Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കി

medical-education-representational-image Representational image

ന്യൂഡൽഹി∙ സംസ്ഥാനത്തെ നാല് സ്വാശ്രയ മെഡിക്കല്‍ കോളജുകളിലെ 550 സീറ്റുകളിലേക്കുള്ള പ്രവേശനം സുപ്രീംകോടതി റദ്ദാക്കി. തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, പാലക്കാട് പി.കെ. ദാസ് എന്നീ മെഡിക്കല്‍ കോളജുകളിലെ 150 എംബിബിഎസ് സീറ്റുകളിലേക്കും വര്‍ക്കല എസ്ആര്‍ കോളജിലെ 100 സീറ്റുകളിലേക്കും നടന്ന പ്രവേശനമാണു റദ്ദാക്കിയത്.

Read In English

ഈ കോളജുകളിൽ അടിസ്ഥാന സൗകര്യമില്ലെന്ന മെഡിക്കൽ കൗൺസിലിന്റെ റിപ്പോർട്ട് ശരിവച്ചാണു നടപടി. പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്തു മെഡിക്കല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച അപ്പീലാണു കോടതി പരിഗണിച്ചത്.

ഹൈക്കോടതിയുടെ അനുമതി മെഡിക്കൽ കൗൺസിൽ റിപ്പോർട്ടിനു വിരുദ്ധമാണെന്നും കോടതി നിരീക്ഷിച്ചു. മാനദണ്ഡം പാലിക്കാത്തതു കൊണ്ടാണ് ഈ വര്‍ഷത്തെ പ്രവേശനാനുമതി നിഷേധിച്ചതെന്നായിരുന്നു മെഡിക്കല്‍ കൗണ്‍സിലിന്റെ വാദം. അതിനാല്‍ പ്രവേശനത്തിന് അനുമതി നല്‍കിയ ഹൈക്കോടതി വിധി റദ്ദാക്കണമെന്നും അവർ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ പ്രവേശനം പൂർത്തിയായതിനാൽ അനുകൂല നിലപാടുണ്ടാകണമെന്നു സംസ്ഥാന സർക്കാരും കോളജ് മാനേജ്മെന്റും വാദിച്ചു. വിദ്യാര്‍ഥികള്‍ പുറത്തുപോകേണ്ടി വരുമെന്നു വാദം കേള്‍ക്കുന്നതിനിടെ ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് നേരത്തെ അഭിപ്രായപ്പെട്ടിരുന്നു.