ഓണനാളുകൾക്ക് ഒരു താളമുണ്ട്. ആരിൽ നിന്നൊക്കെയോ കാലങ്ങളായി കൈമാറി വന്നൊരു താളം. ഓണത്തെക്കുറിച്ചുള്ള പാട്ടുകൾ പിന്നീടു വന്നപ്പോഴും ഈ താളത്തിന്റെ സ്പർശമുണ്ടായിരുന്നു. ‘പറ നിറയെ പൊന്നളക്കും പൗർണമി രാവായി’ എന്ന പാട്ട് അത്രയേറെ ശ്രദ്ധേയമായതിന്റെ ഒരു കാരണം പതിവ് ഈണങ്ങളിൽനിന്ന് അതു മാറി നടന്നുവെന്നതാണ്. അങ്ങനെ പിന്നീടുള്ള ഓണക്കാലങ്ങളുടെ പശ്ചാത്തല സംഗീതമായി അതു മാറി.
ഗാനഗന്ധർവൻ യേശുദാസും സുജാതയും ചേർന്നു പാടിയ ഈ പാട്ട് തിരുവോണത്തിനെത്തുന്ന പൗർണമിയെപ്പോലെയാണ്. അതുകൊണ്ടാണു കാലമിത്ര കഴിഞ്ഞിട്ടും തെല്ലുമേ ശോഭ കെടാതെ അതു മനസ്സിൽ നിൽക്കുന്നത്.
ഓണച്ചന്തത്തെക്കുറിച്ചു ഗിരീഷ് പുത്തഞ്ചേരി കുറിച്ച പാട്ടിനു സംഗീതം പകർന്നതു വിദ്യാസാഗറാണ്. പാദസരക്കിലുക്കം പോലുള്ള പാട്ടുകൾ സമ്മാനിച്ച സംഗീത സംവിധായകനും പരിചിതമായ പദങ്ങൾ കോർത്ത് വിസ്മയകരമായ പാട്ടുകളെഴുതിയ എഴുത്തുകാരനും ഒന്നിച്ച പാട്ട് ഇങ്ങനെതന്നെയാകുമല്ലോ.
ആർക്കും ഏറ്റുപാടാനാകുന്നൊരു താളമാണീ ഗാനത്തിന്. അതുകൊണ്ടു കൂടിയാണ് അതിത്രയേറെ ജനകീയമായത്. ഓണത്തിന്റെ ആഘോഷത്തിരക്കുകളിൽ മുഴുകിയ നഗരപാതകളും ഗ്രാമവഴികളും ഈ ഗീതമിങ്ങനെ ഇടതടവില്ലാതെ പാടിക്കൊണ്ടേയിരിക്കുന്നത്.