തിരുവനന്തപുരം∙ സംസ്ഥാനത്തെ ആയുഷ് വകുപ്പിനു കീഴിലുള്ള ആയുര്‍വേദ, യോഗ, നാച്ചുറോപ്പതി, യൂനാനി, സിദ്ധ, ഹോമിയോപ്പതി വിഭാഗങ്ങളെ ഉള്‍പ്പെടുത്തിക്കൊണ്ട് മേയ് മൂന്നാം വാരത്തില്‍ രാജ്യാന്തര ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചു. പൊതുജനാരോഗ്യ മേഖലയില്‍ ആയുര്‍വിഭാഗങ്ങളുടെ ശക്തിയും സാധ്യതകളും രാജ്യാന്തര തലത്തില്‍ ഉയര്‍ത്തിക്കൊണ്ടു വരുന്നതിനു വേണ്ടിയാണ് ആയുഷ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.
കോണ്‍ക്ലേവിന്റെ ഭാഗമായി മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന രാജ്യാന്തര ആയുഷ് സെമിനാര്‍, നാലു ദിവസം നീണ്ടു നില്‍ക്കുന്ന എക്‌സിബിഷന്‍, ആയുര്‍വേദ ഔഷധ നയം സംബന്ധിച്ച ശില്‍പശാല, ടൂറിസം മേഖലയില്‍ ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ഗുണനിലവാരം ഉയര്‍ത്തുന്നതിനും വേണ്ടിയുള്ള ശില്‍പശാല, ബിസിനസ് മീറ്റ്, ആരോഗ്യകരമായ ഭക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഹെല്‍ത്ത് ഫുഡ് ഫെസ്റ്റിവല്‍, ആയുഷ് സ്റ്റാര്‍ട്ട് അപ് കോണ്‍ക്ലേവ്, ആയുഷ് മേഖലയ്ക്ക് വേണ്ടി തദ്ദേശ സ്വയംഭരണ തലവന്‍മാരുടെ സംഗമം, ഔഷധസസ്യ കര്‍ഷക സംഗമം തുടങ്ങി വിവിധ പരിപാടികള്‍ ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവില്‍ ഉണ്ടാകും.