ന്യൂഡൽഹി ∙ കണ്ണൂർ, പാലക്കാട് കരുണ മെഡിക്കൽ കോളജുകളിൽ 2016–17ൽ ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം ലഭിച്ച 180 വിദ്യാർഥികളെ സംരക്ഷിക്കാൻ സംസ്ഥാന സർക്കാർ ഇറക്കിയ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി. ജുഡീഷ്യറിയുടെ അധികാരത്തിൽ ഇടപെട്ടുവെന്നു വിമർശനം. ക്രമവിരുദ്ധമായി എംബിബിഎസ് പ്രവേശനം നേടിയവരെ സംരക്ഷിക്കുന്നതിനാണ് ഓർഡിനൻസ് പുറത്തിറക്കിയത്. ഇതു ഭരണഘടനാ വിരുദ്ധമാണെന്നും ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് അറിയിച്ചു.
രാജ്യത്തെ മെഡിക്കല്‍ വിദ്യാഭ്യാസം അഴിമതിയില്‍ മുങ്ങിയെന്നും സുപ്രീംകോടതി നിരീക്ഷിച്ചു. വിദ്യാഭ്യാസം കച്ചവടമായി മാറി. തലവരിപ്പണം യാഥാർഥ്യമാണ്. വായ്പ നല്‍കാന്‍ ബാങ്കുകള്‍ തയാറാണെങ്കിലും പാവപ്പെട്ടവര്‍ക്ക് ലഭിക്കുന്നില്ല. സ്വാശ്രയ കോളജ് സംബന്ധിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയായിരുന്നു പരാമര്‍ശം.
അതേസമയം, കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്ന് മന്ത്രി കെ.കെ.ശൈലജ. കുട്ടികളുടെ ഭാവിയെ മാത്രം കരുതിയാണ് ഓർഡിനൻസ് ഇറക്കിയത്. ഓർഡിനൻസ് നിലനിൽക്കുമോയെന്ന് അന്ന് തന്നെ സംശയമുണ്ടായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം കേസു പരിഗണിച്ചപ്പോൾ സർക്കാരിനെതിരെ കോടതി രൂക്ഷവിമർശനമാണുന്നയിച്ചത്. സർക്കാരുകൾ ഇത്തരത്തിൽ പെരുമാറുമ്പോൾ കോടതികളുടെ ആവശ്യമില്ലെന്നും സർക്കാരിന്റെയും കോടതികളുടെയും അധികാരങ്ങൾ കൃത്യമായി വേർതിരിച്ചിട്ടുണ്ടെന്നും ജഡ്ജിമാരായ അരുൺ മിശ്ര, എസ്. അബ്ദുൽ ഗഫൂർ എന്നിവരുടെ ബെഞ്ച് പറഞ്ഞിരുന്നു.
വിദ്യാർഥികളെ അയോഗ്യരാക്കാനുള്ള പ്രവേശന മേൽനോട്ട സമിതിയുടെ തീരുമാനം സുപ്രീം കോടതി ശരിവച്ചിരുന്നു. അതിനുശേഷം സർക്കാർ ഓർഡിനൻസ് ഇറക്കി. പിന്നീട് നിയമസഭ നിയമവും പാസാക്കി. എന്നാൽ, ബില്ലിന് അംഗീകാരം നൽകാൻ ഗവർണർ വിസമ്മതിച്ചു. ഓർഡിൻസിനെതിരെ മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ നൽകിയ ഹർജിയാണു കോടതി പരിഗണിച്ചത്.
സർക്കാരിനുവേണ്ടി ഹാജരായ മുൻ സോളിസിറ്റർ ജനറൽ രഞ്ജിത് കുമാറിനോടു കോടതിയുടെ ഉത്തരവിനുശേഷം ഓർഡിനൻസ് ഇറക്കിയതിനു കൃത്യമായ കാരണം വ്യക്തമാക്കാൻ കോടതി പലതവണ ആവശ്യപ്പെട്ടിരുന്നു. ക്രമക്കേട് കാട്ടിയതു കോളജുകളാണെന്നും വിദ്യാർഥികളെ സംരക്ഷിക്കാനുള്ള നടപടി മാത്രമാണു സർക്കാരും പിന്നീടു നിയമസഭയും ചെയ്തതെന്നും അഭിഭാഷകൻ ആവർത്തിച്ചു പറഞ്ഞെങ്കിലും മറുപടി തൃപ്തികരമല്ലെന്നായിരുന്നു കോടതിയുടെ നിലപാട്.