Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എൻ.എൻ പിള്ളയെ കുറിച്ച് മലയാളി അറിയാത്ത രഹസ്യങ്ങൾ!

vijayaraghavan-pillai

'ഗോഡ്ഫാദറാ'യി മാത്രം എൻ എൻ പിള്ളയെ തിരിച്ചറിയുന്ന തലമുറയ്ക്ക്  സ്വതന്ത്ര്യ സമരസേനാനിയും  നാടകാചാര്യനുമായ എൻ എൻ പിള്ളയെക്കുറിച്ചറിയാൻ വിക്കി പീഡിയ തിരയേണ്ടിവരും .എന്നാൽ 'ഞാൻ ' എന്ന പേരിൽ   അദ്ദേഹം എഴുതിയ ആത്മകഥയിലോ  വിക്കി പീഡിയയിലോ പരാമർശിക്കാത്ത ചെറിയ പരസ്യവും വലിയ രഹസ്യവുമുണ്ട്..നാടകകൃത്തും തിരക്കഥാകൃത്തുമായ എൻ എൻ പിള്ള ഒരു ഗാനരചയിതാവു കൂടിയായിരുന്നു എന്ന രഹസ്യം ! .നാടകങ്ങൾക്കുവേണ്ടിയും  അതിലൂടെ സിനിമയ്ക്കുവേണ്ടിയും പാട്ടുകൾ എഴുതിയിട്ടുള്ള ഒരു ഗംഭീര ഗാനരചയിതാവ്! എൻ.എൻ പിള്ളയുടെ നാടകങ്ങൾ പൊതുവേ സംഗീത നാടകങ്ങൾ ആയിരുന്നില്ലെങ്കിലും,നാടകങ്ങളിൽ  അനിവാര്യമായി വന്നിരുന്ന പാട്ടുകളിൽ എല്ലാം തന്നെ അദ്ദേഹമായിരുന്നു എഴുതിയത്.അതിൽ രണ്ടുപാട്ടുകൾ മാത്രമാണ്  ഗ്രാമഫോൺ റെക്കോർഡായി പുറത്തിറങ്ങിയിട്ടുള്ളത്

nn-pilla-2

1962 ൽ 'ആത്മബലി' എന്ന നാടകത്തിനുവേണ്ടി എൻ.എൻ. പിള്ള എഴുതി ജയവിജയൻമാർ ഈണം പകർന്ന 'കാട്ടരുവിയും കടലും' എന്ന അതിമനോഹരമായ ഗാനം അക്കാലത്ത് നാടകത്തിൽ പാടുകയും അഭിനയിക്കുകയും ചെയ്തിരുന്നത് പ്രമുഖ നടൻ ജോസ് പ്രകാശായിരുന്നു. പിന്നീട് ജോസ് പ്രകാശിന് സിനിമകളിൽ തിരക്കേറിയപ്പോൾ ആ കഥാപാത്രമായി  അഭിനയിക്കാനെത്തിയ ടി .കെ ജോണി (വൈക്കം ജോൺ) നുവേണ്ടി പിന്നണിയിൽ ഈ പാട്ടുപാടിയിരുന്നതു പ്രമുഖ ഗായകനായ തോപ്പിൽ ആന്റോ ആയിരുന്നു .

nn-pilla

1967 ൽ എൻ.എൻ പിള്ള– ജയവിജയൻ ടീമിന്റെ  രണ്ടു നാടകഗാനങ്ങൾ  ഗ്രാമഫോൺ റെക്കോർഡായി എച്ച് .എം .വി കമ്പനി പുറത്തിറക്കിയപ്പോൾ അതിലൊന്ന് അതിനോടകം പ്രസിദ്ധമായ ഈ പാട്ടായിരുന്നു.  രണ്ടു ഗാനങ്ങളും പാടിയതാകട്ടെ യേശുദാസും . 'ആത്മബലി'യിലെ  'കാട്ടരുവിയും കടലും' എന്നു തുടങ്ങുന്ന ഗാനം  'പ്രേതലോകം' എന്ന   നാടകത്തിലെ ഗാനമായി തെറ്റായിട്ടാണ് റെക്കോർഡിൽ രേഖപ്പെടുത്തിയിരുന്നത്. 

രചനാപരമായി ഉയർന്ന ഗുണനിലവാരം പുലർത്തിയിരുന്ന ഗാനങ്ങൾ തന്നെയാണ് എൻ എൻ പിള്ളയുടെ ഗാന സൃഷ്ടികൾ. ഇതേ റെക്കോർഡിൽ തന്നെയുള്ള 'പ്രേതലോകം' എന്ന നാടകത്തിലെ  'സുബർക്കത്തിൽ മലക്ക് …' എന്നു തുടങ്ങുന്ന മാപ്പിളപ്പാട്ട് ശൈലിയിലുള്ള  ഗാനം  കടുത്ത നിരീശ്വര വാദിയും  സാമൂഹ്യസ്നേഹിയുമായിരുന്ന എൻ എൻ പിള്ളയുടെ സമുദായ, രാഷ്ട്രീയ നിരീക്ഷണത്തിന്റെ  മികച്ചൊരു കണ്ണാടി കൂടിയാണ് .

nn-pilla-4

സ്വന്തം നാടകമായ 'കാപാലിക' ജനപ്രീതിയിൽ വളരെ മുന്നേറിയ സമയത്ത്  1974 ൽ സിനിമയായി പുനഃസൃഷ്ടിക്കപ്പെട്ടപ്പോൾ നാടകത്തിലെ അവതരണ  ഗാനം  സിനിമയിലേയ്ക്ക് കൂട്ടിച്ചേർക്കപ്പെട്ടു. അങ്ങനെ എൻ.എൻ. പിള്ള  ചരിത്രത്തിൽ ഒരു ചലച്ചിത്രഗാന രചയിതാവുകൂടിയായി രേഖപ്പെടുത്തപ്പെട്ടു .നാടകത്തിന്റെ  

സംഗീതസംവിധാനം  കുമരകം രാജപ്പനായിരുന്നുവെങ്കിലും  'കാപാലിക' സിനിമയായപ്പോൾ ആർ.കെ. ശേഖറായിരുന്നു സംഗീത സംവിധായകൻ. എ.ആർ.റഹ്മാന്റെ അച്ഛനെന്ന നിലയിൽ പുതുതലമുറ പിന്നീട് കൊണ്ടാടിയ  അതേ ആർ കെ ശേഖർ !

ഒരു ഇംഗ്ളീഷ് ഗാനംകൂടി എൻ.എൻ. പിള്ള ഈ സിനിമയ്ക്കായി എഴുതി. ആ ഗാനരംഗത്തു പാടി അഭിനയിച്ചിരിക്കുന്നത് ഈ സിനിമയിലൂടെ തന്നെ അരങ്ങേറ്റം കുറിച്ച മകൻ വിജയരാഘവനും. ഈ  ഡിസംബർ 23 ന് എൻ. എൻ പിള്ളയുടെ  ജൻമശതാബ്ദി ദിനമാണ്. ചരിത്രത്തിലേക്കു സർഗസൃഷ്ടിയുടെ നിരവധി തിരുശേഷിപ്പുകൾ സമ്മാനിച്ച് കടന്നുപോയ  ആ  നാടകകുലപതിയ്ക്ക്   ആസ്വാദകപ്രണാമം