ബോളിവുഡിന്റെ പ്രണയം: ഇമ്രാൻ ഗാനങ്ങളിലൂടെ

ഇമ്രാൻ ഹാഷ്മി എന്ന പേര് കേൾക്കുമ്പോൾ ആദ്യം ഓർമ വരിക ചൂടൻ ചുംബന രംഗങ്ങളും റൊമാന്റിക്ക് സിനിമകളും തന്നെയാകും. എന്നാൽ ഈയടുത്ത് ഇമ്രാൻ വാർത്തകളിൽ നിറഞ്ഞത് ഒരു പുസ്തകത്തിന്റെ പേരിലാണ്- ‘ദ കിസ്സ് ഓഫ് ലൈഫ്- ഹൗ എ സൂപ്പര്‍ഹീറോ ആൻഡ് മൈ സണ്‍ ഡിഫീറ്റഡ് കാന്‍സര്‍’. കുഞ്ഞുമകൻ അയാന്റെ കാൻസർ ദിനങ്ങളെപ്പറ്റിയാണ് ഇമ്രാൻ പുസ്തകമെഴുതിയത്. പുസ്തകം നന്നായി സ്വീകരിക്കപ്പെടുകയും ചെയ്തു.

ഇമ്രാന്റെ സിനിമയിലെ പാട്ടുകൾക്കൊക്കെ എന്തോ മാന്ത്രികതയുണ്ട്. അവയിലെ ചില രംഗങ്ങൾ വിവാദമായെങ്കിലും പാട്ടുകൾ പലതും സൂപ്പർ ഹിറ്റുകളുമായിരുന്നു. ഇമ്രാന്റെ മനോഹരമായ പാട്ടുകളിലൂടെ ഒരു യാത്ര...

"മേരെ ദിൽക്കോ തു ജാൻ സെ ജൂദാ കർ ദേ

യുങ് ബസ് തൂ മുജ്‌ജ്‌കോ ഫനാ കർ ദേ

മേരാ ഹാൽ തൂ മേരി ചാൽ തൂ

ബസ് കർ ദേ ആഷിക്കാനാ...

തെരെ വാസ്‌തേ മേരാ ഇഷ്‌ക് സൂഫിയാന

മേരാ ഇഷ്‌ക് സൂഫിയാന"...

വിദ്യാബാലന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മോഹാർദ്രമായ രംഗങ്ങളായിരുന്നു "ഡേർട്ടി പിക്ചേഴ്സ്" എന്ന സിനിമയിൽ ഉണ്ടായിരുന്നത്. മലയാളത്തിലെ മോഹിപ്പിച്ചിരുന്ന മാദക സുന്ദരി സിൽക്ക് സ്മിതയുടെ ജീവിതമെന്ന ടാഗ് ലൈനിലായിരുന്നു ഈ സിനിമ സ്ക്രീനിലെത്തിയത്.
എന്റെ ആത്മാവിൽ നിന്നും ഹൃദയത്തെ നീ വേർപിരിക്കുന്നു...
എനിക്ക് എന്നെ തന്നെ നഷ്ടമാകുന്നുണ്ട്, ഞാനിപ്പോൾ ചെയ്യുന്നതൊക്കെ നീ എന്നോട് ആവശ്യപ്പെടുന്നത് തന്നെ, പ്രിയപ്പെട്ടവളെ എന്നെ ഒരു കാമുകനാക്കൂ....

ഇമ്രാൻ ഹാഷ്മിയുടെ നായികയായി വിദ്യാബാലൻ ഓരോ നിമിഷവും മോഹിപ്പിക്കുക തന്നെയായിരുന്നു. കഥയ്ക്കുള്ളിലെ പ്രണയത്തിന്റെ അലയൊലികൾ നായികയുടെ മുഖത്തില്ലെങ്കിൽ പോലും നായകനായി അഭിനയിച്ച ഇമ്രാന്റെ പ്രണയത്തിനു പത്തരമാറ്റ് തങ്കത്തിളക്കമുണ്ടായിരുന്നു. 

"സാത്ത് സാത്ത് ചൽത്തെ ചൽത്തെ ചൂട്ട് ജായേങ്കെ

ഐസി രാഹോൻ മെയിൻ മിലോ നാ..

ബാതെയിൻ ബാതെയിൻ കർത്തെ കർത്തെ രാത് കട്ട് ജായെഗീ 

എയിസി റാത്തോൺ മെയിൻ മിലോ നാ.."

നാം നടക്കുന്ന വഴികളിൽ വച്ച് എന്റെ കൈവിരലുകൾ നിന്നിൽ നിന്നകന്നാൽ... ആ വഴികളിൽ വച്ച് നമുക്ക് കണ്ടു മുട്ടേണ്ടതില്ല...
സംസാരിച്ചു കൊണ്ട് നാമിങ്ങനെ നടക്കുമ്പോൾ രാത്രി അവസാനിച്ചാൽ...
അത്തരം രാവുകളിൽ നമുക്കിന്നു കണ്ടു മുട്ടേണ്ടതില്ല... 

എത്രത്തോളം വരികളെ പ്രണയാർദ്രമാക്കാമോ അത്രമാത്രം സ്നേഹത്തിന്റെ കടൽ ഒളിപ്പിച്ചിട്ടുണ്ട് ഈ പാട്ടിൽ. ഇമ്രാന്റെ മികച്ച ഗാനങ്ങളിൽ ഒന്ന് തിരഞ്ഞെടുക്കാൻ പറഞ്ഞാൽ കാഴ്ചയുടെ ഭംഗി കൊണ്ടും വരികളുടെയും സംഗീതത്തിന്റെയും സൗന്ദര്യം കൊണ്ടും അദ്ദേഹത്തിന്റെ ആരാധികമാർ തിരഞ്ഞെടുക്കുന്ന പാട്ടുകളിലൊന്ന് ഇതാകും. സൂഫി നൃത്തത്തിന്റെ പശ്ചാത്തല ഭംഗിയിൽ ഇമ്രാന്റെ പ്രണയം പൂത്തുലയുന്നു...

അവളുടെ ചുവന്ന പൊട്ടിന്, കരിയെഴുതിയ വലിയ കണ്ണുകൾക്ക്, പ്രണയത്തിന്റെ ഏതോ നിമിഷത്തിൽ അവളിൽനിന്ന് അറിയാതെ പകർന്നെത്തിയ ഒരു ചുംബനത്തിന്, ദൈവത്തോളം എത്തുന്ന സ്നേഹത്തിന്റെ തണുപ്പുണ്ടായിരുന്നു. ഇപ്പോഴും ഒന്നിച്ചുണ്ടാകേണ്ടവർ, ഒന്നിച്ചു നടക്കേണ്ടവർ ഒക്കെയാകുമ്പോൾ പാതിവഴിയിൽ നഷ്ടപ്പെട്ടു പോകുന്ന വഴികളും പാതിയിൽ വച്ച് ഇല്ലാതായിപ്പോകുന്ന രാത്രിയുമൊക്കെ നൽകുന്ന നിരാശ ഇനിയും വയ്യ... ഇപ്പോഴും നീയെന്റെ ഒപ്പമുണ്ടായിരിക്കൂ....

യൂട്യൂബിൽ ഏറ്റവുമധികം ഹിറ്റുകൾ വാരിക്കൂട്ടിയ, ടി സീരീസ് ഇറക്കിയ ഇമ്രാൻ ആൽബമാണ് "Main Rahoon Ya Na Rahoon ". 

"മെയിൻ രഹൂ യാ നാ രഹൂ 

തും മുജ്തഹമേ കത്തി ബാഗി രഹ്ന ...

മുജ്തഹേ നീണ്ട ആയെ ജോ ആഖീറി 

തും ഖാബോ മേം അത്തെ രഹ്ന... "

അവളോടുള്ള പ്രണയം അയാൾ ഒരിക്കലും പറഞ്ഞതേയില്ല. പകരം പറയാതെ പറഞ്ഞു. എന്നാൽ അവളൊരിക്കലും അത് കണ്ടിരുന്നില്ല... അവനറിഞ്ഞിരുന്നില്ല.. എങ്കിലും അവളുടെ സൗഹൃദത്തെ അടുത്തുനിന്ന് കണ്ടു, അവളെ തന്നിലേക്ക് എപ്പോഴും ചേർത്ത് നിർത്തി, അവനു അത്രയും മതിയായിരുന്നു, അവളുടെ പാട്ടുകൾ, അവളുടെ മുടിയിഴകൾ, അവളുടെ സ്നേഹം...
അവൻ പാടുന്നു...

ഞാൻ ജീവിച്ചിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്യാം...അപ്പോഴും എന്നിലെവിടെയോ ഏറ്റവും ഉള്ളിൽ നീയുണ്ടായിരിക്കുക...എന്റെ അവസാന നിമിഷങ്ങൾ എന്നിലേക്കെത്തിയാലും എന്റെ സ്വപ്നങ്ങളിൽ നീ എന്നുമുണ്ടായിരിക്കുക...
അതുമാത്രമേ എനിക്ക് നിന്നോട് പറയുവാനുള്ളൂ.... മഴയിൽ പോലും അവന് എത്തണമായിരുന്നു അവളുടെ ദിനങ്ങളിലൊക്കെയും ഒരു അടരാത്ത മഴതുള്ളി പോലെ അവനു പടരണമായിരുന്നു... സൂര്യപ്രകാശത്തിന്റെ ചെറു ചൂടായെത്തി അവളെ ഉറക്കത്തിൽ നിന്ന് പോലും ചേർത്തണയ്ക്കണമായിരുന്നു...സ്വപ്‌നങ്ങൾ ഉലഞ്ഞു പോകുന്നതിന്റെ വേദന എന്നെങ്കിലും അവസാനിക്കുമോ? ഒരിക്കലുമില്ല... അതിങ്ങനെ മനുഷ്യരിൽ നിന്നും മനുഷ്യരെ കടന്നു പൊയ്ക്കൊണ്ടേയിരിക്കും. 

"ഹവാവോ മെയിൻ ലിപ്റ്റ ഹുവാ മെയിൻ

ഗുസാർ ജാവൂങ്ങ തുംകൊ ചൂകെ..

അഗർ മാന് ഹോ തോ രോക് ലെന

ടെഹർ ജാവൂങ്ങ ഇൻ ലാബോ പേ 

മെയിൻ ദിഖൂൻ യ നാ ദിഖൂൻ

തും മുജ്‌കോ മെഹ്‌സൂസ് കർണ..."

കാറ്റായും മഴയായും പെയ്തു പ്രണയത്തിന്റെ അടുത്തെത്താൻ ഗന്ധർവനു മാത്രമല്ല പ്രണയിക്കുന്നവർക്കും സാധിക്കും. കാറ്റ് പോലെയും മഴത്തുള്ളി പോലെയുമൊക്കെ എപ്പോഴും ആ സാമീപ്യം അവർ അറിഞ്ഞു കൊണ്ടും അനുഭവിച്ചു കൊണ്ടുമിരിക്കും.
കാറ്റാൽ അറിയപ്പെട്ട് അവൻ അവളിലേക്ക് ഇപ്പോഴും വന്നു കൊണ്ടും പൊയ്ക്കൊണ്ടുമിരിക്കും... കാറ്റിന്റെ സഞ്ചാരം അവന്റേതുമായി മാറുന്നു...അവളുടെ ചുണ്ടുകളിൽ വന്നെപ്പോഴും ഒരു കാറ്റിന്റെ മർമ്മരം തടയുന്നുണ്ട്, ഒരുപക്ഷേ അവൾ അതറിയുന്നതു പോലുമുണ്ടാകില്ല, എങ്കിലും ഒരു കാറ്റിന്റെ സ്പര്ശനത്തിൽ അവനെ അറിയാൻ അവൾക്ക് കഴിയുന്നുണ്ടാകാം...  കണ്ടില്ലെങ്കിലും ആ അനുഭവം അവനാണെന്നു തന്നെ അറിയുക...പക്ഷേ അവനറിഞ്ഞിരുന്നില്ല, പ്രണയത്തെ ഉള്ളിൽ ഒതുക്കി വച്ച് പ്രിയപ്പെട്ടവളുടെയും അവളുടെ പ്രിയപ്പെട്ടവന്റെയും മുന്നിൽ നാടകം തുടരേണ്ടി വരുമെന്ന്... അതൊരിക്കലും ഒരു അവസാനമാകുന്നില്ല... കാത്തിരിപ്പ് തുടരുന്നു എന്ന പോലെ പ്രണയത്തിന്റെ കൽവിളക്കിൽ നിത്യവും എണ്ണ പകർന്നു അവൻ അവളുടെ പ്രണയത്തെ കാറ്റ് പോലെയും മഴ പോലെയും ഇപ്പോഴും ഒപ്പം കൊണ്ട് നടന്നു... 

അപൂർണമായ ചില കഥകളുണ്ട്.... എപ്പോഴും അങ്ങനെ തന്നെ അത് തുടരുകയും ചെയ്യുകയും. എത്രമാത്രം പൂർണതയിലേക്കു കുതിക്കാൻ വെമ്പുമ്പോഴും എവിടെയൊക്കെയോ കാലം ബാക്കി വയ്ക്കുന്ന അപൂർണതകൾ. നഷ്ടപ്പെടും എന്നറിഞ്ഞു കൊണ്ടും ചിലർ സ്നേഹിക്കാറുണ്ട്. നഷ്ടപ്പെട്ടാൽ പോലും മനസ്സുകൊണ്ട് അത്രമാത്രം അവർ അടുത്തിരിക്കുന്നവരാകാം. അതുകൊണ്ടു തന്നെ ശരീരങ്ങളുടെ അകൽച്ച അവർ കാര്യമാക്കാറേയില്ല. 

അരിജിത്തിന്റെ ശബ്ദത്തിന്റെ മാന്ത്രികതയും നെഞ്ചിനെ നോവിക്കുന്ന ഈണവും തന്നെയാകാം "ഹമാരി അധൂരി കഹാനി " എന്ന ചിത്രത്തിലെ ഗാനത്തെ ഇത്ര ജനപ്രിയമാക്കിയത്. നെഞ്ചിൽ പ്രണയത്തിന്റെ പേമാരി പെയ്തിറങ്ങുമ്പോഴും ചിരിയുടെ കനലുകൾ കെട്ടു പോകാതെ അവളുടെ ചിത്രത്തിൽ കാത്തിരിപ്പിന്റെ ഈണങ്ങൾ അവൻ കണ്ടെത്തുന്നു...

"പാസ് ആയെ ദൂരിയാ ഫിർ ഭി കം നാ ഹുവേ 

ഏക് അധൂരി സി ഹാമാരി കഹാനി രഹീ

ആസ്മാൻ കോ സമീൻ യെ സരൂരി നഹീ

ജാ മിലെ.. ജാ മിലെ...

ഇഷ്‌ക് സച്ചാ വഹീ

ജിസ്‌കോ മിൽത്തീ നഹീ മൻസിലേൻ... മൻസിലേൻ... "

അകലങ്ങൾ തീരുമാനിയ്ക്കാൻ ആകാതെ നമ്മളെത്രയോ അടുത്തിരുന്നു...
പക്ഷേ അപ്പോഴും നമ്മുടെ കഥ ഇങ്ങനെ, പൂർണമാകാതെ...

ആകാശത്തിനെപ്പോഴും ഭൂമിയെ തൊട്ടെടുക്കണമെന്നു യാതൊരു നിബന്ധവുമില്ല... ലക്ഷ്യമില്ലാതെ യാഥാർഥ പ്രണയം അലഞ്ഞു നടക്കുന്നുണ്ടാവാം...ഒരു പൂവിലും മഞ്ഞിലും പോലും അവളുടെ പ്രണയത്തെ കണ്ടെത്താൻ അവനു പിന്നെ ബുദ്ധിമുട്ടുണ്ടാകില്ല. ജീവിതങ്ങൾ ചേർത്തുവയ്ക്കപ്പെടുമ്പോൾ നഷ്ടപ്പെടുന്നത് പ്രണയമാണെങ്കിൽ അതിന്റെ ത്യാഗത്തെ മാത്രമോർത്ത് വീണ്ടും വീണ്ടും അവളിലേക്ക് ചേരാൻ മാത്രമേ അവനു കഴിയൂ... സങ്കടത്തിന്റെ മുഖവുമായാണ് ഇമ്രാൻ ആരാധകരുടെ മനസ്സിനെ പിടിച്ചെടുക്കുന്നത്. പ്രണയാതുരനും കാമാതുരനുമായ കാമുകന്റെ ഭാവം വെടിഞ്ഞ് പ്രണയത്തിന്റെ സത്യസന്ധതയിലേക്ക് ഇമ്രാൻ നടന്നടുക്കുന്നു.

"ജന്നതെയിൻ അഗർ യഹീൻ

തു ദിഖ്‌റ് ക്യോൻ നഹീ

ചാന്ദ് സൂരജ് സാബി ഹെയിൻ യഹാൻ

ഇന്ദസാർ തേരാ സാഡിയോൺ സെ കർ രഹാ

പയസ്സി ബൈത്തി ഹൈ കാബ് സെ യഹാൻ 

ഹാമാരി അധൂരി കഹാനി..."

ഇവിടെ സ്വർഗം മാത്രമേയുള്ളൂ എന്നാണെങ്കിൽ എനിക്കെന്തുകൊണ്ട് നിന്നെ ഇവിടെ കണ്ടെത്താൻ കഴിയുന്നില്ല?
ചന്ദ്രനും സൂര്യനും ഒക്കെ ഇവിടെ മാത്രമേ ഉള്ളുവെങ്കിൽ, നിനക്ക് വേണ്ടി നൂറ്റാണ്ടുകളോളം ഞാൻ കാത്തിരിക്കും...
ദാഹം പകർന്നു കൊണ്ട് അപൂർണമായ നമ്മുടെ പ്രണയകഥ ഇവിടെയുണ്ടാകും... 
അപൂർണതയുടെ ഭംഗി ഇമ്രാന്റെയും വിദ്യാ ബാലന്റെയും മുഖത്തുണ്ട്. പ്രണയമുണ്ടെങ്കിൽ പോലും അതു പ്രകടിപ്പിക്കാനാകാതെ മനസ്സിൽ മാത്രം ഒളിപ്പിച്ച് നിർത്തി ചുണ്ടിൽ പുഞ്ചിരിയൊട്ടിക്കുന്ന പ്രണയത്തിന്റെ നോവുകൾ... അതിങ്ങനെ കത്തിപ്പടർന്നു കൊണ്ടേയിരിക്കും, കേൾക്കുന്നവന്റെ നെഞ്ചും കടന്നു ആത്മാവിലേക്ക്.... 

നിന്നെ കിട്ടിയാൽ പിന്നെ എന്ത് വേണം.... ലോകം മുഴുവൻ ഉപേക്ഷിക്കാം... എനിക്കുള്ളതെല്ലാം നിനക്കായി മാറ്റി വയ്ക്കാം... 

അഗർ തും മിൽജാവോ

സമാനാ ജോഡ് ടെൻകെ ഹം

തുമഹേ പകർ സമാനാ ഫർ സെ

രിഷത്തെ തോട് ടെൻകെ ഹം

പ്രതികാരത്തിന്റെയും പകയുടെയും ഇടയിൽ നിന്നുകൊണ്ടും പ്രണയിക്കാനാകുമോ? അന്നയ്ക്ക് സിദ്ധാര്‍ത്ഥിനോടുണ്ടായിരുന്നത് അതുകൊണ്ടു തന്നെ പ്രണയമായിരുന്നില്ലെങ്കിലും അയാളുടെ സ്നേഹം അത്രമേൽ ആഴമേറിയതായിരുന്നു. ഒരുനാൾ പ്രിയപ്പെട്ടവളായി കൂടെയുണ്ടായിരുന്നവൾ കൂട്ട് വിട്ടു പോയെങ്കിലും അന്നയുടെ സ്നേഹം ഒരു സങ്കീർത്തനം പോലെയാണ് അയാൾക്കനുഭവപെട്ടത്. അതുകൊണ്ടു തന്നെയാണ് അവളിലേക്ക് അയാൾ ചാഞ്ഞു പോയതും.
പക്ഷേ ഇവിടെ അവളാണ് അവളുടെ പ്രണയം പറയുന്നത്, തന്നി നിന്ന് വേർപെടാനൊരുങ്ങുന്ന പ്രിയപ്പെട്ടവനെ കാതരമായി വിളിച്ചുണർത്തി അവൾ പാടുന്നു,

"നിന്നെ ലഭിച്ചാൽ ഈ ലോകം പോലും ഞാൻ ഉപേക്ഷിക്കും..  നിന്നെ ലഭിച്ച ശേഷം ഈ ലോകവുമായുള്ള ബന്ധം തന്നെ ഞാൻ അടർത്തി കളയാൻ ആഗ്രഹിക്കുന്നു...."
വരികളിലെ പ്രണയാതുരമായ നിമിഷങ്ങൾ ഇമ്രാന്റെയും ഉദിത്ത് ഗോസ്വാമിയുടെയും ചൂടൻ രംഗങ്ങൾ കൊണ്ട് നിറഞ്ഞതെങ്കിലും വരികളുടെ മനോഹാരിത നെഞ്ചു തുളയ്ക്കാൻ പാകത്തിനുള്ളതാണ്.

"ബിനാ തെരെ കോയി ദിൽ കാശ് നാസാരാ ഹം ന ദേഖേൻ ഗെ

തുമഹേ ന ഹോ പസന്ദ് ഉസ്‌കോ ദൊബാര ഹം ന ദേഖേൻ ഗെ 

തേരി സൂരത്ത് ന ഹോ ജിസ് മെയിൻ 

തേരി സൂരത്ത് ന ഹോ ജിസ് മെയിൻ  വോ ശീഷ തോട് ടെൻകെ ഹം..."

നീയില്ലാതെ ഈ ലോകത്തിന്റെ മനോഹാരിത എന്റെ കണ്ണുകൾക്ക് കാണേണ്ടതില്ല..
നിനക്കിഷ്ടമില്ലാത്ത ഒന്നിലേക്ക് വീണ്ടും ഞാൻ നോക്കുക എന്നത് പോലുമുണ്ടാകില്ല..
നിന്റെ മുഖമില്ലാത്ത കണ്ണാടി തച്ചു തകർക്ക്കാനാണെനിക്ക് തോന്നുന്നത്...
നിന്നെ ലഭിച്ചാൽ ..... ഈ ലോകം തന്നെ ഞാൻ ഉപേക്ഷിക്കാം...

പ്രണയത്തിനു മുന്നിൽ വൈകാരികമായ അനുഭവങ്ങൾ മാത്രമേയുള്ളൂ, അനുഭവങ്ങൾക്ക് മുഖങ്ങളുണ്ടാകണമെന്നു നിർബന്ധമില്ല. സിദ്ധാര്‍ഥിന്റെ മുന്നിൽ രണ്ടു സ്ത്രീകളുടെ പ്രണയമുണ്ട്, അതിലാരാവണം പ്രണയം എന്നതിലല്ല, മറിച്ച് അനുഭവം കൂടെ കൂട്ടുക എന്നത് തന്നെയാണ് പ്രധാനം. അല്ലെങ്കിലും പ്രണയത്തിന്റെ പരമപ്രധാനമായ വാക്യവും അതുതന്നെയാണ്. 

മഞ്ഞിൻ തുള്ളികൾക്ക് അവരുടെ മുകളിൽ മഴ പോലെ പതിക്കേണ്ടതുണ്ടായിരുന്നു. സന്ധ്യ തുടങ്ങുമ്പോൾ മഞ്ഞു പൊഴിയുന്ന ഒരിടമുണ്ട് എല്ലാ പ്രണയിതാക്കളുടെയും സ്വപ്നങ്ങളിൽ. അവനോടൊപ്പം അവിടെ അവൾ തികച്ചും ഏകാന്തവാസത്തിലായിരിക്കും. മനോഹരമായ ഒരു ഉറക്കം. പ്യൂപ്പ പോലെ അവനിലേക്ക് ചുരുണ്ടുകൂടി ധ്യാനത്തിലിരിക്കുകയും അവനു വേണ്ടി മാത്രം ഉണരുകയും...

ഇത് ഏതു ഇടത്തിലേക്കാണ് നീയെന്നെ കൊണ്ട് വന്നത്...
ഹൃദയം ഏതോ പുതിയ രാഗം മൂളുന്നു...
മീരയെ പോലെ ഭ്രാന്തമായ പ്രണയത്താൽ ഞാൻ അകപ്പെട്ടിരിക്കുന്നു...
ലോകത്തിൽ നിന്നും വേർപെട്ടവളായി തീർന്നിരിക്കുന്നു...
പ്രണയത്തിൽ അകപ്പെട്ട ഒരുവൾക്ക് അവന്റെ പ്രിയപ്പെട്ടവനോട് വേറെ എന്ത് പറയാനാണ്...
ഹമാരി അധൂരി കഹാനി എന്ന ഇമ്രാൻ ചിത്രത്തിൽ ഹൃദയം തൊടുന്ന നിരവധി പാട്ടുകളുണ്ട്. അതിൽ സ്ത്രൈണശബ്ദത്തിൽ മികച്ചു നിന്ന ഒരു ഗാനമാണ്, ye kaisi jagah le എന്ന് തുടങ്ങുന്ന ഗാനം.

യെ കൈസി ജഗാ ലെ ആയെ ഹോ തും

യെ കൈസി നായീ ഗായേ ഹൈ ദുൻ

മെയിൻ മീര സി ദിവാനി ഹോഗയി

ഈസ് ദുനിയാ സെ ബഗാനി ഹോ ഗയി..

അടുത്തുണ്ടെന്നു കരുതിയിരുന്ന ഒരാൾ അവശേഷിപ്പിച്ചിട്ടു പോയ മുറിവിലേയ്ക്ക് മരുന്ന് വച്ചുകൊണ്ടാണ് പ്രണയമായി അവൻ വന്നു കയറിയത്.. ഏകാന്തമായ ഹൃദയത്തിലേക്ക് നോക്കാതെയിരിക്കാൻ അവൾക്കാകുന്നതേയില്ല. 

"രാത് മേരി ആഖോന് ആഖോന് മെയിൻ കട്ട് ഗയി

റോഷ്‌നി മെയിൻ തേരി ശുഭ സൊ ഹോ ഗയി

ഷെഹറ ഹൂം മെയിൻ മീരാ രൂപ ഹോ തും

യെ കൈസി ജഗ ലെ ആയെ ഹോ തും..."

നിന്നെ നോക്കിക്കൊണ്ട് കിടന്ന് ഈ രാത്രി കടന്നു പോയത് ഞാനറിയുന്നതേയില്ല...
നിന്നിൽ നിന്നുള്ള പ്രകാശമാണ് പ്രഭാതമായി പരിണമിയ്ക്കപ്പെട്ടത്...
ഞാനാണ് മുഖമെങ്കിലും നീയാണ് അതിന്റെ മനോഹാരിത...
ഇത് ഏതു ഇടത്തിലേക്കാണ് നീയെന്നെ കൊണ്ട് വന്നത്... പ്രിയപ്പെട്ടവനേ...

ഇമ്രാന്റെ പല പാട്ടുകൾക്കുമുണ്ട് ഇതേ മായാജാലം. ഏതു രംഗങ്ങളിലും മനോഹരമായി അഭിനയിക്കുമെങ്കിലും അദ്ദേഹം പേരു കേട്ടത് ചുംബനവീരൻ എന്നാണ്. പക്ഷെ അപൂർവ സുന്ദരങ്ങളായ ചില ഗാനങ്ങളിൽ അപൂർവമായ ചാരുതയോടെ തീർത്തും പ്രണയത്തിന്റെ സങ്കടങ്ങളെയും അഗാധമായ പ്രണയത്തിന്റെ വിശുദ്ധിയേയും ഇമ്രാൻ പ്രതിഫലിപ്പിച്ചിട്ടുണ്ട്. ഇമ്രാൻ ഓർക്കുമ്പോൾ തന്നെ അത്തരം പാട്ടുകളുടെ ഭംഗിയും മറക്കാൻ കഴിയുന്നതല്ല.