പരിയാരത്തെ മെഡി. ഫീസ് നിശ്ചയിച്ചു; ജനറൽ സീറ്റിൽ 4.85 ലക്ഷം

തിരുവനന്തപുരം∙ പരിയാരം സഹകരണ മെഡിക്കൽ കോളജിലെ 2017–18, 2018–19 അധ്യയന വർഷങ്ങളിലെ എംബിബിഎസ് ഫീസ് നിശ്ചയിച്ച് ജസ്റ്റിസ് ആർ.രാജേന്ദ്രബാബു കമ്മിറ്റി ഉത്തരവിട്ടു. ഇതനുസരിച്ച് 2017–18 വർഷം ജനറൽ സീറ്റിൽ 4.85 ലക്ഷം രൂപയും എൻആർഐ സീറ്റിൽ 14 ലക്ഷം രൂപയുമായിരിക്കും.

2018–19 വർഷം പൊതുവിഭാഗത്തിന് 5.6 ലക്ഷം രൂപയും എൻആർഐ വിദ്യാർഥികൾക്ക് 20 ലക്ഷവുമാണു ഫീസ്. ഈ 20 ലക്ഷം രൂപയിൽനിന്ന് അഞ്ചുലക്ഷം രൂപ ബിപിഎൽ വിഭാഗത്തിനു ഫീസ് സൗജന്യം നൽകാനായി സർക്കാരിലേക്ക് അടയ്ക്കണം. പരിയാരം മെഡിക്കൽ കോളജ് സർക്കാർ ഏറ്റെടുക്കുന്നതിന് ഓർഡിനൻസ് കൊണ്ടുവരാൻ കഴിഞ്ഞ ദിവസം മന്ത്രിസഭായോഗം തീരുമാനിച്ചിരുന്നു.

ഏറ്റെടുക്കൽ അടുത്ത അക്കാദമിക് വർഷത്തിനു മുമ്പു പൂർത്തിയാകുമോയെന്ന് ഉറപ്പില്ല. സഹകരണ മെഡിക്കൽ കോളജ് അധികൃതർ നേരത്തേ നൽകിയ അപേക്ഷ അനുസരിച്ചാണു കമ്മിറ്റി തീരുമാനം എടുത്തത്. അതേസമയം, പിജി കോഴ്സുകൾക്കു കുറഞ്ഞ ഫീസ് മതിയെന്ന പുതുക്കിയ അപേക്ഷ കോളജ് അധികൃതർ നൽകിയിരുന്നു.