ബിഎസ്എൻഎൽ സിയുജി പ്ലാൻ മാറ്റി; പൊലീസ് വെട്ടിലായി

ചങ്ങനാശേരി ∙ പൊലീസ് സേനയ്ക്കു നൽകിയിരുന്ന സേവനങ്ങൾ വെട്ടിക്കുറച്ചു ബിഎസ്എൻഎൽ പൊലീസിനെയും വെട്ടിലാക്കി. 2009ൽ വി.എസ്.അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള എൽഡിഎഫ് സർക്കാർ ബിഎസ്എൻഎല്ലിന്റെ സഹായത്തോടെ നൽകിയിരുന്ന സിം കാർഡിലെ സേവനങ്ങളാണ് ഈമാസം ഒന്നുമുതൽ നിർത്തിയത്.

‘ഹലോ, കേരള പൊലീസ്’ പദ്ധതിയിലൂടെ കേരളത്തിലെ കോൺസ്റ്റബിൾ മുതൽ ഡിജിപി വരെ സൗജന്യ സിം കാർഡുകൾ നൽകിയിരുന്നു. ഇന്ത്യയിൽ ആദ്യമായി നടപ്പാക്കിയ ഈ പദ്ധതി പിന്നീട് തമിഴ്നാട്, ഒഡീഷ സർക്കാരുകളും മാതൃകയാക്കി.

ക്ലോസ്ഡ് യൂസർ ഗ്രൂപ്പ് (സിയുജി) സിമ്മുകളാണു പൊലീസുകാർക്കു നൽകിയിരുന്നത്. പരിധിയില്ലാതെ സംസാരസമയം, ഒരു ജിബി ഇന്റർനെറ്റ്, 100 സന്ദേശങ്ങൾ എന്നിവയായിരുന്നു പ്രത്യേകത.

സാങ്കേതികവിദ്യകൾ പ്രയോജനപ്പെടുത്തിയുള്ള കുറ്റകൃത്യങ്ങൾ തടയുന്നതിനും ടവർ ലൊക്കേഷനുകൾ കണ്ടെത്തുന്നതിനുമായി പൊലീസ് ഈ സൗകര്യം ഉപയോഗപ്പെടുത്തിയിരുന്നു.

എന്നാൽ കാരണം വിശദമാക്കാതെ സിയുജി പ്ലാൻ മാറിയെന്ന ബിഎസ്എൻഎൽ സന്ദേശം ജനുവരി 31നു ലഭിച്ചതിനുശേഷം സന്ദേശങ്ങൾ അയയ്ക്കുന്നതിനോ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനോ പൊലീസുകാർക്കു കഴിയുന്നില്ല. മെച്ചപ്പെട്ട സേവനങ്ങൾ നൽകുന്നതിനു മുന്നോടിയായിട്ടാണ് ഇങ്ങനെ ചെയ്തതെന്നു ചില ഉദ്യോഗസ്ഥർ പറയുന്നു.