ചുരുട്ടിയ കടലാസില്‍ മനോഹര കവിത; മണിച്ചിത്രത്താഴിന്റെ വഴിത്തിരിവ്

മണിച്ചിത്രത്താഴിലെ കേന്ദ്ര കഥാപാത്രം ഗംഗയിലെ രോഗി ചെയ്യുന്നത് ഗംഗ അറിയുന്നില്ല എന്ന കടമ്പ മറികടന്നപ്പോൾ സംവിധായകൻ ഫാസിലിനെയും തിരക്കഥാകൃത്ത് മധു മുട്ടത്തെയും കുഴക്കി അടുത്ത പ്രശ്നം ഉദിച്ചു. ക്രൂരനായ കാരണവരുടെയും നാഗവല്ലിയുടെയും കഥ കേട്ടയുടൻ ഗംഗ മനോരോഗിയായി മാറുന്നതായി കാണിച്ചാൽ പ്രേക്ഷകർക്ക് അത് ഉൾകൊള്ളാൻ കഴിയാതെ വരും.

തെക്കിനിയുടെ ഭാഗത്തേക്ക് ഗംഗയെ വലിച്ചടുപ്പിച്ചത് അവളിലെ മനോരോഗിയാണ്. അതേ മനോരോഗി തന്നെയാണ് തെക്കിനിക്കു പുതിയ താക്കോൽ പണിയാൻ ആവേശം കാണിച്ചതും താക്കോൽ കിട്ടിയപ്പോൾ പൂട്ട് തുറന്ന് അകത്ത് കയറിയതും. മാടമ്പള്ളിയിൽ വന്ന നാളുകളിലോ അതിനു തൊട്ടുമുമ്പോ ആകാം ഗംഗയ്ക്കു മനോരോഗം ഉണ്ടായതെന്ന് പറഞ്ഞുവെച്ചാലും അവിടെയും ഒരു അപൂർണതയുണ്ട്. 

എഴുത്തിലെ ഈ പ്രതിസന്ധി നിലനിൽക്കുന്നതിനിടെ യാദൃശ്ചികമായി ഒരു യാത്രക്കിടെ മധുവും ഫാസിലും തോട്ടപ്പള്ളിയിലെ കല്‍പകവാടിയിൽ ചായകുടിക്കാൻ കയറി. അവിടെ തിരക്കഥാകൃത്ത് ചെറിയാൻ കല്‍പകവാടി ഉണ്ടായിരുന്നു. സിനിമയെക്കുറിച്ചും എത്തിനിൽക്കുന്ന പ്രതിസന്ധിയെക്കുറിച്ചും പറഞ്ഞു. 

'പണ്ടെപ്പഴെങ്കിലും മാനസികരോഗം വന്നിട്ടുള്ള ഒരാൾക്ക് ചികിത്സിച്ചു ഭേദമാക്കിയാലും, പ്രത്യേക സാഹചര്യത്തിൽ, അതു വീണ്ടും വരാമെന്നൊരു സാധ്യത ചെറിയാൻ കൽപകവാടി പങ്കുവെച്ചു. മടക്കയാത്രയിൽ ഫാസിലും മധു മുട്ടവും ഗംഗയ്ക്കു മുൻപൊരിക്കൽ മാനസിക രോഗം വന്നിരുന്നു എന്ന സാധ്യതയിലേക്കു തങ്ങളുടെ ചിന്തകളെ പടർത്തി. പ്രണയ നൈരാശ്യം, കുടുംബ കലഹം, അടുത്ത കൂട്ടുകാരിയുടെ ദാരുണ മരണം, കാണാൻ പാടില്ലാത്തതെന്തോ പെട്ടെന്ന് കണ്ടപ്പോഴുണ്ടായ ഷോക്ക് അങ്ങനെ പലവിധ ചിന്തകൾ ഇരുവരുടെയും മനസ്സിൽ ഉണർന്നു. 

മറ്റൊരു ദിവസം മധു മുട്ടം ഫാസിലിന്റെ വീട്ടിലെത്തുമ്പോൾ കയ്യിലൊരു ചുരുട്ടി പിടിച്ച മാസിക ഉണ്ടായിരുന്നു. ഫാസിൽ അതെടുത്തു മറിച്ച് നോക്കിയപ്പോൾ പേജുകൾക്കിടയിലൊരു പേപ്പർ. അതിൽ മധുവിന്റെ കൈയക്ഷരം. എന്താണെന്ന് ഫാസിൽ ആരാഞ്ഞപ്പോൾ അത് പണ്ട് എപ്പോഴോ താൻ എഴുതിയതാണെന്ന് ലാഘവത്തോടെ മധുവിന്റെ മറുപടി. ഫാസിൽ അത് വായിച്ചു. 

‘വരുവാനില്ലാരുമിങ്ങൊരു

നാളുമീ വഴിക്കറിയാ-

മതെന്നാലുമെന്നും

പ്രിയമുള്ളോരാളാരോ 

വരുവാനുണ്ടെന്ന് ഞാൻ 

വെറുത മോഹിക്കാറുണ്ടല്ലോ…’ 

ഇത് വായിച്ച് കഴിഞ്ഞപ്പോൾ ഫാസിലിന്റെ മനസ്സിലേക്ക് നൊസ്റ്റാൾജിയ പോലെ എന്തോ അരിച്ചു കയറി. അദ്ദേഹം മധുവിനു നേരേ തിരിഞ്ഞ് ഇങ്ങനെ ചോദിച്ചു. ‘ഇത് എഴുതിയത് ഗംഗയല്ലേ? ഗംഗയയല്ലേ പാടിയത്. ഈ വേദനകളത്രയും അനുഭവിച്ചതും ഗംഗ തന്നയല്ലേ. അവളുടെ കഥയല്ലേ ഇത്’ 

ഫാസിലിന്റെ ചോദ്യങ്ങൾ ബുള്ളറ്റു പോലെ മധു മുട്ടത്തിന്റെ മനസ്സിൽ പതിച്ചു. അദ്ദേഹത്തിന്റെ കണ്ണുകൾ വിടർന്നു കൽപന ഉണർന്നു. പ്രതിസന്ധി മാറി. അന്ന് രാത്രി മധു കഥയുണ്ടാക്കി.

കുഞ്ഞു ഗംഗയെ മുത്തശ്ശിയെ ഏൽപ്പിച്ച് കൽക്കട്ടയിലേക്ക് അച്ഛനമ്മമാർ പോകുന്നതും. മുത്തശ്ശിയുടെ നാട്ടുരീതികളോട് ഇഴുകി ചേർന്നു ജീവിച്ചിരുന്ന ഗംഗയെ പെട്ടെന്നൊരുന്നാൾ കൽക്കട്ടയിലേക്ക് പറിച്ചു നടാൻ രക്ഷാകർത്താക്കൾ ശ്രമിക്കുന്നതും പരീക്ഷഹാളിൽ നിന്ന് ഗംഗ ഓടി ഇറങ്ങുന്നതുമൊക്കെ കഥയായി വികസിച്ചു. ഗംഗക്കുണ്ടായ ആദ്യത്തെ സൈക്കിക്ക് അറ്റാക്ക് അതായിരുന്നു. മരുന്നുകൾ കൊണ്ട് ഉറക്കികിടത്തിയ ഗംഗയിലെ മനോരോഗി മാടമ്പള്ളിയിലെ അന്തരീക്ഷത്തിലേക്ക് പുറത്തേക്ക് ചാടുന്നതു വരെ ഭദ്രവും ഹൃദ്യവുമായി എഴുതി ചേർക്കാൻ അവിചാരിതമായി വീണു കിട്ടിയ ആ പാട്ടിലെ വരികൾ നിമിത്തമായി. എഴുത്തിലെ പ്രതിസന്ധി വഴിമാറുകയും ചെയ്തു. 

മധു എഴുതിയ ഗാനം സിനിമയിലേക്ക് എടുക്കുകയാണെന്നും അതിന്റെ ഗാന ചിത്രീകരണത്തിലൂടെ ഗംഗയുടെ ഭൂതകാലം അവതരിപ്പിക്കുകയും ചെയ്യാമെന്ന് ഫാസിൽ പറഞ്ഞു. അതുകൊണ്ട് എല്ലാം വലിച്ചു വാരി എഴുതേണ്ടതില്ലെന്നും ഫാസിൽ മധുവിന് നിർദ്ദേശം നൽകി. 

അങ്ങനെ മണിച്ചിത്രത്താഴ് സിനിമയുടെ ആശയമൊക്കെ ജനിക്കുന്നതിനു വളരെ നാളുകൾക്ക് മുമ്പ് മധു മുട്ടം എഴുതിവെച്ചിരുന്ന ഒരു ഗാനം കഥയുടെ ഒരു പ്രതിസന്ധിയെ മറികടക്കുന്നു. ഒരു വരി പോലും വെട്ടി മാറ്റാത്തെ എം.ജി. രാധകൃഷ്ണൻ ഈണമിട്ട ഗാനം മലയാളത്തിലെ മികച്ച മെലഡികളിൽ ഒന്നായി മാറുന്നു. കെ.എസ്. ചിത്ര താൻ പാടിയ പാട്ടുകളിൽ തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഗാനങ്ങളിലൊന്നായി ഇതിനെ കാണുന്നു.തനിക്ക് ഏറെ ഇഷ്ടമുള്ള ഗാനചിത്രീകരണങ്ങളിൽ ഒന്നാണിതെന്നും ചിത്ര പറയുന്നു.