ശബരിമല ∙ ഇടയ്ക്കയുടെ താളത്തിൽ ഹരിഹരാത്മജന്റെ തിരുമുൻപിൽ ഉഷഃപൂജയ്ക്കും തുടർന്ന് ഉദയാസ്തമനപൂജയ്ക്കും സോപാന സംഗീതം പാടിക്കഴിഞ്ഞപ്പോൾ കാവാലം ശ്രീകുമാറിന്റെ കണ്ണു നിറഞ്ഞു.
കടപ്പാടുമായി പലതവണ അയ്യപ്പ സ്വാമിക്കു മുൻപിൽ നമസ്കരിച്ചു. എത്രയോ വർഷമായി അയ്യപ്പ സന്നിധിയിൽ ദർശനത്തിനു വരുന്നു. പക്ഷേ ഇതുപോലെ ഒരു ഭാഗ്യം കൈവന്നിട്ടില്ലെന്ന് അദ്ദേഹം ഓർക്കുന്നു.
കൊടിമരത്തിന്റെ ആധാരശിലാസ്ഥാപനത്തിനു സാക്ഷ്യംവഹിക്കാൻ എത്തിയതാണ്. തൊഴുത് പുറത്തിറങ്ങിയപ്പോൾ തന്ത്രി കണ്ഠര് രാജീവരാണ് ചോദിച്ചത് ‘പൂജയ്ക്ക് സോപാന സംഗീതം പാടാമല്ലോയെന്ന്...’. ദേവസ്വം ബോർഡ് അണിയിച്ച ഷാളും പുതച്ച് ഉഷഃപൂജയ്ക്ക് സോപാനത്തിൽ എത്തി.
കടുത്തുരുത്തി ശ്രീകുമാർ ഇടയ്ക്കയിൽ തീർത്ത താളത്തിൽ ‘കരുണ ചെയ്‌വാനെന്തു താമസം....’ എന്ന കീർത്തനം ആലപിച്ചു. പിന്നെ ഉദയാസ്തമനപൂജയുടെ ആറു പൂജകൾക്കും ഓരോ കീർത്തനങ്ങൾ പാടി. തന്ത്രിയിൽ നിന്നു പ്രസാദം സ്വീകരിച്ച് നിർത്തുമ്പോൾ മനം നിറഞ്ഞു. ജീവിതത്തിൽ ഒരിക്കലും മറക്കാനാവാത്ത അനുഭവമാണിതെന്ന് അദ്ദേഹം പറഞ്ഞു.