ന്യൂഡൽഹി ∙ ആധാർ നമ്പരും ബയോമെട്രിക് രേഖ ഉൾപ്പെടെയുള്ള വിവരങ്ങളും പിൻവലിക്കാനുള്ള സൗകര്യം വൈകാതെ ലഭ്യമായേക്കും. ആധാർ നിയമം ഇത്തരത്തിൽ ഭേദഗതി ചെയ്യാനുള്ള നീക്കം അന്തിമഘട്ടത്തിലാണ്. ആധാറിനു ഭരണഘടനാ സാധുത നൽകിയെങ്കിലും സേവനങ്ങൾക്കെല്ലാം ഇതു നിർബന്ധമാക്കരുതെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലാണു സവിശേഷ തിരിച്ചറിയൽ അതോറിറ്റിയുടെ(യുഐഡിഎഐ) നടപടി.
ഒരു കുട്ടി 18 വയസ്സാകുമ്പോൾ ആധാർ വിവരങ്ങൾ പിൻവലിക്കണോയെന്നു തീരുമാനിക്കാനുള്ള അവസരം നൽകണമെന്നായിരുന്നു അതോറിറ്റിയുടെ ആദ്യ ശുപാർശ. എന്നാൽ ഈ സൗകര്യം എല്ലാ പൗരൻമാർക്കും നൽകണമെന്നും പ്രത്യേക പ്രായപരിധിയിലുള്ളവർക്കു മാത്രമാക്കരുതെന്നും നിയമ മന്ത്രാലയം നിലപാടു സ്വീകരിച്ചു.
ഇതിനു പിന്നാലെയാണു പുതിയ ഭേദഗതി നിർദേശങ്ങൾ ആധാർ അതോറിറ്റി തയാറാക്കിയത്. ഇതു കേന്ദ്ര കാബിനറ്റിന്റെ പരിഗണയ്ക്കു വൈകാതെ സമർപ്പിക്കും. എന്നാൽ ഈ സൗകര്യം എത്രത്തോളം ഫലപ്രദമാകുമെന്ന് സംശയമുണ്ട്. സർക്കാർ സേവനങ്ങളും സബ്സിഡികളും ലഭിക്കണമെങ്കിൽ ആധാർ ആവശ്യമാണ്. പാൻകാർഡിനും ആധാർ വേണം. അതിനാൽ തന്നെ ആധാർ വിവരങ്ങൾ പിൻവലിക്കാമെന്ന നിയമം വന്നാലും എത്രപേർക്കു പ്രയോജനപ്പെടുമെന്ന ചോദ്യമുയരുന്നു.