Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

പത്തു ലക്ഷം രൂപ ഈടാക്കാൻ തീരുമാനം; കേസിനു പോകുമെന്ന് ഉദ്യോഗസ്ഥർ

തിരുവനന്തപുരം∙ മൂന്നു വർഷം മുമ്പ് എസ്എസ്എൽസി പരീക്ഷയ്ക്കുവേണ്ടി അനാവശ്യമായി അഞ്ചു ലക്ഷത്തോളം ഐടി ചോദ്യക്കടലാസ് അച്ചടിച്ച സംഭവത്തിൽ അന്നത്തെ പരീക്ഷാഭവൻ സെക്രട്ടറി, സെക്‌ഷൻ സൂപ്രണ്ട്, സെക്‌ഷൻ ക്ലാർക്ക് എന്നിവരിൽനിന്നു 10 ലക്ഷത്തിലേറെ രൂപ നഷ്ടപരിഹാരം ഈടാക്കാൻ തീരുമാനം. എന്നാ‍ൽ ഇതിനെതിരെ കോടതിയെ സമീപിക്കുമെന്ന് ആരോപണവിധേയരായ ഉദ്യോഗസ്ഥർ അറിയിച്ചു.
2015ൽ സോഫ്റ്റ്‌വെയർ തകരാറിനെ തുടർന്ന് എസ്എസ്എൽസി പരീക്ഷാഫലം അവതാളത്തിലാവുകയും അധിക ചോദ്യക്കടലാസ് അച്ചടിക്കേണ്ടി വരികയും ചെയ്ത സാഹചര്യത്തെക്കുറിച്ചു വിജിലൻസ് അന്വേഷണം നടക്കുകയാണ്.

അന്നു സോഫ്റ്റ്‌വെയർ തകരാർ മൂലം എസ്എസ്എൽസി ഫലം പൂർണമായും തെറ്റുകയും വീണ്ടും ഫലപ്രഖ്യാപനം നടത്തേണ്ടിവരികയും ചെയ്തിരുന്നു. തോറ്റവർ പലരും ജയിക്കുകയും ജയിക്കേണ്ടവർ തോൽക്കുകയും ചെയ്തു. യുഡിഎഫ് സർക്കാരിന് ഏറെ നാണക്കേടുണ്ടാക്കിയ സംഭവമായിരുന്നു ഇത്. ഐടി പഴയ സ്കീമിൽ പരീക്ഷയെഴുതേണ്ട ഇരുനൂറോളം പേർക്കായി അഞ്ചു ലക്ഷത്തോളം ചോദ്യക്കടലാസ് അച്ചടിച്ചത് അന്നുതന്നെ വിവാദമായിരുന്നു. വിദ്യാഭ്യാസ വകുപ്പ് ആവശ്യപ്പെടാതെ സെക്യൂരിറ്റി പ്രസുകാർ അഞ്ചു ലക്ഷം ചോദ്യക്കടലാസ് അച്ചടിച്ചുവെന്നായിരുന്നു അന്ന് അധികൃതരുടെ വിശദീകരണം. തകരാർ ഉള്ള സോഫ്റ്റ്‌വെയർ ഉപയോഗിച്ചു കൊടുത്ത ഇൻഡന്റ് അനുസരിച്ചാണു ചോദ്യക്കടലാസ് അച്ചടിച്ചതെന്നും താൻ ആവശ്യപ്പെട്ടിട്ടില്ലെന്നും അന്നത്തെ പരീക്ഷാഭവൻ സെക്രട്ടറി പറയുന്നു.

ഇതു സംബന്ധിച്ച് ഇതുവരെ ഒട്ടേറെ അന്വേഷണങ്ങൾ നടന്നു. ഡിപിഐയും ഡിപിഐയുടെ വിജിലൻസും അന്വേഷിച്ചു. ഏറ്റവും ഒടുവിൽ ഓഡിറ്റ് റിപ്പോർട്ടിലാണ് നഷ്ടം വന്ന 10 ലക്ഷം രൂപ ബന്ധപ്പെട്ടവരിൽനിന്ന് ഈടാക്കണമെന്നു ശുപാർശ ചെയ്തത്. തുടർന്ന് ഇതു തിരികെ പിടിക്കാനായി രണ്ടു മാസം മുമ്പ് ഉത്തരവിറക്കി. അന്നത്തെ പരീക്ഷാഭവൻ സെക്രട്ടറിയും സെക്‌ഷൻ സൂപ്രണ്ടും വിരമിച്ചെങ്കിലും ആനുകൂല്യങ്ങളൊന്നും നൽകിയിട്ടില്ല.