കൊച്ചി ∙ ആയുർവേദവും അലോപ്പതിയും ചേർന്ന പുതിയ ചികിത്സാരീതി എന്ന ആശയത്തിനു മന്ത്രാലയത്തിന്റെ പൂർണ പിന്തുണയെന്ന് ആയുഷ് മന്ത്രാലയം സ്പെഷൽ സെക്രട്ടറി ഡോ. രാജേഷ് കൊട്ടേച. ഇരു ചികിത്സാ രീതികളും സംയോജിപ്പിച്ചുള്ള സമഗ്ര ചികിത്സാ രീതിയെക്കുറിച്ചു ചർച്ച ചെയ്യാൻ അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ നടത്തിയ ‘അമൃത സംയോഗം’ രാജ്യാന്തര സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ആധുനിക വൈദ്യശാസ്ത്രത്തിനു പോരായ്മകളുണ്ട്. ആയുർവേദത്തിനു സാധ്യതകളുമുണ്ട്. ഈ സാധ്യതകൾ അതിനൂതന സാങ്കേതികവിദ്യ ഉപയോഗിക്കുന്ന അലോപ്പതിയുമായി സംയോജിപ്പിച്ചാൽ വൻനേട്ടമുണ്ടാകും. ആയുർവേദത്തിന്റെ ശക്തിയും രീതികളും പഠിക്കുന്നതിന് എല്ലാ ആശുപത്രികളെയും ഗവേഷണശാലകളെയും ബന്ധിപ്പിച്ചു ദേശീയതലത്തിൽ ആയുഷ് ഗ്രിഡ് ആലോചിച്ചുവരുകയാണെന്നു ഡോ. രാജേഷ് കൊട്ടേച പറഞ്ഞു.
യുഎസിലെ നാഷനൽ കാൻസർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ. ജെഫ്രി വൈറ്റ്, കലിഫോർണിയ സർവകലാശാല റൂമറ്റോളജിസ്റ്റ് ഡോ. ഡാനിയൽ ഫേഴ്സ്റ്റ്, മിലൻ സർവകലാശാല ന്യൂറോളജിസ്റ്റ് ഡോ. നീരിയോ ബ്രെസോലിൻ, ജർമനിയിലെ ഷെറീറ്റ് ആരോഗ്യ സർവകലാശാല ഇന്റേണൽ മെഡിസിൻ വിദഗ്ധൻ ഡോ. ക്രിസ്റ്റിൻ കെസ്‌ലർ, ലാത്വിയ സർവകലാശാല ഡയബറ്റോളജിസ്റ്റ് ഡോ. വാൽഡിസ് പിരാഗ്സ്, യുഎഇ ജെനറ്റിക്സ് വിഭാഗത്തിലെ ഡോ. മറിയം മേത്തർ, നോയിഡ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ പ്രിവൻഷൻ ആൻഡ് റിസർച്ചിലെ ഡോ. രവി മെഹ്‌റോത്ര, നിംഹാൻസ് ഡയറക്ടർ ഡോ. ബി.എൻ. ഗംഗാധർ, എയിംസ് പ്രഫസർ ഡോ. രമ ജയസുന്ദർ, കേന്ദ്രസർക്കാരിന്റെ ശാസ്ത്ര ഉപദേഷ്ടാവ് ഡോ. കേതകി ബാപട്, അമൃത യൂണിവേഴ്സിറ്റി സ്കൂൾ ഓഫ് ആയുർവേദ മെഡിക്കൽ ഡയറക്ടർ ശങ്കര ചൈതന്യ, വിജ്ഞാനഭാരതി സെക്രട്ടറി ജനറൽ ജയകുമാർ, സിസിഐഎം പ്രസിഡന്റ് ഡോ. വനിത മുരളികുമാർ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് മെഡിക്കൽ ഡയറക്ടർ ഡോ. പ്രേം നായർ, അമൃതാനന്ദമയി മഠം വൈസ് ചെയർമാൻ സ്വാമി അമൃതസ്വരൂപാനന്ദപുരി, അമൃത യൂണിവേഴ്സിറ്റി ബയോടെക്നോളജി സ്കൂൾ ഡീൻ ഡോ. ബിപിൻ നായർ, അമൃത യൂണിവേഴ്സിറ്റി റിസർച് ഡീൻ ഡോ. ശാന്തികുമാർ വി.നായർ എന്നിവർ പ്രസംഗിച്ചു.
അമൃത സംയോഗം സമ്മേളനത്തിൽ ആദ്യ സമഗ്ര ഉൽപന്നമായി പുതിയ ബാൻഡ് എയ്ഡ് പുറത്തിറക്കി. നാനോ ടെക്നോളജി, മൈക്രോ സ്ട്രക്ചറിങ് തുടങ്ങിയ സാങ്കേതിക വിദ്യകളുപയോഗിച്ചാണ് ഇതു തയാറാക്കിയത്. ആയുർവേദ എണ്ണകളും മരുന്നുകളും ഇതിൽ അടങ്ങിയിട്ടുണ്ട്.