ന്യൂഡൽഹി ∙ ഫോൺ നിർമാണം ഇന്ത്യയിൽ നടത്താൻ നികുതിയിളവ് നൽകണമെന്ന ആപ്പിളിന്റെ ആവശ്യം ഇന്ത്യ ഭാഗികമായി അംഗീകരിച്ചു. ഇന്ത്യയിൽ നിർമിക്കാനാവാത്ത ഘടകങ്ങൾ ഇറക്കുമതി ചെയ്യുന്നതിന് നികുതിയിളവ് നൽകുമെന്ന് സർക്കാർ അറിയിച്ചു. ആപ്പിളിന്റെ പ്രതികരണം ലഭ്യമായിട്ടില്ല.
ഇന്ത്യയിൽ നിന്നുള്ള ഘടകങ്ങൾ ഉപയോഗിക്കുന്നതിന്റെ അളവ് ഘട്ടം ഘട്ടമായി കൂട്ടണമെന്ന നിബന്ധനയോടെയാണ് ഇളവ് നൽകുകയെന്ന് ഐടി–ഇലക്ട്രോണിക്സ് സെക്രട്ടറി അരുണ സുന്ദരരാജൻ പറഞ്ഞു.
ബെംഗളൂരുവിൽ കഴിഞ്ഞയാഴ്ച ആപ്പിൾ എസ്ഇ ഫോൺ നിർമാണം ആരംഭിച്ചിട്ടുണ്ട്. 15 വർഷം നികുതി ഒഴിവ് ഇറക്കുമതി ചെയ്യുന്ന എല്ലാ ഘടകങ്ങൾക്കും വേണമെന്നായിരുന്നു കമ്പനിയുടെ ആവശ്യം.എന്നാൽ ഇതു നിരസിച്ച സർക്കാർ, ഇന്ത്യയിൽ നിർമിക്കുന്ന ഘടകങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടമായി കൂട്ടാമെന്ന വ്യവസ്ഥ മുന്നോട്ടുവച്ചു. കമ്പനി ഇത് അംഗീകരിച്ചു. മൂന്നു വർഷം, അഞ്ച് വർഷം, ഏഴ് വർഷം, 10 വർഷം എന്നിങ്ങനെയാണ് ഘട്ടങ്ങൾ.
മൊബൈൽ ഹാൻഡ് സെറ്റ് നിർമാണത്തിൽ ഇന്ത്യൻ ഘടകങ്ങളുടെ ഉപയോഗം മൂന്നു വർഷംകൊണ്ട് 40–50% ആക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. നിലവിൽ വർഷം 90000 കോടി രൂപയ്ക്കുള്ള ഫോണുകൾ ഇന്ത്യയിൽ നിർമിക്കുന്നുണ്ടെങ്കിലും ഇതിന് ഉപയോഗിക്കുന്ന ഘടകങ്ങൾ ഭൂരിഭാഗവും വിദേശ നിർമിതമാണ്.