എത്ര പെട്ടെന്നാകും ചിലർ ചില ജീവിതങ്ങളിലേക്ക് ഓടിക്കയറുക. വിട്ടു പോകുന്ന ബസിന്റെ ചവിട്ടുപടിയിലേക്കു ചാടിക്കയറി ധൈര്യം കാട്ടുന്ന യൗവനം അതിലുമേറെ ധൈര്യം കാണിക്കുന്നത് പ്രണയിക്കാൻ വേണ്ടിയല്ലേ.... കണ്ടുമുട്ടുന്ന പലരോടും സ്നേഹം തോന്നാം.
കാണുമ്പോൾ ഒന്നു നോക്കാനുള്ള തോന്നൽ, ആ മുഖം മനസ്സിൽ ചേർത്തു വച്ച് താരതമ്യപ്പെടുത്തൽ, പിന്നെ പതിയെപ്പതിയെ അതിന്റെ ചൂടടങ്ങി ഇല്ലാതാകൽ. അത്തരം സ്നേഹങ്ങൾ നിഴലുകൾ മാത്രമായി അവശേഷിക്കും. പക്ഷേ ചില കണ്ണുകളിൽ കണ്ണുകളിടഞ്ഞാൽ പിന്നെ മറവി എന്നൊന്ന് ഉണ്ടാവുകയേ ഇല്ല; സുധിയുടെയും മിനിയുടെയും അനുരാഗം പോലെ. അതങ്ങനെ നീളും. ജീവിതങ്ങളിലേക്കു പടർന്നിറങ്ങും.
"എന്നും നിന്നെ പൂജിക്കാം
പൊന്നും പൂവും ചൂടിക്കാം
വെണ്ണിലാവിന്‍ വാസന്തലതികേ
എന്നും എന്നും എന്‍ മാറില്‍
മഞ്ഞുപെയ്യും പ്രേമത്തിന്‍
കുഞ്ഞുമാരിക്കുളിരായ് നീ അരികേ
ഒരു പൂവിന്റെ പേരില്‍ നീ ഇഴനെയ്ത രാഗം
ജീവന്റെ ശലഭങ്ങള്‍ കാതോര്‍ത്തു നിന്നൂ
ഇനിയീ നിമിഷം വാചാലം"
അനിയത്തിപ്രാവിലെ ഈ ഗാനം നെഞ്ചിലേറ്റിയത് ഒരു കാലഘട്ടം മുഴുവനുമാണ്. അതിനു പ്രധാനകാരണം വരികളുടെ പ്രണയഭാവവും അതിലഭിനയിച്ച പുതിയ പ്രണയജോടികളുമായിരുന്നു. കുഞ്ചാക്കോ ബോബനും ശാലിനിയും പിന്നീട് മലയാളിയുടെ മനസ്സിൽനിന്ന് ഇറങ്ങിപ്പോയിട്ടേയില്ല. ക്യാംപസിൽ എത്ര പെൺകുട്ടികളാണ് അന്നു കുഞ്ചാക്കോയുടെ ചിരിക്കുന്ന മുഖം നോട്ടുബുക്കിൽ ഒട്ടിച്ചും അല്ലാതെയും ചിലപ്പോൾ മാനം കാണിക്കാത്ത മയിൽപ്പീലിക്കൊപ്പവും ഒളിപ്പിച്ച് ആരാധിച്ചു നടന്നിരുന്നത്. ബേബി ശാലിനിയെന്ന ഓമനത്തത്തിൽനിന്ന് ശാലിനി എത്ര ചെറുപ്പക്കാരുടെ ഹൃദയത്തിലാണ് ആരാധനയുടെ വെണ്ണിലാവായുദിച്ചത്.
ചാക്കോച്ചൻ-ശാലിനി ജോഡി പിന്നെ മലയാളസിനിമയിൽ തരംഗമായിത്തീർന്നു.
ഏതൊരു പെണ്ണിന്റെ മനസിലുമുണ്ടാകും ചില ഇടങ്ങൾ. ശൂന്യമായി കിടക്കുന്ന ആ ഇടങ്ങളിലേക്കാണ് അവളുടെ മനസ്സിനെ തൊടുന്ന ആ രൂപം വന്നു നിറയുന്നത്. മിനിക്കു സുധിയും അങ്ങനെയായിരുന്നു. ആ പുസ്തകശാലയുടെ തണുത്ത മൗനത്തിൽ, കറുത്ത പുറംചട്ടയുള്ള ആ പുസ്തകത്തിന്റെ - ലവ് ആൻഡ് ലവ് ഒൺലി എന്നു പേരുള്ളത്- ഇരുപുറവും നിൽക്കെയാവും അവരിൽ പ്രണയം മഞ്ഞുപോലെ പടർന്നത്. അതിനുമേതാനും നിമിഷം മുൻപാണല്ലോ അവരുടെ കണ്ണുകൾ തമ്മിലിടഞ്ഞുകുരുങ്ങിയത്.
ചില നിമിഷങ്ങൾ അങ്ങനെയാണ് ജീവിതത്തിൽ മാന്ത്രികരെപ്പോലെ ഇടപെടുന്നത്. ഒരേ ഇഷ്ടങ്ങളിലേക്കു നാം ചേർത്തു വയ്ക്കപ്പെടും, പിന്നെ അതിലൂടെയങ്ങു സഞ്ചരിക്കും.
എന്താകാം സുധിയെയും മിനിയെയും പരസ്പരം അടുപ്പിച്ചത്? എത്രയാലോചിച്ചാലും ഉത്തരം കിട്ടാത്ത ചോദ്യമാണ് പ്രണയത്തിന്റെ ആദ്യമിടിപ്പിന്റെ ഉദ്ഭവം. എവിടെയോ കണ്ടു മറന്നതെന്നപോലെയൊരാൾ. ആദ്യം കാണുമ്പോൾ ഉള്ളിലൂറിത്തുടങ്ങുന്ന ഒരു മഞ്ഞുറവ. കൊരുത്തുവലിക്കുന്ന കണ്ണുകളിലേക്കുള്ള ഓട്ടപ്രദക്ഷിണങ്ങൾ. വീണ്ടും കാണാനുള്ള ആഗ്രഹം. കാണുമ്പോൾ സംഭ്രമത്തിൽ ഒരു ചാറ്റൽമഴയിലെന്നപോലെ നേർത്തു വരുന്ന കാഴ്ചകൾ...
"ഏഴേഴുചിറകുള്ള സ്വരമാണോ നീ
ഏകാന്തയാമത്തിന്‍ വരമാണോ
പൂജയ്ക്കു നീ വന്നാല്‍ പൂവാകാം
ദാഹിച്ചു നീ നിന്നാല്‍ പുഴയാകാം
ഈ സന്ധ്യകള്‍ അല്ലിത്തേന്‍ ചിന്തുകള്‍
പൂമേടുകള്‍ രാഗത്തേന്‍കൂടുകള്‍
തോരാതെ തോരാതെ ദാഹമേഘമായ് പൊഴിയാം"
ഒരിക്കൽ പ്രണയത്തിലായിക്കഴിഞ്ഞാൽ പിന്നെ അവളുടെ വർണനകളില്ലാതെ എന്ത് മോഹങ്ങൾ..! പാടുന്ന പാട്ടിന്റെ സ്വരമായി അവൾ മാറും. ഏകാന്ത രാത്രികളിൽ അവൾ കൂട്ടുവരും.. അവൻ പൂജ ചെയ്യുന്ന കോവിലിലെ പൂവായി മാറാനും പിന്നെയവൾ ഒരുക്കമാകും, അവൻ ദാഹിച്ചെത്തിയാൽ അവളൊരു പുഴയാകും. പിന്നെയവർ പ്രണയത്തിന്റെ വർഷമേഘങ്ങളാകും.
"ആകാശം നിറയുന്ന സുഖമോ നീ
ആത്മാവിലൊഴുകുന്ന മധുവോ നീ
മോഹിച്ചാല്‍ ഞാന്‍ നിന്റെ മണവാട്ടി
മോതിരം മാറുമ്പോള്‍ വഴികാട്ടി
സീമന്തിനീ സ്നേഹപാലാഴിയില്‍
ഈയോര്‍മതന്‍ ലില്ലിപ്പൂന്തോണിയില്‍
തീരങ്ങള്‍ തീരങ്ങള്‍ തേടിയോമലേ തുഴയാം"
ഒറ്റയ്ക്കാകുമ്പോൾ ആകാശത്തിലെ മേഘങ്ങൾക്കുപോലും അവന്റെ മുഖം. ആത്മാവിന്റെ വിരലുകൾ തൊട്ടെടുക്കുന്ന തേൻതുള്ളികളാകും അവൻ. വെറും പ്രണയമല്ല അവർക്കിടയിൽ, അവന്റെ സ്വന്തമാകാനും ഏതു സങ്കടത്തിലും അവനു കൂട്ടായിരിക്കാനും അവൾക്കു കൊതിയുണ്ട്. ഇതുവരെ അറിയാത്ത തീരങ്ങളിലേക്ക് ഓർമകളുടെ ലില്ലിപ്പൂന്തോണിയിൽ അവർ തുഴഞ്ഞുപോകും.
മിനി അവളുടെ വീട്ടിലെ എല്ലാവർക്കും പ്രിയങ്കരിയായിരുന്നു. യാഥാസ്ഥിതികമായൊരു ക്രിസ്ത്യൻ കുടുംബമായിരുന്നു അത്. സുധിയുടെ മതമേതാണെന്ന് അവൾക്ക് അറിവുണ്ടായിരുന്നില്ല. അതവൾ ശ്രദ്ധിച്ചതുമില്ല; അവളുടെ ആങ്ങളമാർ ശ്രദ്ധിക്കുന്നതു വരെ. അല്ലെങ്കിലും പ്രണയത്തിൽ മതത്തിന്റെ അർഥം ദൈവമെന്നോ സ്നേഹമെന്നോ മാത്രമാണല്ലോ. ആങ്ങളമാരുടെ ഒറ്റപ്പെങ്ങൾ പ്രേമിക്കുന്നതൊരു ഹിന്ദുപ്പയ്യനെയാകുമ്പോൾ പക്ഷേ, അതെങ്ങനെ ശരിയാകും?
മതം വില്ലനാകുമ്പോൾ പിന്നെ പരിഹാരം അനിവാര്യമായ വേർപിരിയൽ തന്നെ. പക്ഷേ അവൾക്കു കഴിയുമോ? അവനു കഴിയുമോ? എന്നെങ്കിലും കൂടിചേരാതെ അവർക്കു സന്തോഷമായി ജീവിക്കാൻ കഴിയുമോ? മറ്റൊരാളോടു മനസ്സു നിറഞ്ഞു ചിരിക്കാനാവുമോ?
അനിയത്തിപ്രാവ് എന്ന സിനിമയിലെ പല രംഗങ്ങളും കാണികൾക്കു സമ്മാനിച്ചത് പ്രണയത്തിന്റെ നേർത്ത നീറ്റലാണ്. അതിന്റെ സുഖത്തിലാണ് അതിലെ പാട്ടുകൾ നമ്മൾ കേട്ടതും.
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി അനിയത്തിപ്രാവ് മാറി. സ്വർഗ്ഗചിത്രയുടെ ബാനറിൽ അപ്പച്ചൻ നിർമിച്ച ഈ ചിത്രം സംവിധാനം ചെയ്തത് ഫാസിലായിരുന്നു. മലയാളിയെ ഗൃഹാതുരതയും പ്രണയവും വിരഹവുമനുഭവിപ്പിച്ചവരിൽ ഫാസിലുമുണ്ടല്ലോ. പ്രണയത്തിന്റെ മികച്ച ജോഡികളായി കുഞ്ചാക്കോയും ശാലിനിയും...