ന്യൂഡൽഹി ∙ കേരളത്തിലെ വെള്ളപ്പൊക്കത്തിൽ സർട്ടിഫിക്കറ്റുകൾ നശിച്ചു പോയ വിദ്യാർഥികൾക്ക് സഹായവുമായി സെൻട്രൽ ബോർഡ് ഒാഫ് സെക്കൻഡറി എജ്യൂക്കേഷൻ (സിബിഎസ്ഇ). 2004–നു ശേഷമുള്ള സർട്ടിഫിക്കറ്റുകളിൽ ഭൂരിഭാഗവും സിബിഎസ്ഇയുടെ വെബ്സൈറ്റിൽ ‘പരിണാം മഞ്ജുഷ’ എന്ന വിഭാഗത്തിൽ ലഭ്യമാണെന്ന് സിബിഎസ്ഇ അറിയിച്ചു. ഈ വർഷത്തെ സർട്ടിഫിക്കറ്റുകൾ ഡിജി ലോക്കറിലും കിട്ടും. എന്നാൽ ഇങ്ങനെ ലഭ്യമല്ലാത്ത എല്ലാ സർട്ടിഫിക്കറ്റുകളും ലഭ്യമാക്കാൻ ഉടൻ തന്നെ നടപടി ആരംഭിക്കുമെന്നും അവർ വ്യക്തമാക്കി.
കേരളത്തിൽ നിന്നു സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവരും സ്കൂളുകളും സിബിഎസ്ഇയെ സമീപിച്ചിട്ടുണ്ട്. പലരുടെയും സർട്ടിഫിക്കറ്റുകൾ വെള്ളപ്പൊക്കത്തിൽ ഒലിച്ചു പോയി. ചിലർക്ക് സർട്ടിഫിക്കറ്റുകൾ കിട്ടിയെങ്കിലും വെള്ളത്തിൽക്കിടന്ന് ഉപയോഗശൂന്യമായി. ഉപരിപഠനത്തിനും ജോലി ലഭിക്കാനും ഇവ അനിവാര്യമാണ്. ജനനത്തീയതി തെളിയിക്കാനും ഈ സർട്ടിഫിക്കറ്റുകളാണ് പലരും ഹാജരാക്കുന്നത്. സർട്ടിഫിക്കറ്റ് നഷ്ടപ്പെട്ടവർക്കെല്ലാം പുതിയ സർട്ടിഫിക്കറ്റുകൾ തന്നെ നൽകും. ഇതിനുള്ള അപേക്ഷകൾ ഉടൻ ക്ഷണിക്കും. സംസ്ഥാനത്ത് സിബിഎസ്ഇയുമായി അഫിലിയേറ്റ് ചെയ്ത 1300 സ്കൂളുകളാണുള്ളത്.