കോട്ടയം ∙ സ്കൂളുകളിൽ വിവിധ പ്രവേശന പരീക്ഷകൾക്കുള്ള പരിശീലനം നൽകുന്നതു തടയാൻ സിബിഎസ്ഇ നടപടി തുടങ്ങി. ഒരുവിഭാഗം സ്കൂളുകൾ പ്രവേശന പരീക്ഷയ്ക്കു പരിശീലനം നൽകുന്നത് ബാക്കി സ്കൂളുകൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന പേരിൽ കോച്ചിങ് റദ്ദാക്കാനാണ് ആലോചന. ചില സ്കൂളുകളിലെ പരിശീലനം തങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് ഇ മെയിൽ അയയ്ക്കാൻ സിബിഎസ്ഇ റീജനൽ ഓഫിസർ തരുൺകുമാർ സ്കൂളുകൾക്കു നിർദേശം നൽകി.
സിബിഎസ്ഇക്കു പരാതി നൽകേണ്ട ഫോർമാറ്റ് 95 എന്ന മാതൃക സ്കൂൾ അധികൃതർക്കു ടെലഗ്രാം എന്ന ആപ്പിലൂടെ നൽകി. എംബിബിഎസ്, എൻജിനീയറിങ് പരീക്ഷകൾക്കുള്ള കോച്ചിങ്ങാണ് സിബിഎസ്ഇ സ്കൂളുകളിൽ സാധാരണ സിലബസിനു പുറമെ നൽകുന്നത്. സംസ്ഥാനത്തെ 1400 സിബിഎസ്ഇ സ്കൂളുകളിൽ 300ൽ ഏറെ സ്കൂളുകളിൽ കോച്ചിങ് നൽകുന്നുണ്ട്.
പ്രവേശന പരീക്ഷകൾക്കുള്ള കോച്ചിങ്ങാണ് പല സ്കൂളുകളുടെയും പ്രധാന ആകർഷണവും. കോച്ചിങ് നൽകുന്ന സ്കൂളുകളിൽ മിടുക്കരായ വിദ്യാർഥികൾ പ്രവേശനം തേടുന്നതു മൂലം മറ്റു സ്കൂളുകൾക്കു കുട്ടികളെ കിട്ടുന്നില്ലെന്ന ആക്ഷേപവുമുണ്ട്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പല സിബിഎസ്ഇ സ്കൂളുകളും ഇത്തരം കോച്ചിങ് പാഠ്യപദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്.