മേഘമൽഹാർ. മഴയുടെ മറുപേരാണീ രാഗം. താൻസൻ മഴയെ ഭൂമിയിലേക്ക് വിരുന്നെത്തിച്ചത് ഈ രാഗത്തിലലിഞ്ഞ് പാടിയപ്പോഴാണെന്നാണ് തേനൂറും കഥകൾ നമ്മോട് പറഞ്ഞിട്ടുള്ളത്. മണ്ണ് നനയുമ്പോഴെല്ലാം ഇലത്തുമ്പ് തണുപ്പിനെ പുതച്ച് സൂര്യാംശത്തെ തേടുമ്പോഴെല്ലാം അരൂപിയായി ഈ രാഗം പ്രകൃതിയുടെ ആത്മാവിനുള്ളിലിരുന്ന് താളമിടുന്നുണ്ടാകാം...മഴ കാത്തുനിൽക്കുന്ന വേഴാമ്പലും കരിമേഘം കണ്ട് പീലി വിടർത്തിയാടുന്ന മയിൽപ്പെണ്ണുമൊക്കെ അത് കേൾക്കുന്നുമുണ്ടാകാം...ഒരുപക്ഷേ അതുകൊണ്ടാകാം ഈ രാഗത്തിന്റെ പേരുള്ള ചലച്ചിത്രമെത്തിയപ്പോൾ അതിലെ ഓരോ പാട്ടും ഇത്രയേറെ മനോഹരമായത്. രാമഴയുടെ താളവും രാമായണക്കിളിയുടെ ചേലുള്ള പാട്ടുകളായത്. എന്നുമെന്നും കേൾക്കാനിഷ്ടപ്പെടുന്ന പാട്ടുകളായി അവ മാറിയത്.
കമൽ സംവിധാനം ചെയ്ത്, 2001ൽ പുറത്തുവന്ന മേഘമൽഹാർ എന്ന ചിത്രത്തിലെ ഓരോ ഗാനങ്ങളേയും ഋതുഭേദങ്ങളെ പോലെ നമ്മൾ പ്രണയിക്കുന്നു. പ്രത്യേകിച്ച്,
ഒരു നറു പുഷ്പമായി എൻ നേർക്കു
നീളുന്ന മിഴിമുന ആരുടേതാകാം
ഒരു മഞ്ജു ഹർഷമായി
എന്നിൽ തുളുമ്പുന്ന നിനവുകൾ
ആരെയോർത്താവാം...
എന്ന പാട്ടിനെ. സന്ധ്യയുടെ മൗനങ്ങളിൽ സായന്തനങ്ങളുടെ ഏകാന്തതയിൽ രാത്രിയുടെ നിഗൂഢതയിൽ കാലാതീതമായി മനസുകൾക്കുള്ളിലൂടെ സഞ്ചരിച്ചുകൊണ്ടേയിരിക്കുന്നു ഈ ഗാനം. പ്രണയാര്‍ദ്രമായ വിപഞ്ചികയുടെ പ്രിയ ഈണമായി. പേരറിയാത്ത വികാരങ്ങളുടെ നിഴലായി കടന്നുപൊയ്ക്കൊണ്ടേയിരിക്കുന്നു. പാട്ടിന്റെ വരികളിൽ ഒഎൻവി എഴുതിയിരിക്കുന്ന പോലെ മഴയുടെ തന്ത്രികൾ മീട്ടി നിന്ന് ആകാശം പാടിയ പാട്ടു തന്നെയാകുമിത്.
തീർത്തും സാധാരണമായ പ്രണയ ചിന്തകളാണ് കവി എഴുതിയത്. മോഹങ്ങളെ മനസിന്റെ ഉള്ളിന്റെയുള്ളിൽ ഒളിപ്പിച്ചു നിർത്തുന്ന ആൺമനസിന്റെ, പെൺമനസിന്റെ പ്രതിനിധിയായിക്കൊണ്ട്. ഹിന്ദുസ്ഥാനി സംഗീതത്തിന്റെ വഴിത്താരയിലൂടെ ഇടയ്ക്കൊന്ന് സഞ്ചരിച്ചും പിന്നെയൊന്ന് മാഞ്ഞു നിന്നും അകലുന്ന ഈണം നൽകി അതിന് പൂർണതയേകിയത് രമേശ് നാരായണനാണ്. മനസിന്റെ താഴ്ചകളിലേക്ക് പതിയെ പതിയെ ആഴ്ന്നിറങ്ങിക്കൊണ്ട് അതിന് ശബ്ദമായത് ദാസേട്ടനും. മൂന്ന് പ്രതിഭകളുടെ അതിസുന്ദരമായ ഒന്നു ചേരൽ. ദാസേട്ടന്റെ സ്വരഭംഗിയിൽ കേട്ടാസ്വദിച്ച ഏറ്റവും മനോഹരമായ ഗാനങ്ങളുടെ കൂട്ടത്തിൽ ഒരു നറുപുഷ്പം പോലെ അന്നും ഇന്നും എന്നപോലെ ഇനിയെന്നും ഈ ഗാനവും ചേർന്നു നിൽക്കും.
ആ ഗാനം
ചിത്രം: മേഘമൽഹാർ
ഗാനരചന:ഒഎൻവി
സംഗീതം:രമേശ് നാരായണൻ
സംവിധാനം:കമൽ
ഒരു നറു പുഷ്പമായ് എൻ നേർക്കു നീളുന്ന
മിഴിമുന അരുടേതാവാം(2)
ഒരു മഞ്ജു ഹർഷമായ് എന്നില്‍ തുളുമ്പുന്ന
നിനവുകളാരെയോര്‍ത്താവാം
അറിയില്ലെനിക്കറിയില്ല
പറയുന്നു സന്ധ്യതന്‍ മൗനം
മൗനം(ഒരു നറു പുഷ്പമായ്)
മഴയുടെ തന്ത്രികള്‍ മീട്ടി നിന്നകാശം
മധുരമായ് ആര്‍ദ്രമായി പാടി (2)
അറിയാത്ത കന്യതന്‍ നേർക്കെഴും ഗന്ധര്‍വ
പ്രണയത്തിന്‍ സംഗീതം പോലെ
പുഴ പാടി തീരത്തെ മുള പാടി പൂവള്ളി
കുടിലിലെ കുയിലുകള്‍ പാടി
ഒരു നിർവൃതിയിലീ ഭൂമി തന്‍ മാറില്‍ വീണുനുരുകും
ത്രിസന്ധ്യയും മാഞ്ഞു (2)
നെറുകയില്‍ നാളങ്ങള്‍ ചാര്‍ത്തും ചിരാതുകള്‍
യമുനയില്‍ നീന്തുകയായി
പറയാതെ നീ പോയതറിയാതെ കേഴുന്നു
ശരപഞ്ചരത്തിലെ പക്ഷി
ഒരു നറു പുഷ്പമായ് എൻ നേർക്കു നീളുന്ന...