Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ഖിസ പാതിയിൽ...

kismath-movie

മനസിനുള്ളിലേക്കൊരു മഞ്ഞു കണം അടർന്നുവീണൊരു സുഖം. പിന്നീട് പാട്ടു പാടിത്തീരുമ്പോൾ കാരിമുള്ളേറ്റു മുറിഞ്ഞൊരു നൊമ്പരം എവിടെയോ....അതുപോലെ തോന്നുന്നു ഈ പാട്ടു കേട്ടിട്ട്. ഖിസ പാതിയിലെന്നു തുടങ്ങുന്ന അൻവർ അലിയുടെ പാട്ടെഴുത്ത് പങ്കുവയ്ക്കുന്ന അനുഭവം അതാണ്.

ഖിസ പാതിയിൽ കിതാബട-

 

ച്ചിരുപാതപോലെ മടങ്ങിലും

 

കരയൊല്ല നാം ഹതാശരായ് കരളേ..

പാതിമുറിഞ്ഞൊരു പ്രണയനോവാണീ ഗാനം. എവിടെയോ തട്ടി തകർ‌ന്നുപോയൊരു പ്രണയം പോലൊരു പാട്ട്. നിളയുടെ ഓളം പോലുള്ള അതിന്റെ താളത്തെ, നിലാഭംഗിയെ, ആഴിയോളം ആഴമുള്ള പ്രണയ സ്വപ്നങ്ങളെ കുറിച്ചു പാടിയ ഗാനം. മതമില്ലാത്ത പ്രണയത്തിന്റെ ഭംഗിയെ കുറിച്ചിട്ട ഈരടികൾ. ഏറെ നാളായി ശേഷമാണ് ഇങ്ങനെ പതിയെ പതിയെ ഒഴുകി വന്നു കൂട്ടുകാരാകുന്ന പാട്ടൊരെണ്ണം കാതോർത്തിട്ട്.

കിസ്മത് എന്ന ചിത്രത്തിലേതാണീ പാട്ട്. പൊന്നാനിയെന്ന കടപ്പുറം നാട്ടിൽ നടന്നൊരു സംഭവകഥയെ ആസ്പദമാക്കി ഷാനവാസ് കെ ബാവുട്ടി സംവിധാനം ചെയ്ത ചിത്രം. തന്നെക്കാൾ അഞ്ചു വയസു കൂടുതലുള്ളവളെ പ്രണയിച്ച നായകന്‍. ഇരുവരും മതമെന്ന ചട്ടക്കൂടിനുള്ളിലെ വേർതിരിവിൽ രണ്ടറ്റത്തു നിൽക്കുന്നവർ. സ്വയം മരണമെഴുതേണ്ടി വന്നൊരു പുഴയെ പോലെ യാഥാസ്ഥിതിക സമൂഹത്തിന്റെ കൂർത്ത നോട്ടങ്ങളിൽ ചുരുങ്ങി ചുരുങ്ങി  എങ്ങോ ഒടുങ്ങിപ്പോയൊരു പ്രണയം. വേർതിരിവുകൾക്കു മുകളിൽ ജീവിതം തീർക്കുന്നവരുടെ നോട്ടങ്ങളിൽ പെടാതെ എങ്ങോ ഇരുന്നുരുകുന്ന കുറേ മനസുകൾക്കെങ്കിലും ഈ ഗാനത്തിനൊരു ആശ്വാസം പകരുവാനാകും. ഈ പാട്ടിന്റെ വരികൾക്കതിനുള്ള ത്രാണിയുണ്ടെന്നാരോ പറയുന്നു.

സുഷിന്‍ ശ്യാം ഈണമിട്ട് സുചിത് സുരേശനൊപ്പം ആലപിച്ച ഗാനം. വരികളും ഈണവും ആലാപനവും എല്ലാം ഇത്രയേറെ സുന്ദരമായി ഒന്നുചേര്‍ന്നു നില്‍ക്കുന്ന പാട്ട് ഒരുപക്ഷേ ഏറെക്കാലത്തിനു ശേഷമായിരിക്കും മലയാളികൾ കേട്ടിരിക്കുക. അതുപോലെ വ്യത്യസ്തമായൊരു പാട്ടെഴുത്തിനേയും കൂടി നമ്മൾ പരിചയപ്പെടുകയായിരുന്നു. വരികളുടെ അർഥം അത്രകണ്ടങ്ങു നമുക്കു മനസിലാകാതിരിക്കുമ്പോഴും ആ വാക്കുകൾ ഒന്നിച്ചു ചേരുമ്പോഴുള്ള സ്വരഭംഗി വീണ്ടും കേട്ടിരിക്കുവാൻ നമ്മെ പ്രേരിപ്പിക്കുന്നു.

പൂർണഗാനം

ഖിസ പാതിയിൽ കിതാബട

ച്ചിരുപാതപോലെ മടങ്ങിലും

കരയൊല്ല നാം ഹതാശരായ് കരളേ

 

ഖിസ പാതിയിൽ, ഇശൽ മുറിഞ്ഞുടൽ വേറിടും

സ്വരഗതി പോൽ

പിടയുന്നവർ പുഴുക്കൾ

നാമെങ്കിലും

 

ഖിസയതു തുടരും

നിള പോലേ നാമീ

അഴിമുഖമണയും

 

വെൺതിര മലർമാലകൾ

അണിയിക്കുമോ?

മുകിലത്തർ ചൊരിയുമോ?

 

അലയാഴി പൊൻ നിലാവിനാ-

ലിഴചേർത്തു രാവു വിരി, ച്ചതിൽ

ഇളവേൽക്കുവാൻ വിളിക്കയായ്

കരളേ....

 

പൊന്നാനിയിൽ പുരാതനം 

പല ദർഗ്ഗകൾ

ഉരുവിടുമീ

പുകനാമ്പുകൾ ജപങ്ങൾ

നാമെങ്കിലും

 

കരയരുതിനി മേൽ;

മഴ പോലേ നാമീ

മണലഴി തിരളും

 

കണ്ണിമയടയാതെയെൻ

വിളികാത്തു നീ

ശരറാന്തലൊളിപോൽ

എരിയണേ....