വർക്കല∙ ശിവഗിരി മഹാസമാധി ഗുരുദേവ പ്രതിഷ്ഠാ കനകജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി മഹാസമാധി മാഹാത്മ്യം വിളംബരം ചെയ്തു. 1000 പ്രാർഥനായോഗങ്ങൾ, ജില്ലാ കേന്ദ്രങ്ങളിൽ സെമിനാർ, തിരുവനന്തപരും, കൊച്ചി, മലബാർ മേഖലകളിൽ സെമിനാറുകൾ, രാജ്യത്തെ വൻനഗരങ്ങളിൽ ദേശീയ സമ്മേളനങ്ങൾ, പ്രാർഥനായോഗങ്ങളും സെമിനാറുകളും സമ്മേളനങ്ങളും, ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ സംഗമം തുടങ്ങിയ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ആഘോഷ കമ്മിറ്റി രക്ഷാധികാരി സ്വാമി പ്രകാശാനന്ദ, സെക്രട്ടറി സ്വാമി സച്ചിതാനന്ദ, ജോയിന്റ് സെക്രട്ടറി സ്വാമി വിശാലാനന്ദ എന്നിവർ അറിയിച്ചു.
ആഘോഷ പരിപാടികൾ അടുത്ത വർഷം ജനുവരി ഒന്നിനു സമാപിക്കും. ശിവഗിരിയിൽ ആഗോള ശ്രീനാരായണ പ്രസ്ഥാന സംഗമം, കേരളം, തമിഴ്നാട്, കർണാടക സംസ്ഥാനങ്ങളിലായി പര്യടനം നടത്തുന്ന ശ്രീനാരായണ ദിവ്യജ്യോതി പ്രയാണം എന്നിവയും പരിപാടികളിൽ ഉൾപ്പെടും. ഗുരുദേവജയന്തി നാൾ മുതൽ സമാധി ദിനംവരെ ശിവഗിരിയിൽ ജപയജ്ഞം, പ്രഭാഷണം എന്നിവ നടത്തും. ജനുവരി ഒന്നിനു പ്രതിഷ്ഠാ ദിനത്തിൽ വിശ്വശാന്തി യജ്ഞവും ഗുരുപൂജയും നടത്തുന്നുണ്ട്.
വൃദ്ധരായ മാതാപിതാക്കൾക്കും മറ്റുമായി ജൂബിലി സ്മാരക ശാന്തി മന്ദിരത്തിനും ശിവഗിരിയിൽ തുടക്കം കുറിക്കും. ശിവഗിരി മഠത്തിന്റെ ഡോക്യുമെന്ററിയും ശ്രീനാരായണ ആൽബവും തയാറാക്കുമെന്നു സ്വാമി സച്ചിതാനന്ദ അറിയിച്ചു. ആഘോഷപരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനം മേയ് ആദ്യവാരം നടത്തും.