Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

കാരക്കോണം മെഡി. കോളജ് ഡയറക്‌ടർക്കും പ്രിൻസിപ്പലിനും സസ്പെൻഷൻ

medical-insurance

തിരുവനന്തപുരം∙ കോഴ വാങ്ങി മെഡിക്കൽ സീറ്റ് സംവരണ സർട്ടിഫിക്കറ്റ് അനർഹർക്കു നൽകിയ സംഭവത്തോടനുബന്ധിച്ചു കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. ജെ.ബെന്നറ്റ് ഏബ്രഹാം, പ്രിൻസിപ്പൽ ഡോ. പി.മധുസൂദനൻ എന്നിവരെ ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) സസ്പെൻഡ് ചെയ്തു.

മാനേജ്മെന്റ് സീറ്റിൽ 15 എണ്ണം ആംഗ്ലിക്കൻ സഭയ്ക്കു സംവരണം ചെയ്തതു ചട്ടവിരുദ്ധമാണെന്നു കണ്ടെത്തിയെന്നും ആംഗ്ലിക്കൻ സഭാ ബിഷപ് കോഴ വാങ്ങി സഭാംഗങ്ങൾ അല്ലാത്തവർക്കു വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന മനോരമ ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും ദക്ഷിണകേരള മഹായിടവക സെക്രട്ടറി ഡോ. പി.കെ.റോസ് ബിസ്റ്റ് അറിയിച്ചു. സമഗ്ര അന്വേഷണം നടത്തി നടപടി കൈക്കൊള്ളുന്നതിനു ബിഷപ് ധർമരാജ് റസാലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന മഹായിടവക ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. വൈസ് പ്രിൻസിപ്പലിനു കോളജ് പ്രിൻസിപ്പലിന്റെ ചുമതല നൽകി.

ന്യൂനപക്ഷ സമുദായ സീറ്റിലേക്കുള്ള പ്രവേശനത്തിനു സിഎംഎസ് ആംഗ്ലിക്കൻ സഭയിലെ ബിഷപ് ഡേവിഡ് വി.ലൂക്കോസ് ഇതര സമുദായങ്ങളിൽപെട്ട കുട്ടികൾക്കു സിഎംഎസ് ആംഗ്ലിക്കൻ സഭാംഗം എന്നു സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് ആക്ഷേപം. 

അതേസമയം, സർട്ടിഫിക്കറ്റ് നൽകാൻ സിഎംഎസ് ആംഗ്ലിക്കൻ സഭാ ബിഷപ് കോഴ വാങ്ങിയ സംഭവവുമായി ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യയ്ക്കു ബന്ധമില്ലെന്നു സഭാ അധികൃതർ കോട്ടയത്ത് അറിയിച്ചു. 

സിഎംഎസ് ആംഗ്ലിക്കൻ എന്ന പേരിൽ ഒരു സഭയോ തിരുവിതാംകൂർ – കൊച്ചി എന്ന മഹായിടവകയോ നിലവിലില്ല.