ചിറ്റിലഞ്ചേരി (പാലക്കാട്) ∙ ഓണം, ബക്രീദ് ആഘോഷ വേളയിൽ പാലിനും പാലുൽപന്നങ്ങൾക്കും ക്ഷാമം നേരിടാതിരിക്കാൻ മിൽമ മലബാർ മേഖല യൂണിയൻ നടപടി തുടങ്ങി. സെപ്റ്റംബർ ഒന്നു മുതൽ അഞ്ചുവരെ 54 ലക്ഷം ലീറ്റർ പാലും 11 ലക്ഷം ലീറ്റർ തൈരും വിപണിയിലെത്തിക്കാനുള്ള സംവിധാനമാണു മിൽമ ഒരുക്കിയിട്ടുള്ളത്. ബക്രീദ്, ഉത്രാടം, തിരുവോണം ദിവസങ്ങളിലേക്കുള്ള പാലാണ് അധികവിൽപനയായി അധികൃതർ പ്രതീക്ഷിക്കുന്നത്.
പാലക്കാട്, കോഴിക്കോട്, കാസർകോട്, വയനാട്, മലപ്പുറം, കണ്ണൂർ ജില്ലകളിൽ നിന്നായി ഇപ്പോൾ ദിനംപ്രതി ക്ഷീരസംഘങ്ങളിലൂടെ 6.37 ലക്ഷം ലീറ്റർ പാലാണു മിൽമയിലെത്തുന്നത്. ഇതിൽ അഞ്ചു ലക്ഷം ലീറ്ററാണു മലബാറിൽ വിൽക്കുന്നത്. അര ലക്ഷത്തോളം ലീറ്റർ തൈരിനായി ഉപയോഗിക്കും.ബാക്കിയുള്ള പാൽ എറണാകുളം, തിരുവനന്തപുരം യൂണിയനുകളിലേക്കാണു നൽകുന്നത്. ഓണവേളയിൽ ഈ യൂണിയനുകളിലേക്കു പാൽ നൽകുന്നതു നിർത്തും.
കൂടുതൽ ആവശ്യമുള്ള പാൽ കർണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലെ നന്ദിനി, ആവിൻ എന്നീ മിൽക്ക് മാർക്കറ്റിങ് ഫെഡറേഷനിൽ നിന്ന് ഗുണമേന്മ ഉറപ്പു വരുത്തി വാങ്ങും. ഇപ്പോൾ 10 ലക്ഷം ലീറ്റർ പാലാണു ചോദിച്ചിട്ടുള്ളത്. ആവശ്യമെങ്കിൽ അതും അവിടെ നിന്നു വാങ്ങും. ഓണസമയത്ത് പ്രാദേശിക വിൽപന കൂടുതലുണ്ടായാൽ മിൽമയിലേക്ക് എത്തുന്ന പാലിന്റെ അളവിൽ കുറവുണ്ടാവും. ഇതും കണക്കിലെടുത്താണ് അധികൃതർ തീരുമാനങ്ങൾ എടുക്കുന്നത്.
കൂടുതൽ പാലും തൈരുമെത്തിക്കുന്നതോടെ അവ ശീതീകരിച്ചു സൂക്ഷിക്കാനുള്ള അധിക സൗകര്യവുമൊരുക്കും. ഐസ്ക്രീം, നെയ്യ്, പേഡ തുടങ്ങിയവ വിപണിയിലെത്തിക്കാൻ പ്രത്യേക വാഹനങ്ങൾ ഏർപ്പെടുത്തുമെന്നു യൂണിയൻ മാനേജിങ് ഡയറക്ടർ ഇൻ ചാർജ് വി.എൻ.കേശവൻ അറിയിച്ചു.