ടെസ്‌ല കാറിന് ഇന്ത്യയിൽ മാർഗതടസ്സം ഇല്ലെന്നു സർക്കാർ

ടെസ്‌ല മോഡൽ3

ന്യൂഡൽഹി ∙ ഇന്ത്യ പ്രവേശനം വൈകുന്നതിന്റെ കാരണം നിയമക്കുരുക്കുകളാണെന്ന ടെസ്‌ല മേധാവി എലൻ മസ്കിന്റെ വാദങ്ങൾക്കു ബലം പോരെന്നു വാണിജ്യ മന്ത്രാലയം. ഇന്ത്യയുടെ മേക്ക് ഇൻ ഇന്ത്യ പോളിസിയാണ് ടെസ്‌ലയെ ഇന്ത്യയിൽനിന്ന് അകറ്റുന്നതെന്നും 30% നിർമാണഘടകങ്ങൾ എങ്കിലും ഇന്ത്യയിൽ നിന്നു വേണമെന്ന നിയമമുള്ളതിനാലാണ് ഇന്ത്യയിലെത്താൻ വൈകുന്നതെന്നുമായിരുന്നു മസ്കിന്റെ കഴിഞ്ഞ ദിവസത്തെ ട്വീറ്റ്. 

ഇന്ത്യയിൽ അസംബിൾ ചെയ്യുന്ന മോഡൽ ത്രീ കാർ കിട്ടാൻ ബുക്ക് ചെയ്തു കാത്തിരിക്കുന്ന ആരാധകർ വെകിളി പിടിച്ചതോടെ, സർക്കാർ ഇടപെടുകയായിരുന്നു. വാണിജ്യ വ്യവസായ മന്ത്രാലയത്തിന്റെ ഔദ്യോഗിക ട്വിറ്റർ വഴിയായിരുന്നു സർക്കാരിന്റെ മറുപടി.

 30% ഇന്ത്യൻ ഘടകമെന്നത് റീട്ടെയിൽ വ്യാപാരത്തിനുള്ള ഉൽപന്നങ്ങളുടെ കാര്യത്തിലാണെന്നും കാർനിർമാതാക്കൾക്ക് അതു ബാധകമല്ലെന്നും സർക്കാർ വ്യക്തമാക്കി. ഇറക്കുമതി ചെയ്ത വസ്തുക്കളുടെ മൊത്തക്കച്ചവടത്തിന് വിദേശനിക്ഷേപനയം പോലും എതിരല്ലെന്നും മസ്കിനു മറുപടിയായുള്ള ട്വീറ്റിലുണ്ട്. 

അമേരിക്കൻ സന്ദർശനത്തിനിടെ 2015ൽ പ്രധാനമന്ത്രി നരേന്ദ്രമോദി ടെസ്‌ല മോട്ടോഴ്സ് ആസ്ഥാനവും സന്ദർശിച്ചിരുന്നു. തൊട്ടടുത്ത വർഷം തന്നെ, മോഡൽ ത്രീയുമായി 2017 ആദ്യം ഇന്ത്യയിലെത്തുമെന്ന വാഗ്ദാനം മസ്ക് നൽകി. കേരളത്തിൽ നിന്നു പോലും മോഡൽ ത്രീ കാറിന് ബുക്കിങ്ങുണ്ട്.

കഴിഞ്ഞ വർഷം ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയും ടെസ്‌ല പ്ലാന്റ് സന്ദർശിച്ചു. ഇന്ത്യയെ ഏഷ്യയുടെ നിർമാണ കേന്ദ്രമാക്കണമെന്നായിരുന്നു മസ്കിനോടു ഗഡ്കരി ആവശ്യപ്പെട്ടത്. തുറമുഖ നഗരങ്ങളിൽ തന്നെ ടെസ്‌ലയ്ക്കു സ്ഥലം അനുവദിക്കാമെന്നു വാഗ്ദാനം നൽകുകയും ചെയ്തു. 

ടെസ്‌ലയുടെ ഏറ്റവും വില കുറഞ്ഞ കാറാണ് മോഡൽ ത്രീ. 23.2 ലക്ഷം രൂപയാണ് ഈ വൈദ്യുത കാറിന്റെ വില.