Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

ക്ഷീരകർഷകരുടെ പ്രതിസന്ധിക്ക് ആശ്വാസം; ലീറ്ററിന് 1 രൂപ കൂട്ടാൻ മിൽമ

milma-milk

കൊച്ചി ∙ പ്രളയക്കെടുതി മൂലം ക്ഷീരകർഷകർക്കുണ്ടായ പ്രതിസന്ധിക്ക് ആശ്വാസമായി ഡിസംബർ 1 മുതൽ മിൽമയ്ക്കു നൽകുന്ന പാലിന് ലീറ്ററിനു 1 രൂപ അധികവില നൽകുമെന്നു എറണാകുളം മേഖല യൂണിയൻ ചെയർമാൻ പി.എ.ബാലൻ അറിയിച്ചു. എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ ജില്ലകളിലെ കർഷകർക്കു ആനുകൂല്യം ലഭിക്കും. ക്ഷീര സംഘങ്ങൾക്കു സഹായമായി ലീറ്ററിന് 50 പൈസ വീതവും ക്ഷീര സംഘങ്ങൾക്കു മേഖല യൂണിയനിലെ ഓഹരി വർധിപ്പിക്കുന്നതിനു വേണ്ടി ലീറ്ററിനു 50 പൈസ വേറെയും നൽകും.

സംഘങ്ങൾ വഴി വിതരണം ചെയ്യുന്ന വൈക്കോലിനു കിലോയ്ക്കു 2 രൂപ വീതം സബ്സിഡി നൽകും. പ്രളയത്തിൽ പശുക്കളെ നഷ്ടപ്പെട്ട 618 കർഷകർക്ക‌് 10,000 രൂപ വീതം നൽകി. ആകെ 1.27 കോടി രൂപ ദുരിത ബാധിതർക്ക‌ു വിതരണം ചെയ‌്തതായും അധികൃതർ പറഞ്ഞു. മിൽമ എറണാകുളം യൂണിയന്റെ പുതിയ ഉൽപന്നമായ മിൽമ ലസിയുടെ വിപണനോദ്ഘാടനം 26ന് ടൗൺഹാളിൽ നടക്കുന്ന ദേശീയ ക്ഷീര ദിനാഘോഷ ചടങ്ങിൽ നടക്കും.

ദിനാഘോഷത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം മന്ത്രി.കെ.രാജു നിർവഹിക്കും. മിൽമ ചെയർമാൻ‌ പി.ടി.ഗോപാലക്കുറുപ്പ് അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ മികച്ച ക്ഷീര കർഷകനും ക്ഷീരസംഘത്തിനുമുളള പുരസ്കാരങ്ങളും വിതരണം ചെയ്യും. മിൽമ വൈകാതെ ടെട്രാപാക്കിൽ പാൽ വിപണയിലെത്തിക്കുമെന്നും ചെയർമാൻ അറിയിച്ചു.