എസ്എസ്എൽസി പരീക്ഷാമാറ്റം: തീരുമാനം ഇന്ന്

തിരുവനന്തപുരം ∙ എസ്എസ്എൽസി പരീക്ഷ മാറ്റിവയ്ക്കുന്നതും സംസ്ഥാന സ്കൂൾ കലോത്സവം ആലപ്പുഴയിൽനിന്നു മാറ്റുന്നതും ഇന്നുചേരുന്ന സ്കൂൾ ക്യുഐപി (ക്വാളിറ്റി ഇംപ്രൂവ്മെന്റ് പ്രോഗ്രാം) മോണിട്ടറിങ് കമ്മിറ്റി ചർച്ച ചെയ്യും. മഴക്കെടുതി മൂലം പല മേഖലകളിലും ആഴ്ചകളോളം സ്കൂളുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണു മാർച്ചിൽ നിശ്ചയിച്ചിരുന്ന എസ്എസ്എൽസി പരീക്ഷ ഏപ്രിലിലേക്കു മാറ്റുന്നതിനെക്കുറിച്ച് ആലോചിക്കുന്നത്. അവധിക്കാലത്തു പരീക്ഷ നടത്തിയാൽ അധ്യാപകർക്കു ലീവ് സറണ്ടർ നൽകാൻ വിദ്യാഭ്യാസ വകുപ്പ് തയാറാണെന്ന് അറിയുന്നു. പരീക്ഷ മാറ്റിയാൽ ഫലപ്രഖ്യാപനവും വൈകും. എങ്കിലും 200 പ്രവൃത്തിദിവസം തികച്ച ശേഷം പരീക്ഷ നടത്താനാണു സർക്കാർ ആലോചിക്കുന്നത്. 

കാലവർഷക്കെടുതി ഏറ്റവുമധികം ബാധിച്ച ആലപ്പുഴയിൽ സംസ്ഥാന സ്കൂൾ കലോത്സവം നടത്താൻ സാധിക്കുമോയെന്നു സംശയമുണ്ട്. വിവിധ സംസ്ഥാന മേളകളുടെ തീയതി മാറ്റണോയെന്നും യോഗം ചർച്ച ചെയ്യും.