Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

നവകേരള മിഷന് കേന്ദ്രസഹായം വേണമെന്ന് മുഖ്യമന്ത്രി

nava-kerala-mission

തിരുവനന്തപുരം∙ സംസ്ഥാന സർക്കാരിന്റെ നവകേരള മിഷനും ദേശീയ ജലപാത അടക്കമുള്ള പ്രധാന വികസന പദ്ധതികൾക്കും കേന്ദ്രസഹായം ഉറപ്പാക്കാമെന്നു നിതി ആയോഗ്. മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രി തോമസ് ഐസക്, വകുപ്പു സെക്രട്ടറിമാർ എന്നിവരുമായുള്ള ചർച്ചയിലാണു നിതി ആയോഗ് അംഗം ഡോ. വി കെ.സാരസ്വത് ഉറപ്പുനൽകിയത്. 

കേരളം ഉന്നയിച്ച മറ്റ് ആവശ്യങ്ങൾ: തൊഴിലുറപ്പുപദ്ധതിയിൽ കേന്ദ്രത്തിൽനിന്നു കിട്ടാനുള്ള 700 കോടി രൂപ ഉടൻ ലഭ്യമാക്കണം. കോവളം മുതൽ കാസർകോട് വരെ ദേശീയ ജലപാത നിർമിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

റോഡുകളിലെ തിരക്കും അന്തരീക്ഷ മലിനീകരണവും കുറയ്ക്കാൻ സഹായിക്കുന്ന ഇൗ പദ്ധതിക്കും സഹായം വേണം. കേന്ദ്രത്തിന്റെ വ്യവസായ ഇടനാഴി പദ്ധതിയിൽ ഉൾപ്പെടുത്തി കോയമ്പത്തൂരിൽ നിന്നു കൊച്ചിയിലേക്കു വ്യവസായ ഇടനാഴി നിർമിക്കാൻ‌ കേന്ദ്രം സഹകരിക്കണം. 

ഇപ്പോൾ ചെന്നൈ-ബെംഗളൂരു ഇടനാഴിയാണു കേന്ദ്രം അംഗീകരിച്ചിട്ടുള്ളത്. കൊച്ചി റിഫൈനറിയുടെ വികസനം പൂർത്തിയാകുന്നതു കണക്കിലെടുത്തു കൊച്ചിയിൽ പെട്രോ കെമിക്കൽ കോംപ്ലക്സ് സ്ഥാപിക്കാനും സഹായം അനുവദിക്കണം. 

പ്രധാനമന്ത്രിയുടെ ഉപദേശത്തിന്റെ കൂടി അടിസ്ഥാനത്തിലാണു കണ്ണൂരിൽ രാജ്യാന്തര ആയുർവേദ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇൗ പദ്ധതിക്കും കൊച്ചിയിലടക്കം മൂന്ന് ഇലക്ട്രോണിക് പാർക്കുകൾ നിർമിക്കാനും സഹായം ലഭ്യമാക്കണം. അടൽ ഇന്നവേഷൻ മിഷന്റെ പദ്ധതികൾ സ്വകാര്യ സ്കൂളുകൾക്കു നൽകുന്നതിനെ മുഖ്യമന്ത്രി എതിർത്തു. 

ആവശ്യങ്ങളെല്ലാം കേന്ദ്രം പരിഗണിക്കുമെന്നു യോഗത്തിൽ ഡോ. സാരസ്വത് അറിയിച്ചു. നിതി ആയോഗിൽ കേരളത്തിന്റെ ചുമതലയുള്ള ഉപദേഷ്ടാവ് ഡോ. യോഗേശ്വരി, ഡയറക്ടർ നീരജ് സിംഗാൾ, ചീഫ് സെക്രട്ടറി നളിനി നെറ്റോ, ആസൂത്രണ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി വി.എസ്.സെന്തിൽ തുടങ്ങിയവർ പങ്കെടുത്തു.