തിരുവനന്തപുരം∙ എൻജിനീയറിങ് ഫാർമസി പ്രവേശന പരീക്ഷ 24, 25 തീയതികളിലായി കേരളത്തിലെ 14 ജില്ലകളിലും, ഡൽഹി, മുംബൈ, ദുബായ് എന്നിവിടങ്ങളിലുമായി നടക്കും.
വരുന്ന അധ്യയന വർഷത്തെ കേരളത്തിലെ എൻജിനീയറിങ് പ്രവേശനം, പ്രവേശന പരീക്ഷയിലെ സ്കോറിനും യോഗ്യതാ പരീക്ഷയിൽ കണക്ക്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങൾക്കു ലഭിച്ച മാർക്കിനും തുല്യ പ്രാധാന്യം നൽകി തയാറാക്കുന്ന പട്ടികയുടെ അടിസ്ഥാനത്തിലായിരിക്കും.
അപേക്ഷകർ പ്രവേശന പരീക്ഷയുടെ രണ്ടു പേപ്പറും എഴുതണം. കേരളത്തിലെ ഗവ. ഫാർമസി കോളജുകളിൽ പ്രവേശനം ആഗ്രഹിക്കുന്നവർ 24നു നടക്കുന്ന എൻജിനീയറിങ് പേപ്പർ 1 (ഫിസിക്സ്, കെമിസ്ട്രി) എഴുതേണ്ടതാണ്.
അഡ്മിറ്റ് കാർഡ് ഇല്ലാത്തവരെ പരീക്ഷാഹാളിൽ പ്രവേശിപ്പിക്കില്ല. അപേക്ഷയിലെ അപാകതമൂലം അഡ്മിറ്റ് കാർഡ് തടഞ്ഞുവച്ചവരിൽ ചിലരുടേത് ഉപാധികളോടെ ലഭ്യമാക്കി. പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിൽ നിന്ന് കാർഡ് ഡൗൺലോഡ് ചെയ്യണം.