മെഡിക്കൽ അനുബന്ധ കോഴ്സുകൾ: നാലാം ഘട്ട നടപടികൾ നാളെമുതൽ

തിരുവനന്തപുരം ∙ എംബിബിഎസ്, ബിഡിഎസ് ഒഴികെയുള്ള മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കുള്ള നാലാംഘട്ട അലോട്മെന്റ് നടപടി നാളെ ആരംഭിക്കും. ബിഎഎംഎസ്, ബിഎച്ച്എംഎസ്, അഗ്രിക്കൾച്ചർ, ഫോറസ്ട്രി കോഴ്സുകളിൽ നിലവിൽ ഒഴിവുള്ള സീറ്റുകളിലേക്കും സിദ്ധ (ബിഎസ്എംഎസ്) കോഴ്സിൽ പുതിയതായി ഉൾപ്പെടുത്തിയ ഒരു കോളജിലേക്കും അലോട്മെന്റ് നടത്തും. അലോട്മെന്റിനു പരിഗണിക്കപ്പെടുന്നതിനു വിദ്യാർഥികൾ ഓൺലൈൻ ഓപ്ഷൻ കൺഫർമേഷൻ നടത്തണം.

കൺഫർമേഷനെ തുടർന്നു സിദ്ധ കോഴ്സിൽ‌ പുതിയതായി ഉൾപ്പെടുത്തിയ കോളജിലേക്ക് ഓപ്ഷനുകൾ റജിസ്റ്റർ ചെയ്യുന്നതിനും നിലവിലുള്ള ഹയർ ഓപ്ഷനുകളുടെ പുനഃക്രമീകരണം, ആവശ്യമില്ലാത്തവ റദ്ദാക്കൽ എന്നിവയ്ക്കുമുള്ള സൗകര്യം വെബ്സൈറ്റിൽ നാളെ മുതൽ 14നു വൈകിട്ട് അഞ്ചു വരെ ലഭ്യമാകും. അലോട്മെന്റ് 15നു പ്രസിദ്ധീകരിക്കും. ഫീസ് 16 മുതൽ 20 വരെ ഹെഡ് പോസ്റ്റ് ഓഫിസ് മുഖാന്തരമോ ഓൺലൈൻ പേയ്മെന്റ് മുഖേനയോ അടച്ച് 20നു വൈകിട്ട് അഞ്ചിനു മുൻപായി കോളജുകളിൽ പ്രവേശനം നേടണം.