സ്കൂൾ അഡ്മിഷന് ആധാർ വേണ്ടെന്ന് യുഐഡിഎഐ

ന്യൂഡൽഹി ∙ സ്കൂൾ അഡ്മിഷന് ആധാർ വേണമെന്നു നിർബന്ധിക്കരുതെന്ന് യുഐഡിഎഐ നിർദേശം നൽകി. ദേശീയ തലസ്ഥാനത്ത ആയിരത്തിയഞ്ഞൂറിലേറെ സ്വകാര്യ സ്കൂളുകളിൽ അഡ്മിഷൻ ആരംഭിച്ചിരിക്കേയാണ് ആധാർ അനുവദിക്കുന്ന ഔദ്യോഗിക കേന്ദ്രീകൃത സംവിധാനമായ യുഐഡിഎഐയുടെ ഈ നിർദേശം. 

പല സ്കൂളുകാരും ആധാർ ചോദിക്കുന്നുണ്ട്. ഇത് നിയമാനുസൃതമല്ല – യുഐഡിഎഐ സിഇഒ അജയ് ഭൂഷൺ പാണ്ഡെ പറഞ്ഞു. വ്യവസ്ഥ ലംഘിക്കുന്ന സ്കൂളുകൾക്കെതിരെ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ബാങ്ക് അക്കൗണ്ടുകൾക്കും മൊബൈൽ ഫോണുകൾക്കും സ്കൂൾ അഡ്മിഷനും ആധാർ ആവശ്യമില്ലെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ സുപ്രീം കോടതി ഉത്തരവ് നൽകിയിരുന്നു.