കമ്മട്ടിപ്പാടത്തിലെ ‘പുഴു പുലികൾ’ എന്ന ഗാനത്തിലൂടെയാണ് അൻവർ അലി എന്ന പ്രതിഭയെ നാം അടുത്തറിയുന്നത്. കമ്മട്ടിപ്പാടത്തിന്റെ പ്രമേയത്തിന്റെ ആഴം പോലെയുള്ള പാട്ടെഴുത്ത്. വരികൾ ചെറുതെങ്കിലും ശക്തമായിരുന്നു. പാട്ട് അന്നു തൊട്ടേ നമ്മൾ ഏറ്റുപാടിയെങ്കിലും വരികൾ മിക്കതും തെറ്റായിട്ടാണ് മാധ്യമങ്ങളിലടക്കം വന്നത്. അന്ന് അൻവർ അലി നേരിട്ടു കുറിച്ചു ഇതല്ല ഞാനെഴുതിയ വരികൾ. എന്നിട്ടു ശരിയായ വരികളെ മാധ്യമ സുഹൃത്തുക്കളിലേക്കും സമൂഹമാധ്യമങ്ങളിലും പോസ്റ്റ് ചെയ്തു. ഇതേ അനുഭവം തന്നെയാണ് കിസ്മത് എന്ന ചിത്രത്തിനു പാട്ടെഴുതിയപ്പോഴും അൻവർ അലിക്കു നേരിടേണ്ടി വന്നത്.
മനസുതൊട്ട് കമ്മട്ടിപ്പാടത്തിലെ പാട്ട്
കിസ്മത്തിലെ പ്രശസ്തമായ ഖിസ പാതിയിൽ എന്ന ഗാനമാണ് അൻവർ അലി കുറിച്ചത്. പ്രണയനോവിന്റെ തേങ്ങൽ നിറയുന്ന, പ്രണയത്തിന്റെ മനോഹാരിത ചന്തമേകിയ കമ്മട്ടിപ്പാടത്തിലെ പാട്ടുപോലെ മനസിലേക്കു ചേക്കേറി. പാട്ടിനെ കുറിച്ച് എഴുത്തുകളും ഏറ്റുപാടലും എങ്ങും നിറഞ്ഞു. പക്ഷേ അപ്പോഴും വരികൾ പലയിടത്തും തെറ്റായിട്ടായിരുന്നു ഉച്ചരിക്കപ്പെട്ടതും എഴുതിയതും. അതുകൊണ്ടു തന്നെ വീണ്ടും അന്‍വർ അലിയ്ക്കു പറയേണ്ടി വന്നു ഇതല്ല, ഇങ്ങനെയല്ല താനെഴുതിയതെന്ന്. സ്വന്തം ഫേസ്ബുക്ക് പേജിൽ ശരിയായ വരികൾ കുറിക്കുകയും ചെയ്തു.