ന്യൂഡൽഹി∙ നാഷനൽ മെഡിക്കൽ കമ്മിഷൻ ബില്ലിലെ വിവാദ വ്യവസ്ഥകൾ ഒഴിവാക്കാൻ കേന്ദ്രമന്ത്രിസഭ തീരുമാനിച്ചു. ഇതനുസരിച്ച് ആയുഷ് കോഴ്സുകൾ പാസ്സായവർക്കു ബ്രിജ് കോഴ്സ് ജയിച്ചാൽ അലോപ്പതി പ്രാക്ടീസ് ചെയ്യാമെന്ന വ്യവസ്ഥ ഒഴിവാക്കി. എംബിബിഎസിന്റെ അവസാനവർഷ പരീക്ഷ ദേശീയതലത്തിൽ നാഷനൽ എക്സിറ്റ് ടെസ്റ്റ് ആയി നടത്താനും തീരുമാനിച്ചു.
ബ്രിജ് കോഴ്സ് വിഷയത്തിൽ ഏപ്രിൽ രണ്ടു മുതൽ രാജ്യവ്യാപകമായി പണിമുടക്കു നടത്താൻ ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ തീരുമാനിച്ചിരുന്നു. ഈ വർഷം ജനുവരിയിൽ ലോക്സഭ നാഷനൽ മെഡിക്കൽ മിഷൻ ബിൽ പാസ്സാക്കിയിരുന്നു. തുടർന്ന് ഇതു പാർലമെന്റിലെ സ്റ്റാൻഡിങ് കമ്മിറ്റിയുടെ പരിഗണനയ്ക്കു വിട്ടു. സ്റ്റാൻഡിങ് കമ്മിറ്റി ഈ മാസം 20നു സഭയിൽ വച്ച റിപ്പോർട്ടിലെ ശുപാർശകളാണു ബുധനാഴ്ച ചേർന്ന കേന്ദ്രമന്ത്രിസഭ അംഗീകരിച്ചത്.
മെഡിക്കൽ വിദ്യാർഥികൾക്കു ബിരുദം നേടിയശേഷം പ്രാക്ടീസ് തുടങ്ങുന്നതിനു മറ്റൊരു പരീക്ഷ കൂടി ജയിക്കണം എന്ന വ്യവസ്ഥ ഒഴിവാക്കാനാണു നാഷനൽ എക്സിറ്റ് ടെസ്റ്റ് നടത്താനുള്ള തീരുമാനം. നെക്സ്റ്റ് ഇനി ദേശീയ തലത്തിൽ എംബിബിഎസ് അവസാനവർഷ പരീക്ഷ ആയിരിക്കും. വിദേശത്തു നിന്നു മെഡിക്കൽ ബിരുദം നേടിയവർക്ക് ഇന്ത്യയിൽ പരിശീലനം തുടരാൻ നെക്സ്റ്റ് ജയിച്ചാൽ മതി. ബ്രിജ് കോഴ്സ് പൂർണമായി വേണ്ട എന്നു തീരുമാനിച്ചു.
ഗ്രാമപ്രദേശങ്ങളിൽ പ്രാഥമികാരോഗ്യ സൗകര്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതു സംബന്ധിച്ചു സംസ്ഥാന സർക്കാരുകൾക്കു യുക്തമായ നടപടി കൈക്കൊള്ളാം. സ്വകാര്യ മെഡിക്കൽ കോളജുകളിലും കൽപിത സർവകലാശാലകളിലും 50% സീറ്റ് സർക്കാർ ഫീസ് ഈടാക്കുന്നതായിരിക്കും. നേരത്തേ ഇതു 40% സീറ്റുകളിൽ ആയിരുന്നു. ഈ ഫീസിൽ കോളജിലെ മറ്റ് എല്ലാ നിരക്കുകളും ഉൾപ്പെടും.
മതിയായ യോഗ്യതയില്ലാതെ പ്രാക്ടീസ് ചെയ്യുന്നവരെ പിടികൂടിയാൽ അഞ്ചുലക്ഷം രൂപ പിഴയും ഒരുവർഷം തടവുമായിരിക്കും ശിക്ഷ. വേണ്ടത്ര മാനദണ്ഡങ്ങൾ പാലിക്കാത്ത മെഡിക്കൽ കോളജുകൾക്കു മുന്നറിയിപ്പു നൽകുക, പിഴ വിധിക്കുക, പ്രവേശനം നിർത്തിവയ്ക്കുക, അംഗീകാരം പിൻവലിക്കുക തുടങ്ങിയ നടപടികൾ കൈക്കെള്ളും. നാഷനൽ മെഡിക്കൽ കമ്മിഷനിൽ സംസ്ഥാനങ്ങളുടെ പ്രതിനിധികളുടെ എണ്ണം മൂന്നിൽ നിന്ന് ആറാക്കി. മൊത്തം 25 പേരാണ് ഉണ്ടാവുക. ഇതിൽ 21 പേർ ഡോക്ടർമാരാവണം.