അനിയത്തിപ്രാവിന് പ്രിയരിവർ നൽകും, കുഞ്ഞുപെങ്ങൾക്ക് വാത്സല്യത്തോടെ!

എല്ലാത്തിനുമുണ്ട് പല പാട്ടുകൾ. പ്രണയത്തിന് ഒരായിരം, വിരഹത്തിനു പതിനായിരം, മരണത്തിനു ഒരുനൂറ്, മകൾക്കായി ഭാര്യയ്ക്കായി അച്ഛനും അമ്മയ്ക്കുമായി നൂറുകൾ വേറെയും. എന്നാൽ കുഞ്ഞുപെങ്ങൾക്കായി ഒരു പാട്ടു മൂളാൻ ശ്രമിച്ചാൽ ഓർമയെ കട്ടെടുക്കുക ആ പാട്ടു തന്നെയല്ലേ. അനിയത്തി പ്രാവിനു പ്രിയരിവർ നൽകും. ഇതു പോലൊരു അനിയത്തിയാകാൻ, ഇതുപോലൊരു സഹോദരിയെ കിട്ടാൻ കൊതിച്ചവരും ഏറെ. പ്രിയമുള്ള കുഞ്ഞുപെങ്ങൾ വീടിന് അനിയത്തിപ്രാവാണെന്ന പ്രയോഗം തന്നെ ഈ ഗാനം പുറത്തിറങ്ങിയ ശേഷം ഉണ്ടായി. നിറഞ്ഞ ഉല്ലാസം എല്ലാവർക്കും നൽകുന്ന, വീടിന്റെ നടുമുറ്റത്ത് കുസൃതിയായി നിറയുന്ന കൊച്ചനുജത്തി.

പ്രമുഖ കവി എസ്.രമേശൻ നായർ ആദ്യമായി സിനിമ പാട്ടിന് വരികളെഴുതുന്നത് അനിയത്തിപ്രാവെന്ന ചിത്രത്തിലൂടെയായിരുന്നു. കാവ്യഗുണമുള്ള ഓമനത്തമുള്ള ഒരു പാട്ട്. സംവിധായകൻ ഫാസിൽ പ്രതീക്ഷിച്ചത് അതായിരുന്നു. എന്നാൽ മനോഹരമായ ഗാനം മാത്രമല്ല, അതിൽ നിന്ന് എക്കാലത്തും ഓർമിക്കപ്പെടാവുന്ന ചിത്രത്തിന്റെ പേരും അദ്ദേഹത്തിന് കിട്ടി. അനിയത്തിപ്രാവ്. ഗാനത്തിന്റെ ആദ്യവരിയിലെ ആദ്യ വാക്ക് സിനിമയുടെ പേരായി എടുക്കുകയായിരുന്നു ഫാസിൽ. ദീപനാളം പ്രാർഥനയാൽ കാത്തുവച്ച അനുജത്തി. രുചിഭേദങ്ങൾക്കും പാടിവാശികൾക്കും ഒടുവിൽ അവൾ ആ സഹോദരന്മാരുടെ മടിയിൽ തന്നെയാണ് തളർന്നിരുന്നത്. വാൽസല്യം നിറയുന്ന ഈണം നൽകി ഔസേപ്പച്ചൻ പിന്നെയും താരാട്ടുപാടുന്നു അനുജത്തിക്കായി. ചിത്രയുടെ ശബ്ദത്തിൽ.

1997ൽ ഇറങ്ങിയ അനിയത്തിപ്രാവ് യുവാക്കൾക്കിടയിൽ വൻ ഹിറ്റായി മാറുന്നതിന് ഈ ഗാനം തന്നെയാണ് കാരണമെന്നു പറഞ്ഞിട്ടുണ്ട് സംവിധായകൻ. പ്രണയത്തിന്റെ കഥ പറഞ്ഞ ചിത്രത്തിന് അനിയത്തിപ്രാവെന്ന് പേരിട്ടതാണ് ഗുണം ചെയ്തത്. മലയാള സിനിമയിൽ ബാലതാരമായി തിളങ്ങിയ ശാലിനിയെ പെട്ടെന്നൊരു കാമുകിയായി കാണുക പ്രേക്ഷകർക്കു പ്രയാസമായിരുന്നു. അവിടെ സഹായത്തിനെത്തിയത് അനിയത്തിപ്രാവെന്ന ഈ പേരു തന്നെ. സഹോദരിയുടെ വാൽസല്യം നായികയ്ക്കു പകർന്നു കൊടുക്കാൻ കാണികൾ തയാറായി. ചിത്രം ഹിറ്റുമായി.

ആ ഗാനം

അനിയത്തിപ്രാവിന് പ്രിയരിവർ നൽകും

ചെറുതരി സുഖമുള്ള നോവ്

അതിൽ തെരുതെരെ ചിരിയുടെ പുലരികൾ

നീന്തും മണിമുറ്റമുള്ളൊരു വീട

ഈ വീട്ടിൽ എന്നുമൊരു പൊന്നോമലായ്

മിഴി പൂട്ടുമോർമ്മയുടെ താരാട്ടുമായ്

നിറഞ്ഞുല്ലാസം എല്ലാർക്കും നൽകീടും ഞാൻ

(അനിയത്തിപ്രാവിന്)

സ്നേഹം എന്നും പൊന്നൊലിയായ് ഈ പൂമുഖം എഴുതീടുന്നു

ദീപനാളം പ്രാർത്ഥനയാൽ മിഴിചിമ്മാതെ കാത്തിടുന്നു

ദൈവം തുണയാകുന്നു ജന്മം വരമാകുന്നു

രുചി ഭേദങ്ങളും പിടിവാദങ്ങളും

തമ്മിൽ ഇടയും ഒടുവിൽ തളരും

ഇവൾ എല്ലാർക്കും ആരോമലായ് ഒളിചിന്തുന്ന പൊൻ ദീപമായ്

(അനിയത്തിപ്രാവിന്)

കണ്ണുനീരും മുത്തല്ലോ ഈ കാരുണ്യ തീരങ്ങളിൽ

കാത്തു നിൽക്കും ത്യാഗങ്ങളിൽ നാം കാണുന്നു സൂര്യോദയം

തമ്മിൽ പ്രിയമാകണം നെഞ്ചിൽ നിറവാകണം

കണ്ണിൽ കണിവോരണം നമ്മൾ ഒന്നാകണം

എങ്കിൽ അകവും പുറവും നിറയും

ഇവൾ എന്നെന്നും തങ്കക്കുടം ചിരി പെയ്യുന്ന തുമ്പക്കുടം

(അനിയത്തിപ്രാവിന്)