അമ്മൂമ്മക്കിളി വായാടി...

പ്രിയപ്പെട്ട ഒരാൾ എവിടെ നിന്നോ വരുന്നുണ്ട്. അരികിലൂടെ തെന്നിത്തെറിച്ചു കടന്നു പോകുന്ന കാറ്റിനു കുറേനാളായി അതേ പറയാനുള്ളൂ. ഉള്ളിൽ അങ്ങനെയൊക്കെ തോന്നുന്നുണ്ടെങ്കിലും കാരണമറിയാതെ, ഉത്തരമറിയാത്തൊരു അന്വേഷണത്തിൽ അപ്പോഴും തിരഞ്ഞു നടപ്പാണ് അയാൾ... ‘അമ്മൂമ്മക്കിളി വായാടി അല്ലിപ്പൂമ്പുഴ താന്തോന്നി’, പാടാനുള്ള എളുപ്പം കൊണ്ടോ എന്തോ 1997 ൽ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന മോഹൻലാൽ ചിത്രത്തിലെ ഈ പാട്ട് ഏറെപ്പേർ ഹൃദയത്തോടു ചേർത്തു വച്ചു. ഗിരീഷ് പുത്തഞ്ചേരിയുടെ വരികൾക്ക് ഇലത്തലപ്പുകളിലൂടെ തുള്ളിപ്പോവുന്നൊരു ഇളംകാറ്റിന്റെ ചാരുതയുണ്ടായിരുന്നു. അതുകൊണ്ടുതന്നെ പ്രിയദർശൻ ഒരുക്കിയ സീനുകൾ വരികളുമായി അത്രമേൽ ഇഴുകിച്ചേർന്നു നിന്നു. ബേണി- ഇഗ്‌നേഷ്യസ് ഒരുക്കിയ സംഗീതവും വരികളോടു നീതി പുലർത്തുന്നതായി. 

‘ചിറ്റോളം കിക്കിളി നെയ്താൽ 

ചിരിച്ചോടും ചുരുളൻ വള്ളം 

ചുമ്മാ കൊഞ്ചും തഞ്ചക്കാരി. 

കാക്കാലൻ ഞണ്ടിനെ മെല്ലെ 

കടക്കണ്ണാൽ ചൂണ്ടിയെടുക്കും 

കർക്കിട രാവോ ചൂണ്ടക്കാരി’

ചന്ദ്രയുടെ ജീവിതത്തിലേക്ക് അപ്പുക്കുട്ടൻ നായർ കടന്നുവന്നത് ഒരു മറവിക്കയത്തിന്റെ ആഴത്തിലെവിടെനിന്നോ ആയിരുന്നു. ലേഖയുടെ ജീവിതത്തിലേക്ക് അയാൾ പതിയെക്കയറിയത് എല്ലാം നിശബ്ദമായി ഒളിപ്പിച്ച ഒരു വെറും മനുഷ്യനായും. ദൂരെ നിന്നു സന്തോഷങ്ങളുടെ ചാലുകളിലൂടെ ആഘോഷത്തോടെ സഞ്ചരിച്ചെത്തിയ ലേഖയുടെ മുന്നിലേക്കാണ് അപ്പുക്കുട്ടനും അയാളുടെ കുറുമ്പുകളും കടന്നു വരുന്നത്. ആദ്യത്തെ പകപ്പു മാറുമ്പോൾ, പിന്നെ അയാളിലെ നാടൻ മനുഷ്യൻ ലേഖയുടെ ആരൊക്കെയോ ആയി മാറുന്നുണ്ട്. ഒരിക്കലും പ്രതീക്ഷിക്കാതെ ഒരു പ്രണയം പൂത്തുലയുന്നു. നഗരജീവിതം വളർത്തി വലുതാക്കിയ ഉയരക്കാരിയായ ലേഖയുടെ ജീവിതം തനി ഗ്രാമീണനായ അപ്പുക്കുട്ടൻ നായരിലേക്കു ചുറ്റിപ്പടരുമ്പോൾ ചിലപ്പോഴൊക്കെ തോന്നിപ്പോകും കിടക്കയിൽ ഏറ്റവും നിശബ്ദമായിക്കിടന്ന് അയാളെ സ്നേഹിച്ച ചന്ദ്രയുടെ പ്രണയമായിരുന്നില്ലേ കുറച്ചു കൂടി തീക്ഷ്ണമായിരുന്നതെന്ന്... അവളുടെ ഹൃദയത്തിലേക്കായിരുന്നില്ലേ അയാൾ ഇറങ്ങിച്ചെല്ലേണ്ടിയിരുന്നതെന്ന്! 

പക്ഷേ ചന്ദ്രയും ലേഖയും അപ്പുക്കുട്ടൻ നായരുടെ ജീവിതം എങ്ങനെയൊക്കെയോ കട്ടെടുത്തിരുന്നു. ഒരാൾക്ക് അയാളെ മറ്റൊരാൾക്കു വേണ്ടി വിട്ടു കൊടുത്തേ മതിയാകുമായിരുന്നുള്ളൂ... അപ്പുക്കുട്ടന്റെ സ്നേഹം ലേഖയിലേക്കു മെല്ലെ ചാഞ്ഞതറിയുമ്പോൾ, പിന്നെ ആ വിട്ടുകൊടുക്കൽ നടത്തേണ്ടത് ചന്ദ്രയല്ലാതെ മറ്റാര്! മോഹൻലാൽ ചിത്രങ്ങളിലെ ഏറ്റവുമധികം ഊർജം പ്രസരിപ്പിക്കുന്ന ഗാനരംഗങ്ങളിൽ ചിലതാണ് ചന്ദ്രലേഖയിലേത്, അതിൽ തന്നെ അമ്മൂമ്മക്കിളി... എന്ന ഗാനം. കെ.എസ്. ചിത്രയുടെ ശബ്ദത്തിൽ അതിങ്ങനെ തരംഗമായി ഒഴുകി നടക്കുന്നു, വർഷങ്ങളും കടന്ന്...