തിരുവനന്തപുരം∙ ഒന്നാംവർഷ ഹയർ സെക്കൻഡറി പ്രവേശനത്തിനായി 2,86,152 മെറിറ്റ് സീറ്റുകളിലേക്ക് അപേക്ഷിച്ചിരിക്കുന്നത് 4,96,682 വിദ്യാർഥികൾ. ആദ്യ അലോട്മെന്റ് 12നു നടക്കും.
ലഭ്യമായ മെറിറ്റ് സീറ്റുകളേക്കാൾ രണ്ടു ലക്ഷത്തിലേറെ അപേക്ഷകർ കൂടുതലുണ്ടെങ്കിലും മാനേജ്മെന്റ്, സ്പോർട്‌സ് ക്വോട്ടകളിലും മറ്റുമുള്ള പ്രവേശനം ഇതിനു പുറമെയുണ്ട്.
രണ്ടാംഘട്ട അലോട്മെന്റ് 19ന് ആണ്. തുടർന്നു രണ്ടു സപ്ലിമെന്ററി അലോട്മെന്റും ഉണ്ടാകും. 21നു ക്ലാസുകൾ ആരംഭിക്കും. മുഖ്യ രണ്ട് അലോട്മെന്റ് നടപടികൾ പൂർത്തിയാക്കിയ ശേഷമാണു സപ്ലിമെന്ററി അലോട്മെന്റുകൾ. 25നുശേഷം ഇതു നടക്കും. ജൂലൈ 31നു പ്രവേശന നടപടികൾ അവസാനിപ്പിക്കും. ജൂലൈ അവസാനവാരം സംസ്ഥാനതലത്തിൽ സ്കൂൾ മാറുന്നതിന് അവസരം നൽകും.
ഏറ്റവുമധികം അപേക്ഷകരും സീറ്റുമുള്ളതു മലപ്പുറം ജില്ലയിലാണ്. അവിടെ 39,620 മെറിറ്റ് സീറ്റിലേക്ക് അപേക്ഷിച്ചിരിക്കുന്നത് 81,900 പേർ. വയനാട്ടിൽ ആണ് ഏറ്റവും കുറച്ചു വിദ്യാർഥികൾ അപേക്ഷിച്ചിരിക്കുന്നത്. അവിടെ 7844 സീറ്റിലേക്ക് 12,360 പേർ അപേക്ഷിച്ചിട്ടുണ്ട്.
പ്ലസ് വൺ
അപേക്ഷകരുടെയും മെറിറ്റ് സീറ്റുകളുടെയും ജില്ല തിരിച്ചുള്ള കണക്ക്. ജില്ല, അപേക്ഷകർ, മെറിറ്റ് സീറ്റ് എന്ന ക്രമത്തിൽ
തിരുവനന്തപുരം 40,442 24,143
കൊല്ലം 37,182 21,354
പത്തനംതിട്ട 16,962 11,688
ആലപ്പുഴ 29,764 18,335
കോട്ടയം 26,573 16,457
ഇടുക്കി 14,807 9275
എറണാകുളം 42,193 23,908
തൃശൂർ 42,869 25,205
പാലക്കാട് 46,399 23,528
കോഴിക്കോട് 49,099 27,154
മലപ്പുറം 81,900 39,620
വയനാട് 12,360 7844
കണ്ണൂർ 36,955 24,940
കാസർകോട് 19,177 12,701
ആകെ 4,96,682 2,86,152