സീനിയോറിറ്റി പട്ടിക: കെഎടി ഉത്തരവ് ഹൈക്കോടതി തടഞ്ഞു

കൊച്ചി ∙ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൽ അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കുള്ള സീനിയോറിറ്റി പട്ടിക സംബന്ധിച്ച സർക്കാർ ഉത്തരവ് കേരള അഡ്മിനിസ്ട്രേറ്റിവ് ട്രൈബ്യൂണൽ (കെഎടി) റദ്ദാക്കിയതു ഹൈക്കോടതി രണ്ടുമാസത്തേക്കു സ്റ്റേ ചെയ്തു.

സീനിയോറിറ്റി പട്ടിക ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ ശേഷമുള്ള സർവീസിന്റെ അടിസ്ഥാനത്തിലാകണം എന്നായിരുന്നു സർക്കാർ ഉത്തരവ്. 2017 ഫെബ്രുവരി 20ലെ സർക്കാർ ഉത്തരവു റദ്ദാക്കിയ ട്രൈബ്യൂണൽ വിധിക്കെതിരെ ഡോ. എം.എസ്. ലല്ലി നൽകിയ ഹർജിയിലാണു ഡിവിഷൻ ബെഞ്ചിന്റെ നടപടി.

സർക്കാർ ഉത്തരവിനു കാരണമായ ഹർജി നൽകിയ തന്നെ കേൾക്കാതെയാണു ട്രൈബ്യൂണൽ ഉത്തരവിട്ടതെന്നു ഹർജിക്കാരി ആരോപിച്ചു.