Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

മെഡിക്കല്‍ പ്രവേശനം: വിദ്യാര്‍ഥികള്‍ വെട്ടിൽ; വീണ്ടും പരീക്ഷ എഴുതണം

ഉല്ലാസ് ഇലങ്കത്ത്
173247494

തിരുവനന്തപുരം ∙ നാല് സ്വകാര്യ മെഡിക്കല്‍ കോളജുകളിലെ പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയതോടെ മാനേജ്മെന്റുകളെ വിശ്വസിച്ച് കോളജുകളില്‍ തുടര്‍ന്ന വിദ്യാര്‍ഥികള്‍ വെട്ടിലായി. ഇവര്‍ക്ക് എംബിബിഎസിന് പ്രവേശനം നേടണമെങ്കില്‍ അടുത്തവര്‍ഷം വീണ്ടും പരീക്ഷ എഴുതേണ്ടിവരും. പ്രവേശന പരീക്ഷാ കമ്മിഷണറുടെ നിര്‍ദേശപ്രകാരം 500 വിദ്യാര്‍ഥികളില്‍  88 വിദ്യാര്‍ഥികള്‍ പണം തിരികെ വാങ്ങി മറ്റു കോളജുകളിലേക്ക് മാറുകയോ വേറേ കോഴ്സുകള്‍ തിരഞ്ഞെടുക്കുകയോ ചെയ്തിരുന്നു. പണം തിരികെവാങ്ങാതെ വേറേ കോഴ്സും കോളജും തേടിപോയവരുമുണ്ട്. കോടതി വിധി ഇവരുടെ പഠനത്തെ ബാധിക്കില്ല. 

കോളജുകളില്‍ അടിസ്ഥാന സൗകര്യമില്ലെന്ന മെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് തൊടുപുഴ അല്‍ അസ്ഹര്‍, വയനാട് ഡിഎം, പാലക്കാട് പി.കെ.ദാസ്, വര്‍ക്കല എസ്ആര്‍ കോളജുകളിലെ എംബിബിഎസ് പ്രവേശനം സുപ്രീംകോടതി റദ്ദാക്കിയത്. അടിസ്ഥാന സൗകര്യമില്ലെന്ന് മെഡിക്കല്‍ കൗണ്‍സില്‍ റിപ്പോര്‍ട്ട് നല്‍കിയതോടെ കോളജുകള്‍ ഹൈക്കോടതിയെ സമീപിച്ച് അനുകൂല വിധി സമ്പാദിച്ചു. ഇതിനെതിരെ മെഡിക്കല്‍ കൗണ്‍സില്‍ സുപ്രീംകോടതിയെ സമീപിക്കുകയായിരുന്നു.

മെഡിക്കല്‍ കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ തന്നെ വിദ്യാര്‍ഥികളോട് വേറേ കോളജിലേക്ക് മാറാന്‍ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസ് നിര്‍ദേശിച്ചിരുന്നു. സുപ്രീംകോടതി വിധി അനുസരിച്ചാകും അന്തിമ തീര്‍പ്പെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു. എന്നാല്‍ മാനേജ്മെന്റിന്റെ വാക്ക് വിശ്വസിച്ച് വിദ്യാര്‍ഥികള്‍ തുടര്‍ന്നു. കേസ് സുപ്രീംകോടതിയിലെത്തിയതോടെ അധികൃതര്‍ വീണ്ടും കുട്ടികളോട് മാറാന്‍ നിര്‍ദേശിച്ചു. ഇതനുസരിച്ച് ചില കുട്ടികള്‍ പണം തിരികെ വാങ്ങി മറ്റുള്ള കോളജുകളിലേക്ക് മാറി. ചില വിദ്യാര്‍ഥികള്‍ മറ്റു കോഴ്സുകള്‍ തിരഞ്ഞെടുത്തു. ആയുര്‍വേദ, ഹോമിയോ അഡ്മിഷന്‍ നടന്നപ്പോഴും വിദ്യാര്‍ഥികളോട് തിരികെ വരാന്‍ അധികൃതര്‍ ആവശ്യപ്പെട്ടു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും കോളജ് മാറാന്‍ തയാറാകാത്ത വിദ്യാര്‍ഥികളാണ് കുരുക്കില്‍പ്പെട്ടതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു.

ഇനി അടുത്ത വര്‍ഷം പ്രവേശന പരീക്ഷ എഴുതിയാലേ ഇവര്‍ക്ക് എംബിബിഎസിന് പ്രവേശനം നേടാന്‍ കഴിയൂ. എത്ര വിദ്യാര്‍ഥികളെ വിധി ബാധിക്കും എന്ന് കൃത്യമായി പറയാന്‍ കഴിയില്ലെന്ന് പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫിസ് പറഞ്ഞു. കമ്മിഷണറുടെ അധികാര പരിധിയില്‍വരാത്ത കോഴ്സുകള്‍ തിരഞ്ഞെടുത്ത വിദ്യാര്‍ഥികളും കൂട്ടത്തിലുള്ളതാണ് കാരണമായി പറയുന്നത്.