Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

വിമാനയാത്രക്കാര്‍; കേരളം പറന്നുയരുന്നു

INDIA-ECONOMY-AVIATION

കൊച്ചി ∙ യാത്രാനിരക്കിലെ കുറവ്, ജനത്തിന്റെ കയ്യിൽ യഥേഷ്ടമുള്ള പണം, ഉല്ലാസയാത്രകൾക്കു പോകാനുള്ള ഉത്സാഹം...കേരളത്തിൽ നിന്ന് ആഭ്യന്തര–വിദേശ വിമാനയാത്രക്കാരുടെ എണ്ണത്തിൽ കുതിച്ചുചാട്ടം. ഇതര സംസ്ഥാന തൊഴിലാളികൾ അവരുടെ നാടുകളിലേക്ക് നേരത്തേ ബുക്ക് ചെയ്തു കുറഞ്ഞ നിരക്കിൽ വിമാനയാത്ര തുടങ്ങിയതും ഇതിനു കാരണമാണ്.

കൊച്ചി, തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ കണക്കുകൾ മുൻ വർഷത്തെ അപേക്ഷിച്ചു കാര്യമായ വർധനയാണു കാണിക്കുന്നത്. വിമാന സർവീസുകളുടെ എണ്ണവും കൂടുന്നു.

മൂന്നു വിമാനത്താവളങ്ങളിലുമായി ആകെ യാത്രക്കാരുടെ എണ്ണം കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നരക്കോടി കവിഞ്ഞു. യാത്രക്കാരുടെ എണ്ണം കൂടുന്നതനുസരിച്ചു കേരളത്തിനകത്തു തന്നെ തൊഴിലവസരങ്ങളും വർധിക്കും എന്നതാണു നേട്ടം.

∙ യാത്രക്കാരുടെ എണ്ണത്തിലും ട്രാവൽ ബിസിനസിലും ഏറ്റവും വളർച്ച കൊച്ചി രാജ്യാന്തര വിമാനത്താവളത്തിൽ തന്നെയാണ്. കഴിഞ്ഞ സാമ്പത്തിക വർഷം (2016–17) ആകെ യാത്രക്കാർ മുൻ സാമ്പത്തിക വർഷത്തെ (2015–16) എണ്ണമായ 77.7 ലക്ഷത്തിൽ നിന്ന് 89.4 ലക്ഷമായി ഉയർന്നു. ഇതിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണം 7.7% വർധനയും ആഭ്യന്തര യാത്രക്കാർ 26% വർധനയും രേഖപ്പെടുത്തി. 

flight

കൊച്ചിയിൽ ആകെ യാത്രക്കാരുടെ 60% വിദേശത്തേക്കാണ്. 40% ഇന്ത്യയിലെ മറ്റു നഗരങ്ങളിലേക്കും. അതിനർഥം അരക്കോടിയിലേറെ യാത്രക്കാർ വിദേശത്തേക്കാണെന്നാണ്. ഡൽഹിയും മുംബൈയും ബെംഗളൂരുവും കഴിഞ്ഞാൽ ഇന്ത്യയിൽ തന്നെ നാലാം സ്ഥാനം.

സ്വദേശ–വിദേശ രംഗങ്ങളിലായി 24 വിമാനക്കമ്പനികൾ പറക്കുന്നു. ലാൻഡിങ്ങും ടേക്ക് ഓഫും ചേർത്ത് ആഴ്ചയിൽ 1400 വിമാനങ്ങൾ. പുതിയ ടെർമിനൽ (ടി 3) 18നു തുറക്കുന്നത് ഈ വളർച്ചയുടെ ഘട്ടത്തിലാണ്.

∙ തിരുവനന്തപുരം വിമാനത്താവളം കഴിഞ്ഞ സാമ്പത്തിക വർഷം ആകെ യാത്രക്കാരുടെ എണ്ണത്തിൽ 12.4% വർധന രേഖപ്പെടുത്തി. 38.8 ലക്ഷം യാത്രക്കാർ. അതിൽ 23 ലക്ഷം വിദേശത്തേക്കുള്ളവരും 15.7 ലക്ഷം ആഭ്യന്തര സഞ്ചാരികളും. അറ്റകുറ്റ പണി മൂലം മൂന്നു മാസം പകൽ റൺവേ അടച്ചിട്ടിരുന്നിട്ടും ഈ വർധന നേടി. മുൻ വർഷം  (2015–16) ഇവിടെ 34.47 ലക്ഷമായിരുന്നു യാത്രക്കാർ. വിദേശത്തേക്ക് 22.5 ലക്ഷം, ആഭ്യന്തര സഞ്ചാരികൾ 11.9 ലക്ഷം. 

∙ കോഴിക്കോട് വിമാനത്താവളത്തിൽ ആകെ യാത്രക്കാർ 24 ലക്ഷമാണ്. വിദേശത്തേക്ക് 20 ലക്ഷം പേരും ആഭ്യന്തര സഞ്ചാരികൾ നാലു ലക്ഷവും. മുൻ വർഷം ആകെ യാത്രക്കാർ 23 ലക്ഷമായിരുന്നു. വിദേശത്തേക്ക് 19,39,130 പേരും ആഭ്യന്തര സഞ്ചാരികൾ 3,66,696 പേരും. നടപ്പു സാമ്പത്തിക വർഷം വേനൽക്കാല ഷെഡ്യൂൾ പുറത്തു വന്നതോടെ ആഭ്യന്തര യാത്രക്കാരിൽ ഇക്കൊല്ലം 50% വർധനയാണു പ്രതീക്ഷിക്കുന്നത്. വി‍മാന സർവീസുകൾ ആഴ്ചയിൽ 26ൽ നിന്നു 36 ആയി കൂടുന്നു.

മൂന്നു വിമാനത്താവളങ്ങളും ചേർത്ത് ആകെ 1.528 കോടി യാത്രക്കാരുണ്ട്. മുൻ വർഷം 1.34 കോടിയായിരുന്നു യാത്രക്കാരുടെ എണ്ണം. വളർച്ചാ നിരക്ക് 13.4%.

എന്നാൽ ഇതുവരെ കേരളത്തിൽ നിന്നു യൂറോപ്പിലേക്കോ, യുഎസിലേക്കോ നേരിട്ടുള്ള വിമാന സർവീസ് ആരും ആരംഭിക്കുന്നില്ല എന്ന പോരായ്മ തുടരുകയും ചെയ്യുകയാണ്. യൂറോപ്പിലേക്കു നേരിട്ടു സർവീസ് നടത്തിയാൽ ഒരു വർഷത്തേക്ക് ലാന്റിങ്–പാർക്കിങ് ഫീസിനു പൂർണ ഇളവു സിയാൽ വാഗ്ദാനം ചെയ്തിട്ടുമുണ്ട്.