ന്യൂഡൽഹി ∙ രാജ്യത്തെ കർഷകരുടെ വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം സാധ്യമാക്കാൻ പ്രകൃതി സൗഹൃദ കൃഷിയുടെ പ്രയോക്താവായ സുഭാഷ് പലേക്കറുടെ സഹായം കേന്ദ്രസർക്കാർ തേടി. ചെലവില്ലാ (സീറോ ബജറ്റ്) പ്രകൃതി കൃഷി മാതൃക സുഭാഷ് പലേക്കർ നിതി ആയോഗിൽ അവതരിപ്പിച്ചു.
പലേക്കറുടെ രീതിയുടെ ശാസ്ത്രീയത ഇന്ത്യൻ കാർഷിക ഗവേഷണ കൗൺസിൽ (െഎസിഎആർ) വിലയിരുത്തും. തൃപ്തികരമായ രീതിയിലുള്ള മാതൃക വികസിപ്പിച്ചു പദ്ധതി നടപ്പാക്കാൻ സംസ്ഥാനങ്ങളോട് ആവശ്യപ്പെടുമെന്നു കേന്ദ്ര കൃഷി സഹമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്ത് പറഞ്ഞു. പ്രകൃതി കൃഷി പദ്ധതിക്കു കേന്ദ്രം പ്രത്യേക ധനസഹായം നൽകില്ല. നിലവിലെ കേന്ദ്ര പദ്ധതികളിൽനിന്നുള്ള പണം വിനിയോഗിക്കാം. 2022ന് അകം കൃഷിയിൽനിന്നുള്ള വരുമാനം ഇരട്ടിയാക്കുകയെന്ന ലക്ഷ്യം നേടണമെങ്കിൽ കൃഷിരീതിയിൽ സമൂലമാറ്റം വരേണ്ടതുണ്ടെന്നു നിതി ആയോഗ് ഉപാധ്യക്ഷൻ രാജീവ് കുമാർ പറഞ്ഞു.
കൃഷിച്ചെലവു മാത്രമല്ല, മണ്ണിന്റെ നിലവാരം കുറയുന്നതും തടയണം. അതിനുള്ള മികച്ച രീതിയാണു പലേക്കറുടേത്. ഇന്ത്യയ്ക്കു മാത്രമല്ല, ലോകത്തിനാകെ പ്രയോഗിക്കാവുന്ന മാതൃകയാണിതെന്നും രാജീവ് കുമാർ പറഞ്ഞു.