക്കാണ് ആ ഡിസംബർ 24 സാക്ഷ്യം വഹിച്ചതെന്ന് അന്ന് ആ ഗ്രാമീണർ ഓർത്തില്ല.  

നാടോടി ഗാനം നാടോടി ട്രൂപ്പ്

മാസങ്ങൾ കഴിഞ്ഞു. ഓർഗൻ നന്നാക്കാനായി അൽഫേൻ എന്ന സ്‌ഥലത്തുനിന്ന് കാൾ മറേക്കർ എന്നയാൾ പള്ളിയിലെത്തി. ഓർഗൻ ശരിയായോ  എന്നു പരിശോധിക്കാൻ നിർമാതാവ് ഗ്രൂബറിനോട് ആവശ്യപ്പെട്ടു. പുതിയ സൃഷ്‌ടിയായ സൈലന്റ് നൈറ്റ്  ഓർഗനിലൂടെ വായിച്ചായിരുന്നു പരിശോധന. ഇതിനിടെ മറേക്കറെ ഈ ഗാനം ആകർഷിച്ചു. അൽഫേനിൽ തിരികെയെത്തിയ മറേക്കർ ഈ ഗാനം ആ സ്‌ഥലത്തെ റെയ്‌നേഴ്‌സ്, സ്‌ട്രാസേഴ്‌സ് എന്നീ സംഗീത ട്രൂപ്പുകാർക്ക് കൈമാറി. പിൽക്കാലത്ത് യൂറോപ്പിലെങ്ങും ഈ ഗാനം പ്രചരിപ്പിക്കുന്നതിൽ ഈ രണ്ടു നാടോടി കുടുംബ ട്രൂപ്പ് പ്രധാന പങ്കുവഹിച്ചു. 

ചക്രവർത്തിയെ കീഴടക്കി

പ്രൂഷ്യയിലെ ഫ്രെഡറിക്  വില്യം നാലാമൻ രാജാവ്  തന്റെ ഈ ഇഷ്‌ടഗാനം ക്രിസ്‌മസ് ആരാധനയുടെ ഭാഗമാക്കാൻ ഉത്തരവിട്ടു. ബർലിൻ കത്തീഡ്രൽ ഈ ഗാനം ക്വയറിന്റെ ഭാഗമാക്കി. ഗാനം പിറക്കുന്നതിനു 30 വർഷം മുമ്പ്  റോമൻ ചക്രവർത്തിയായ ജോസഫ് രണ്ടാമൻ ആരാധന ലളിതമാക്കാൻ സ്വീകരിച്ച നടപടികളാണ് ഇത്തരമൊരു നാടോടി ഗാനം പിറവിയെടുക്കുന്നതിന് അനുയോജ്യമായ സാമൂഹിക പശ്‌ചാത്തലമൊരുക്കിയതെന്നും വാദമുണ്ട്.  ന്യൂയോർക്കിലെ പള്ളിയിൽ എത്തിയതോടെ ഈ ഗാനം അമേരിക്കൻ വൻകരയും കീഴടക്കി. ബിഷപ് ജോൺ ഫ്രീമാൻ ഈ ഗാനം ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്‌തു. 

ഗാനരചയിതാവ്, സാമൂഹിക പരിഷ്‌കർത്താവ്

റവ. മോറിന്റേത് അസ്വസ്‌ഥത ബാല്യമായിരുന്നു. മാതാപിതാക്കളുടെ ദാമ്പത്യ ജീവിതത്തിലെ പ്രശ്‌നങ്ങൾ  കരിനിഴൽ വീഴ്‌ത്തിയെങ്കിലും മാതാവിന്റെയും വളർത്തച്‌ഛന്റെയും  മുത്തശ്ശിയുടെയും ശിക്ഷണത്തിൽ കൊച്ചു മോർ പ്രതിഭാധനനായി വളർന്നു. ബുദ്ധിമാനായ ആ കുട്ടി ചർച്ച് ക്വയറിലും സർവകലാശാലാ ക്വയറിലും വയലിൻ–ഗിറ്റാർ വാദകനായി തിളങ്ങി. തത്വചിന്ത പഠിച്ച ശേഷം സെമിനാരിയിൽ ചേർന്നു. ഓബൻഡോർഫ് പള്ളിയിൽ സഹവികാരിയായി വരുന്നതിനു 2 വർഷം മുമ്പ് 1816 ൽ ലാണ് മോർ ഈ ഗാനം രചിച്ചതെന്നു കരുതപ്പെടുന്നു. മരിയാഫറിലെ ഉണ്ണിയേശുവിന്റെ പ്രശസ്‌തമായ ചിത്രത്തിനു മുന്നിൽ നിന്നെഴുതിയതാകാനാണു സാധ്യതയെന്ന് സൈലന്റ് നൈറ്റ് ഗവേഷകർ. ‘ഹോളി ഇൻഫന്റ്, സോ ടെൻഡർ ആൻഡ് മൈൽഡ്’ എന്ന വരികൾ ഇതിന് ഉദാഹരണം.  

 ഗാനം പുറത്തുവന്ന് 30 വർഷത്തിനു ശേഷം 56–ാം വയസിലാണ് മോറിന്റെ അന്ത്യം. അതിനു മുമ്പ് അനാഥ ബാലകർക്കായി പ്രത്യേക വിദ്യാലയവും മറ്റും നിർമിച്ചു പാവങ്ങളുടെ വൈദികൻ എന്നറിയപ്പെട്ടു. സാമൂഹിക പുരോഗതിയിലും  ഏറെ സംഭാവന നൽകാൻ മോറിനു കഴിഞ്ഞു.  മരിക്കുമ്പോൾ ഏക സമ്പാദ്യം ഗിറ്റാർ മാത്രം. ഗാനം പോലെ തന്നെ മോറും  ഗ്രൂബറും തമ്മിൽ മരണംവരെ ഉറ്റ സൗഹൃദം തുടർന്നു. ഗാനം പുറത്തു വന്ന് രണ്ട് വർഷം കഴിഞ്ഞ് മോർ സ്‌ഥലം മാറി പോയി.  യാത്രാമംഗളമായി ഗ്രൂബർ ഒരു ഗാനം എഴുതി അവതരിപ്പിച്ചു.  

നിക്കോളാസ് പള്ളി സഞ്ചാരികളുടെ പ്രിയഭൂമി

സൈലന്റ്  നൈറ്റ് ഹോളി നൈറ്റ് ആദ്യമായി പാടിയ സെന്റ് നിക്കോളാസ് പള്ളി വെള്ളപ്പൊക്കത്തിൽ നശിച്ചുപോയെങ്കിലും സമീപത്തു തന്നെ സൈലന്റ് നൈറ്റ് ചാപ്പൽ നിർമിച്ച് സഭ ഈ ഗാനത്തെ അനശ്വരമാക്കി. ഓബൻഡോർഫ് നഗരത്തിൽ 1939ൽ ആയിരുന്നു പുതിയ പള്ളി തുറന്നത്.  ഗാനരചയിതാവിന്റെയും സംഗീത സംവിധായകന്റെയും  ചിത്രങ്ങൾ കൂടാതെ ഗാനവും പള്ളിയുടെ ചുവരുകളിൽ ആലേഖനം ചെയ്‌തിരിക്കുന്നു. ക്രിസ്‌മസ് കാലത്ത് ലോകമെങ്ങുംനിന്നുള്ള സന്ദർശകർ ഇന്ന് സൈലന്റ് നൈറ്റ് പള്ളി കാണാനെത്തുന്നു. 200–ാം വാർഷികം പ്രമാണിച്ച്  വൻ സന്ദർശക പ്രവാഹമാണ് പ്രതീക്ഷിക്കുന്നത്. 

ലോകത്തെ  അളവറ്റ പൈതൃകസ്വത്തുകളിൽ ഒന്നായി 2011 ൽ യുനെസ്‌കോ ഏറ്റവും പ്രചാരമുള്ള ഈ ആഗോള സമാധാനഗാനത്തെ പ്രഖ്യാപിച്ചു. ഇന്ന് ലോകത്തിലെ 300 ഭാഷകളിൽ മുഴങ്ങുന്നു ഈ ഗാനം. ലോകമഹായുദ്ധങ്ങളും വൻപ്രതിസന്ധികളും കടന്ന് ലോകം 21–ാം നൂറ്റാണ്ടിന്റെ മൂന്നാം ദശകത്തിലേക്കു കടക്കാൻ തുടങ്ങിയിട്ടും   ക്രിസ്‌മസിനൊപ്പം  ലോകത്തിന്റെ മനസാക്ഷി ഗാനമായി ഇന്നും  ആ  വരികൾ കാലാതീതമായി പ്രവഹിക്കുന്നു... സൈലന്റ് നൈറ്റ്, ഹോളി നൈറ്റ്...